പൂമാല കൊടുത്തോളൂ, കൊലക്കത്തിയരുത്‌

Web Desk
Posted on July 17, 2019, 10:19 pm
Mattoli
”വിദ്യാഭ്യാസം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. എന്നാല്‍ അതിന് രാഷ്ട്രീയമായി നിഷ്പക്ഷമാവാന്‍ കഴിയില്ല. അത് ആധിപത്യത്തിനോ വിമോചനത്തിനോ വേണ്ടിയുള്ള ഉപാധിയുമല്ല. എന്നാല്‍ വിദ്യാഭ്യാസം അടിച്ചമര്‍ത്തലുകളില്‍ നിന്ന് സ്വതന്ത്രമാക്കുന്ന ഒരു സാംസ്‌കാരികോപാധിയാണ്, പഠിതാക്കള്‍ക്ക് സ്വന്തം ഭാഗധേയം നിശ്ചയിക്കാനുള്ള കരുവുമാണ്. പഠിക്കുക, പോരാടുക.”
-പൗലോ റഗ്ലസ് നെവസ് ഫ്രെയറി (1921–97)

ബ്രസീലിയന്‍ വിദ്യാഭ്യാസ വിചക്ഷണനും ഇടതുപക്ഷ അനുഭാവമുള്ള തത്വചിന്തകനുമായ പൗലോ ഫ്രെയറിയുടെ ദര്‍ശനങ്ങളെ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് 1970 ല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ) എന്ന സിപിഐഎമ്മിന്റെ വിദ്യാര്‍ഥി സംഘടന രൂപീകൃതമായിരിക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവ ലക്ഷ്യങ്ങളാക്കി രൂപംകൊണ്ട സംഘടനയുടെ വര്‍ത്തമാനകാല മുഖമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് 2019 ല്‍ കേരള സമൂഹം ഇപ്പോള്‍ ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ യഥാ രാജ തഥാ പ്രജയെന്നൊരു പഴംചൊല്ലിനും സാംഗത്യമുണ്ട്.
ഇപ്പോള്‍ അഖില്‍ എന്ന മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചിരിക്കുകയാണ്. എസ്എഫ്‌ഐക്കാരനായ അഖിലിനെ കൊല്ലാന്‍ ശ്രമിച്ചത് കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണ്. അരുനിന്നത് യൂണിറ്റ് സെക്രട്ടറി നസീമും മറ്റ് സംഘാംഗങ്ങളും. അഖില്‍ ചെയ്ത കുറ്റം ക്യാന്റീനില്‍ ഇരുന്ന് പാട്ടുപാടിയെന്നതാണ്. അത് കുട്ടിസഖാക്കളില്‍ ഉള്‍പ്പെട്ട ഒരു പെണ്‍കുട്ടിക്ക് പിടിച്ചില്ലത്രേ! അഖില്‍ ദേശീയ അത്‌ലറ്റിക് ചാമ്പ്യനാണ്. കുത്തേറ്റതോടെ ഈ രംഗത്തെ ഇയാളുടെ ഭാവി ആശങ്കയിലായി. കൊലചെയ്യാന്‍ ശ്രമിച്ച ശിവരഞ്ജിത് ആകട്ടെ പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ ഒന്നാം റാങ്കുകാരന്‍, നസിം 28-ാം റാങ്കുകാരന്‍. നിയമം ശരിയായ വഴിയില്‍ ചലിച്ചാല്‍ രണ്ടുപേരുടേയും ഭാവി അസ്തമിച്ചു എന്നുപറയാം. ജന്മനാ കുറ്റവാസനയുള്ള ഇരുവരും അത്തരം പശ്ചാത്തലമുള്ള കുടുംബ സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരാണെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഈ ഘടകങ്ങള്‍ വരുംകാലങ്ങളില്‍ അവരെ വേട്ടയാടിക്കൊണ്ടുമിരിക്കും.
