March 21, 2023 Tuesday

Related news

February 23, 2023
December 29, 2022
November 18, 2022
November 12, 2022
November 7, 2022
November 2, 2022
October 29, 2022
October 19, 2022
October 17, 2022
October 13, 2022

സിഎഎക്കെതിരെ യുഎൻ

Janayugom Webdesk
ന്യൂഡൽഹി
March 3, 2020 10:15 pm

മോഡി സർക്കാർ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐക്യരാഷ്ട്ര സഭ (യുഎൻ) മനുഷ്യാവകാശ കൗൺസിൽ സുപ്രീം കോടതിയിൽ ഇടപെടൽ ഹർജി (ഇന്റർവെൻഷൻ ആപ്ലിക്കേഷൻ) സമർപ്പിച്ചു. യുഎൻ മനുഷ്യാവകാശ കമ്മിഷണർ മിഷേൽ ബാച്‌ലെ ആണ് പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം വിവിധ അന്താരാഷ്ട്ര സംഘടനകളിൽ ഇന്ത്യ അംഗീകരിച്ചിട്ടുള്ള ചട്ടങ്ങൾക്കും കരാറുകൾക്കും വിരുദ്ധമാണെന്നും മിഷേൽ ബാച്‌ലെ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ ദിശയിൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കി പ്രശ്നം പരിഹരിക്കുന്നതിന് അമിക്കസ്‌ക്ക്യൂറിയെ നിയോഗിക്കണം. മനുഷ്യാവകാശ സംരക്ഷണത്തിനും അതുമായി ബന്ധപ്പെട്ട നിയമങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ബാധ്യത യുഎൻ മനുഷ്യാവകാശ കമ്മിഷനുണ്ട്. ഇതിൽ ലംഘനമുണ്ടായാൽ ബന്ധപ്പെട്ട രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ആഭ്യന്തര കോടതികളെ സഹായിക്കാനുള്ള ബാധ്യതയും യുഎന്നിനുണ്ട്. ഇക്കാര്യം യുഎൻ ചാർട്ടറിൽ വ്യക്തമായി പറയുന്നുണ്ട്.

മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായ സാഹചര്യങ്ങളിലെല്ലാം യുഎൻ വിവിധ രാജ്യങ്ങളിലെ കോടതികളെ സമീപിച്ചിട്ടുണ്ട്. വിവിധ മനുഷ്യാവകാശ വിഷയങ്ങളിൽ യുറോപ്യൻ കോർട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ്, ഇന്റർനാഷണൽ ക്രിമിനൽ കോടതി, യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതി, വിവിധ ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ പരമോന്നത നീതിപീഠങ്ങളേയും സമീപിച്ചിട്ടുണ്ട്. പീഡിതരായ കുടിയേറ്റക്കാർക്ക് പൗരത്വം അനുവദിക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ മതത്തിന്റെ പേരിൽ ഒരു പ്രത്യേക വിഭാഗത്തെ പുതിയ ഭേദഗതി നിയമത്തിൽ ഒഴിവാക്കിയത് സുപ്രീം കോടതി പരിശോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ രീതിയിൽ നിയമം നടപ്പാക്കിയാൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാകും ഉണ്ടാകുന്നത്. നിയമത്തിന്റെ മുന്നിൽ എല്ലാപേരും തുല്യരാണ് എന്ന അടിസ്ഥാന ഭരണഘടനാ തത്വമാണ് പുതിയ നിയമത്തിലൂടെ ലംഘിക്കപ്പെടുന്നതെന്നും ഹർജിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിൽ മതത്തിന്റെ പേരിൽ വിവേചനം സൃഷ്ടിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിൽ സുപ്രീം കോടതി അടയന്തരമായി ഇടപെടണമെന്നാണ് യുഎൻ മനുഷ്യാവകാശ കമ്മിഷൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നത്. മതം, ജാതി, വംശം എന്നിവയിലെ വ്യത്യാസങ്ങൾക്ക് ഉപരിയായി കുടിയേറ്റക്കാർക്ക് നിയമം അനുശാസിക്കുന്ന തുല്യതയും മനുഷ്യാവകാശങ്ങളും ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിലൂടെ ഒരു പ്രത്യേക മതക്കാർക്ക് ഇതൊക്കെ നിഷേധിക്കുന്ന അവസ്ഥയുണ്ടാകും. ഇന്ത്യകൂടി ഒപ്പിട്ട അന്താരാഷ്ട്ര സിവിൽ ആന്റ് പൊളിറ്റിക്കൽ റൈറ്റ്സ് ഉടമ്പടി, അന്താരാഷ്ട്ര ഇക്കണോമിക്- സോഷ്യൽ ആന്റ് കൾച്ചറൽ ഉടമ്പടി, കൺവൻഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് എന്നിവയുടെ നഗ്നമായ ലംഘനമാണ് മോ‍ഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം. ഒരു രാജ്യത്ത് മതത്തിന്റെ പേരിലുള്ള വിവേചനം അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ്. അന്താരാഷ്ട്ര ചട്ടങ്ങൾക്ക് വിധേയമായി പൗരത്വം അനുവദിക്കുന്നതിനുള്ള പരമാധികാരം ബന്ധപ്പെട്ട സർക്കാരുകൾക്കാണ്. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഈ ദിശയിലുള്ളതല്ലെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ മോഡി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ ഇടപെടുകയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് യുഎൻ മനുഷ്യാവകാശ കമ്മിഷണർ സുപ്രീം കോടതിയിൽ സമർച്ചിച്ച അപേക്ഷയിൽ ആവശ്യപ്പെട്ടത്.

 

ENGLISH SUMMARY: Unit­ed Nations Human Rights Coun­cil at Supreme Court

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.