January 28, 2023 Saturday

ഐക്യം വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല

Janayugom Webdesk
April 19, 2020 4:10 am

വേറെ പോംവഴിയില്ലാത്ത സാഹചര്യത്തിൽ രാജ്യത്ത് ലോക്ഡൗൺ മെയ് മൂന്നുവരെ ദീർഘിപ്പിച്ചു. ഇതിന്റെ പിന്നിലെ യുക്തി ആർക്കും ചോദ്യം ചെയ്യാനും കഴിയില്ല. ലോക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ സാധാരണക്കാരന്റെ കഷ്ടപ്പാടുകൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡ‍ി വാചാലനായി. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. എന്നാൽ അവരുടെ കഷ്ടത അകറ്റുന്നതിനുള്ള ഒന്നുംതന്നെ അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ടായിരുന്നില്ല. സാമൂഹ്യ അകലം, ലോക്ഡൗൺ എന്നിവയുടെ ആവശ്യകത സംബന്ധിച്ചാണ് അദ്ദേഹം പറഞ്ഞത്. ഇത് തികച്ചും ശരിയായ സമീപനമാണ്. എന്നാൽ പാവപ്പെട്ട ജനങ്ങളെ സംബന്ധിച്ചിടത്തോളം ലോക്ഡൗണുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വിശപ്പാണ് അവരുടെ പ്രാഥമിക ആശങ്ക. അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ള ദിവസ വേതനക്കാരാണ് രാജ്യത്തെ തൊഴിലാളികളിൽ 50 ശതമാനവും.

വിദൂര പ്രദേശങ്ങളിൽ നിന്നും തൊഴിൽ തേടിയാണ് ഇവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്. ഇവരാണ് രാജ്യത്തെ ഷോപ്പിങ് മാളുകളും കൺവെൻഷൻ സെന്ററുകളും നിർമ്മിക്കുന്നത്. ഇവരാണ് കഷ്ടതയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ. ജീവിതകാലം മുഴുവൻ ഇവർ അവഗണിക്കപ്പെട്ട് കഴിയേണ്ടിവരുന്നു. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇവരുടെ കഷ്ടത ആരും പരിഗണിച്ചില്ല. ഈ പാവപ്പെട്ടവർ കാരണമല്ല രാജ്യത്ത് കൊറോണ വൈറസ് എത്തിയത്. വിദേശ യാത്രകൾ നടത്താൻ കെൽപ്പുള്ളവരാണ് വൈറസ് ഇന്ത്യയിൽ എത്തിച്ചത്. വൈറസ് വ്യാപനം സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകൾ ഗൗരവത്തിലെടുക്കാൻ സർക്കാർ തയ്യാറായില്ല. എന്നാൽ കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ച ആദ്യ രാജ്യം ഇന്ത്യയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നത്. എന്നാൽ മധ്യപ്രദേശിലെ രാഷ്ട്രീയ നാടകത്തിന്റെ വിജയം കാണുന്നതുവരെ സർക്കാർ ഇക്കാര്യത്തിൽ അമാന്തം കാണിച്ചു. ഈ വേളയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ വൈറസ് കീഴടക്കികഴിഞ്ഞു. മഹാമാരിയുടെ വ്യാപ്തിക്ക് അനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്താൻ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് കഴിഞ്ഞില്ല. ഇപ്പോഴും ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, പാരാ മെഡിക്കൽ ജീവനക്കാർ തുടങ്ങിയവർ കൊറോണ വ്യാപനം തുടയുന്നതിനുള്ള യുദ്ധമുഖത്താണ്. സർക്കാരിന്റെ നിസംഗതയ്ക്ക് വില നൽകേണ്ടി വരുന്നത് ഇവർക്കാണ്. സർക്കാർ ഇതുവരെ 1.7 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് മാത്രമാണ് പ്രഖ്യാപിച്ചത്. സഹായ പാക്കേജ് മോഡി സർക്കാരിന്റെ മഹാമനസ്കതയാണെന്ന് സർക്കാർ അനുകൂലികൾ വാഴ്ത്തി പാടുന്നു. എന്നാൽ ഇത് അസത്യമാണ്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ വളരെ നിസാരമായ പങ്ക് മാത്രമാണ് ഉത്തേജക പാക്കേജായി മോഡി സർക്കാർ പ്രഖ്യാപിച്ചത്. രാജ്യത്തെ കഷ്ടപ്പെടുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസം എത്തിക്കാനുള്ള സത്വര നടപടികളാണ് ഉണ്ടാകേണ്ടത്. അതിഥി തൊഴിലാളികൾക്കുപുറമെ ഗാർഹിക തൊഴിലാളികൾ, റിക്ഷാവലിക്കുന്നവർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് സഹായം എത്തിക്കണം. 500 രൂപ വീതം നൽകുമെന്ന പ്രഖ്യാപനം ആവിയായി. വിവിധ സാങ്കേതിക കാരണങ്ങളാൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ദശലക്ഷക്കണിന് പേർക്ക് ഇനിയും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ സാങ്കേതിക തടസങ്ങൾ ഒഴിവാക്കണം. രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇതുണ്ടായില്ലെങ്കിൽ ഇന്ത്യയിൽ പട്ടിണി മരണങ്ങളുണ്ടാകും. പട്ടിണിപാവങ്ങൾക്കായി സ്വാതന്ത്യ്രം ലഭിച്ചതിന് ശേഷം ആകെ രൂപീകരിച്ച ഒരു പദ്ധതിയാണ് മഹാത്മാ ഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതി. ഇതിന്റെ കൂലിയും തൊഴിൽ ദിനങ്ങളുടെ എണ്ണവും വർധിപ്പിക്കണം. ദയനീയമായ അവസ്ഥയിൽ ഇവരുടെ ജൻധൻ അക്കൗണ്ടുകളിൽ 2000 രൂപ വീതം നിക്ഷേപിക്കാൻ സർക്കാർ തയ്യാറകണം.

