Web Desk

തിരുവനന്തപുരം

June 05, 2020, 9:27 pm

യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാൻ സർവകലാശാലകൾ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

Janayugom Online

യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന് സർവകലാശാലകൾക്ക് നല്ല പങ്ക് വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കായി സംസ്ഥാന സർക്കാരുമായി കൈകോർത്ത് കേരള സർവകലാശാല നടത്തുന്ന ഹരിതാലയം പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള സർവകലാശാല പോലെ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം തന്നെ ഇത്തരമൊരു ബൃഹദ് പദ്ധതിയുമായി കൈകോർക്കുമ്പോൾ ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകർഷിക്കാനാകും. കാർഷിക പ്രവർത്തനങ്ങളെക്കുറിച്ചും കാർഷിക മേഖലയെ കുറിച്ചും കൂടുതൽ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഇത്തരമൊരു ചുവടുവയ്പ്പ് സ്വാഭാവികമായും വഴിവയ്ക്കും. അത് കാർഷികോൽപാദനം വർധിപ്പിക്കുന്നതിനും കാർഷിക മേഖലയിൽ നൂതന രീതികൾ അവലംബിക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവർത്തനങ്ങളാണ് നാലു വർഷമായി ചിട്ടയോടെ സർക്കാർ നടപ്പാക്കിവരുന്നത്. സുഭിക്ഷ കേരളം പദ്ധതി വഴി കൃഷിയിലേക്ക് ചെറുപ്പക്കാരെ ആകർഷിക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ജനകീയ കാമ്പയിനായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി വിജയിപ്പിക്കാൻ മുഴുവൻ ആളുകളും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കേരള സർവകലാശാലയിലെ കാര്യവട്ടം കാമ്പസിലെ 365 ഏക്കർ സ്ഥലത്തായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആൻഡമാൻ നിക്കോബാറിൽ നിന്നുള്ള സസ്യം പ്രൊ വൈസ് ചാൻസലർ ഡോ. അജയകുമാർ പി പി മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകി. ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിന് മാതൃകാപരമായ ചുവടുവയ്പ്പ് കേരള സർവകലാശാല നടത്തുന്നതെന്ന് ജൈവ വൈവിധ്യ കേന്ദ്രം കാര്യവട്ടം കാമ്പസിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ പറഞ്ഞു.
കാര്യവട്ടം കാമ്പസിലെ കൃഷിക്ക് സാങ്കേതികമായ ഉപദേശ നിർദേശങ്ങൾ കൃഷി വകുപ്പിനെ ചുമതലപ്പെടുത്തിയതായി 20 ഏക്കർ നെൽകൃഷി ഉദ്ഘാടനം നിർവഹിച്ച കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. ഇവിടം നെൽവിത്തുല്പാദന കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ആൻഡമാൻ — നിക്കോബാർ വൃക്ഷ ഉദ്യാനം സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. യുവതലമുറയെക്കൊണ്ട് കൃഷി അഭിമാനകരമാണ് എന്ന ചിന്തിപ്പിക്കാൻ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായെന്ന് മന്ത്രി പറഞ്ഞു. കാമ്പസിലെ 1000 തെങ്ങിൻ തൈയുടെ ഉദ്ഘാടനം മേയർ കെ ശ്രീകുമാർ നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള പങ്കെടുത്തു.

Eng­lish sum­ma­ry: uni­ver­si­ties come for­ward to attract youth to agriculture

you may also like this video