പഠന സാഹചര്യങ്ങള്‍ യൂണിവേഴ്‌സിറ്റി കോളജില്‍ ഇല്ലെന്നും എസ്എഫ്‌ഐക്കാര്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നും കത്തെഴുതിവച്ച് 2019 മെയ് മൂന്നിന് കോളജില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആ സംഭവം ഏതാണ്ട് ഒതുക്കിതീര്‍ത്തു. പെണ്‍കുട്ടിയാകട്ടെ ഭാവിയെക്കരുതി മറ്റൊരു കോളജില്‍ പ്രവേശനവും നേടി.
2018 ഡിസംബര്‍ 12ന് യൂണിവേഴ്‌സിറ്റി കോളജിലെ ചില വിദ്യാര്‍ഥികള്‍ നഗരത്തില്‍ രണ്ട് പൊലീസുകാരെ മര്‍ദ്ദിച്ച് അവശരാക്കിയ സംഭവം വിവാദമായിരുന്നു. ഇപ്പോഴത്തെ കുത്തുകേസില്‍ പ്രതിയായ നിസാമാണ് ഇതിലും മുഖ്യപ്രതി. അന്ന് എല്ലാ തെളിവുകളുമുണ്ടായിട്ടും പൊലീസുകാരനെ തല്ലിയ പ്രതിയെ പിടികൂടാന്‍ പൊലീസ് അലംഭാവം കാട്ടി. പ്രതി ഒളിവിലാണ് എന്നായിരുന്നു ഭാഷ്യം. എന്നാല്‍ പ്രതി നിസാം മന്ത്രി എ കെ ബാലന്റെ പ്രസംഗവേദിക്ക് മുന്നിലിരിക്കുന്ന ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തല്ല് കൊണ്ട പൊലീസുകാര്‍ പിന്‍വാങ്ങാത്തതിനാല്‍ കേസ് ഒതുക്കിതീര്‍ക്കാനായില്ലെന്ന് മാത്രം.
2017 ഫെബ്രുവരി ഒന്‍പതിന് രണ്ട് പെണ്‍കുട്ടികളെ കോളജിനുള്ളില്‍ എസ്എഫ്‌ഐക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കോളജിലെ കലാപരിപാടി കാണാന്‍ സുഹൃത്തായ ഒരു കലാപ്രവര്‍ത്തകനെ കാമ്പസില്‍ കൂട്ടിക്കൊണ്ടുവന്നുവെന്നതായിരുന്നു കുറ്റം. പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാക്രമണ ശ്രമം വരെയുണ്ടായി എന്നും പരാതി ഉയര്‍ന്നിരുന്നു.
2016 ഒക്‌ടോബര്‍ 18ന് അജ്മല്‍ എന്ന ദേശീയ സൈക്കിളിസ്റ്റ് ചാമ്പ്യനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. അയാള്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അജ്മല്‍ ഒരു ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അഞ്ച് ദിവസം മാത്രം ശേഷിക്കെയായിരുന്നു ആക്രമണം. അതോടെ അജ്മലിന്റെ സ്വപ്‌നങ്ങള്‍ തല്ലിക്കൊഴിക്കപ്പെട്ടു. 2014 നവംബറില്‍ കോളജ് ഇലക്ഷനില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശം നല്‍കിയതിന് എം എസ് സനോജ് എന്ന വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചു.
എഐഎസ്എഫ് സ്ഥാനാര്‍ഥി മണിമേഖലയുടെ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ കൂട്ടുപോയ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അരുണ്‍ ബാബുവിന്റെ ഉടുതുണി വലിച്ചൂരി കോളജിലെ എസ്എഫ്‌ഐക്കാര്‍ പ്രകടനം നടത്തിയത് മറ്റൊരു സംഭവം.
പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വിദ്യാര്‍ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാര്‍ഥിയുടെ മുതുകില്‍ എസ്എഫ്‌ഐ എന്ന് ചാപ്പകുത്തിയതും കോളജ് കാമ്പസുകളിലെ സര്‍ഗാത്മക ബഹുസ്വരത എന്ന സങ്കല്‍പത്തിനേറ്റ തിരിച്ചടിയായിരുന്നു. ഈ സംഭവങ്ങളൊക്കെ പരാതിയായതുകൊണ്ടു മാത്രമാണ് വിവാദമായതും പുറത്തറിഞ്ഞതും. ഒതുക്കപ്പെട്ടതും അമര്‍ത്തപ്പെട്ടതും വായടപ്പിച്ചതുമായ എത്രയെത്ര സംഭവങ്ങളായിരിക്കും ഈ മഹത്തായ സ്ഥാപനത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ടാവുക?