ജൻധൻ പദ്ധതിയിൽ ഉൾപ്പെടാത്താവർക്കും ഈ ആനുകൂല്യം ലഭ്യമാക്കണം. വേനൽകാലത്തിന്റെ ചൂട് ഇവരുടെ ജീവിതം കൂടുതൽ ദുസഹമാക്കുന്നു. സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ ഇത് അനിവാര്യമാണ്. ജനങ്ങളുടെ പക്കൽ പണം ഉണ്ടെങ്കിൽ സമ്പദ് വ്യവസ്ഥ സ്വമേധയാ കാര്യക്ഷമമാകും. പാവപ്പെട്ടവന്റെ കയ്യിൽ പണം എത്തുക എന്നതാണ് ഇന്ത്യൻ സാഹചര്യത്തിൽ അനിവാര്യമായത്. എന്നാൽ ഇക്കാര്യം പ്രാധാന്യത്തോടെ എടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ലിംഗ വിവേചനം, യുക്തിരഹിതമായ നിലപാടുകൾ എന്നിവയൊക്കെ ലോക്ഡൗൺ കാലത്തെ പാവപ്പെട്ടവന്റെ ജീവിതം കൂടുതൽ ദുസഹമാക്കി. ഗാർഹിക പീഢനങ്ങളിലെ വർധന സ്ത്രീകളുടെ ജീവിതം കൂടുതൽ ദുസഹമാക്കുന്നു. കൊറോണ വ്യാപനത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. എന്നാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള വിവേചനം തുടരുന്നു. ഇസ്‌ലാമിക വിരോധമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. മുസ്‌ലിങ്ങളുടെ കടകൾ ചിലയിടങ്ങളിൽ തുറക്കാൻ പോലും അനുവദിക്കുന്നില്ല. ഇത്തരത്തിലുള്ള നാണം കെട്ട സംഭവങ്ങൾ നിയന്ത്രിക്കാനുള്ള ഭരണഘടനാ ബാധ്യത സർക്കാരിനുണ്ട്. ഈ സാഹചര്യത്തിൽ രണ്ട് രാഷ്ട്രീയ ചിന്താധാരകളുടെ വ്യത്യാസമാണ് പ്രകടമാകുന്നത്. കൊറോണ പ്രതിരോധത്തിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നടപടികൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നു. കൊറോണ പ്രതിരോധത്തിൽ മാത്രമല്ല ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലും കേരള മോഡൽ മാതൃകയാക്കണം. ഐക്യത്തിലൂടെ മാത്രമേ ഇപ്പോഴത്തെ യുദ്ധം ഇന്ത്യക്ക് വിജയിക്കാൻ കഴിയൂ. ജനങ്ങളുടെ ഐക്യത്തിന് വിഘാതമാകുന്ന വാക്കുകളും ചെയ്തികളും തികച്ചും ദേശവിരുദ്ധമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.