1843 ല്‍ മഹാരാജ സ്വാതിതിരുനാള്‍ ആരംഭം കുറിച്ച് 1866 ല്‍ ആയില്യം തിരുനാള്‍ രാമവര്‍മ മദ്രാസ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ കോളജ് ആയി ഉയര്‍ത്തിയ ഈ സ്വരസ്വതീക്ഷേത്രം മികവിന്റെ കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്. 153 വര്‍ഷം പഴക്കമുള്ള സ്ഥാപനം രാജാരവിവര്‍മ, സി വി രാമന്‍ പിള്ള, കെ ആര്‍ നാരായണന്‍, എം എസ് സ്വാമിനാഥന്‍, അബു എബ്രഹാം തുടങ്ങി എത്രയെത്ര പ്രതിഭകള്‍ക്കും ബുദ്ധിജീവികള്‍ക്കുമാണ് വിദ്യ പകര്‍ന്നു കൊടുത്തത്. സാധാരണക്കാരുടെ മക്കള്‍ക്ക് മികച്ച അധ്യയനം ലഭ്യമാക്കിയ സ്ഥാപനത്തെയാണ് ഇപ്പോള്‍ തല്‍പരകക്ഷികള്‍ ഗുണ്ടാ സങ്കേതമാക്കി മാറ്റിയിരിക്കുന്നത്.
വിലക്കയറ്റവും ആളോഹരി വരുമാനക്കുറവും ഭീതിതമായ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഈ കാലത്ത് സാധാരണക്കാരായ രക്ഷിതാക്കള്‍ എത്ര ബുദ്ധിമുട്ടിയാണ് മക്കള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാന്‍ പണിപ്പെടുന്നത്. സാധാരണ കുടുംബങ്ങളില്‍ നിന്ന് ഇത്തരം സ്ഥാപനങ്ങളിലെത്തപ്പെടുന്ന കുട്ടികള്‍ അറിഞ്ഞോ അറിയാതെയോ പൊലീസ് കേസുകളിലും നിയമക്കുരുക്കുകളിലും അകപ്പെടുമ്പോള്‍ കുടുംബങ്ങളുടെ പ്രതീക്ഷകളും ഭാവിയും ഇരുളടയുന്നു. ഇപ്പോള്‍ തന്നെ തൊഴിലില്ലായ്മയുടെ ഭീകരമുഖമാണ് യുവതയെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. പ്യൂണ്‍ പോസ്റ്റ് മുതല്‍ സിവില്‍ സര്‍വീസ് വരെയുള്ള ഉദ്യോഗങ്ങള്‍ക്ക് ഒരേ പരിശീലനമാണ് കോച്ചിംഗ് സെന്ററുകള്‍ നല്‍കിവരുന്നത്. കോച്ചിംഗ് സെന്ററുകളിലും സ്വയംഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുകയെന്നത് കാശുള്ളവര്‍ക്ക് മാത്രമേ കഴിയു. കലാശാലകളില്‍ ഏക സംഘടനാധിപത്യത്തിനായി കൊല്ലാനും കൊല്ലപ്പെടാനും നടക്കുന്നവര്‍ വല്ലപ്പോഴുമൊക്കെ അവരുടെ തലതൊട്ടപ്പന്‍മാരായ നേതാക്കളുടെ മക്കള്‍ പഠിക്കുന്നതെവിടെയാണെന്നും ജീവിക്കുന്നതെങ്ങനെയാണെന്നും അന്വേഷിക്കണം. അക്രമങ്ങളിലേക്ക് തള്ളിവിട്ട് അടിമകളാക്കുകയാണെന്ന കാര്യം മറന്നുപോകരുത്. അതേസമയം അഖില്‍ കത്തിക്കുത്തുകേസ് കേരള പിഎസ്‌സിയുടെ തെരഞ്ഞെടുപ്പിലേക്കും യൂണിവേഴ്‌സിറ്റിയുടെ പരീക്ഷകളിലേക്കും സംശയത്തിന്റെ വലിയ കുന്തമുനകളാണ് ആഴ്ത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ വിദ്യാര്‍ഥികളിലും ഉദ്യോഗാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്കയും ഉല്‍ക്കണ്ഠകളുമാണ് നിറയ്ക്കുന്നത്.
യൂണിവേഴ്‌സിറ്റി കോളജിലെ കൊലപാതകശ്രമത്തെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ ജി സുധാകരന്‍, തോമസ് ഐസക്, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി എന്നിവര്‍ അപലപിച്ചിട്ടുണ്ട് എന്നത് ശുഭോദാര്‍ക്കമാണ്. പക്ഷേ കോളജ് പ്രിന്‍സിപ്പാള്‍ വിശ്വംഭരന്‍ മാത്രം ഒന്നും അറിഞ്ഞിട്ടില്ല, അദ്ദേഹം നിര്‍വാണാവസ്ഥയിലാണ്. എന്നാല്‍ സംഭവം അന്വേഷിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അകത്തേക്ക് കയറ്റില്ല എന്ന കാര്യം പറയാന്‍ ജീവന്‍ വച്ചു.
മഹത്തായ പാരമ്പര്യമുള്ള ഈ കലാശാലയെ ഉന്നത പഠന ഗവേഷണ കേന്ദ്രമായി നിജപ്പെടുത്തുകയാണ് ഇനി വേണ്ടത്. ബിരുദാനന്തരബിരുദം കഴിഞ്ഞുള്ള പഠിതാക്കള്‍ക്ക് മാത്രമുള്ളതാകണം ഈ കാമ്പസ്. അല്ലെങ്കില്‍ എല്ലാ സംഘടനകള്‍ക്കും ഇവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പാക്കണം.
കേരളത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനകളുടെ പോഷക സംഘടനകള്‍ ബഹുവിധ പരിവേഷങ്ങളില്‍ മുഖ്യധാര പ്രസ്ഥാനങ്ങളില്‍ നുഴഞ്ഞുകയറി വിശ്വസ്തരായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്നതു കൂടിയാണ് യൂണിവേഴ്‌സിറ്റി കോളജിലെ കൊലപാതക ശ്രമം. ഒരേ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്ളിലുള്ളവര്‍ തന്നെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് മരവിച്ച മനസിന്റെ സാന്നിധ്യമാണ് അറിയിക്കുന്നത്. ഈ കേസിലെ മുഖ്യപ്രതികളെല്ലാം തന്നെ ചെറുപ്രായത്തിലെ സീരിയല്‍ കറ്റുവാളികളായും കാണപ്പെടുന്നു. കലാപവും കാലുഷ്യവും സൃഷ്ടിക്കലാണ് ഭീകരവാദികളുടെ ആത്യന്തികമായ ലക്ഷ്യം. മുഖ്യധാരാ പ്രസ്ഥാനങ്ങളെ വിഷലിപ്തമാക്കുന്ന അന്തര്‍ധാരകള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ബഹുസ്വരതയും വൈവിധ്യങ്ങളുടെ സൗന്ദര്യവും തച്ചുടയ്ക്കുമ്പോള്‍ അവിടെ ഫാസിസം കടന്നെത്തും. ഒന്നും നാമ്പിടാത്ത ഊഷര ഭൂമിയാകും പിന്നെ യുവമാനസങ്ങള്‍.

മാറ്റൊലി: കേസ് അന്വേഷിക്കുന്നത് ഹിസ്മാസ്റ്റേഴ്‌സ് വോയ്‌സാണ്. കാവ്യനീതിക്കായി ആകാശത്തുനിന്ന് വെള്ളിടികള്‍ തലയില്‍ വീഴട്ടെ എന്ന് പ്രാര്‍ഥിക്കാം.