മേഖല ഒറ്റപ്പെട്ട നിലയില്‍; അജ്ഞാത കശ്മീര്‍

Web Desk
Posted on August 06, 2019, 10:36 pm

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ വാര്‍ത്തയാകുകയും ലോകം മുഴുവന്‍ ഉറ്റുനോക്കുകയും ചെയ്യുമ്പോഴും കശ്മീരിലെ സ്ഥിതിഗതികള്‍ അജ്ഞാതം. പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് — വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിരോധിച്ചിരിക്കുന്ന താഴ്‌വരയില്‍ നിന്നും വിവരങ്ങള്‍ ഒന്നുംതന്നെ പുറംലോകത്തേക്ക് ലഭിക്കുന്നില്ല. കശ്മീര്‍ മേഖല രാജ്യത്തുനിന്നും ഒറ്റപ്പെട്ട നിലയിലാണ്. അടിയന്തരാവസ്ഥക്കാലത്തേതുപോലെ സര്‍ക്കാര്‍ പറയുന്നതുമാത്രമാണ് വിവരങ്ങള്‍.

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ റദ്ദാക്കിയതിന് പിന്നാലെ കശ്മീരിലെ പ്രധാന കേന്ദ്രങ്ങളെല്ലാം വലിയ സുരക്ഷാ വലയത്തിലാണ്. മിക്ക ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരുന്നു. ഒരാഴ്ചകൊണ്ട് 43,000 അര്‍ധസൈനികരെ ജമ്മുകശ്മീരില്‍ നിയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു ലക്ഷത്തോളം അര്‍ധസൈനികര്‍ നിലവില്‍ കശ്മീരിലുണ്ട്. പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം കരുതല്‍ തടങ്കലിലാണ്. കൂട്ടം കൂടുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്.

സ്‌കൂളുകളും കോളജുകളും കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു. കല്ലേറ് സംഭവങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറയുന്നത്. ഇത് ഏറെ സംശയാസ്പദമാണെന്ന് വിലയിരുത്തപ്പെടുന്നു. ഒരു ഭീകരന്‍ കൊല്ലപ്പെട്ടാല്‍പോലും കശ്മീര്‍ താഴ്‌വര ഏറെ കലുഷിതമാകാറുള്ളതാണ്. എന്നാല്‍ കിഷ്ത്വാര്‍, രജൗരി ജില്ലകളിലും രാംബാന്‍ ജില്ലയിലെ ബനിഹാല്‍ പ്രദേശത്തും അധികൃതര്‍ പുതുതായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അതേസമയം ശ്രീനഗറിലും അവന്തിപോറയിലൂമായി പത്തിടങ്ങളില്‍ പ്രതിഷേധമുണ്ടായെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേന്ദ്രതീരുമാനം കശ്മീരികള്‍ വ്യാപകമായി സ്വാഗതം ചെയ്തുവെന്നും അനിഷ്ട സംഭവങ്ങളൊന്നുമില്ലെന്നും ജമ്മു കശ്മീരില്‍ തികഞ്ഞ സമാധാനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എവിടേയും പ്രതിഷേധവും സമരവും ഇല്ലെന്നും ജനങ്ങള്‍ അവശ്യ ജോലികളില്‍ വ്യാപൃതരാണെന്നും അജിത് ഡോവല്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു.

ജമ്മുകശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റയില്‍, റോഡ്, ഫുഡ് പാര്‍ക്ക് തുടങ്ങിയ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്ന് നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രസംഗത്തില്‍ ഈ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.
ഡല്‍ഹി മോഡല്‍ ഭരണമായിരിക്കും ജമ്മുകശ്മീരിലും നടപ്പിലാക്കുക എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് പൂര്‍ണ്ണമായും കേന്ദ്ര നിയന്ത്രണത്തിലായിരിക്കും. കൂടാതെ, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും മറ്റുസംവിധാനങ്ങളെയും കേന്ദ്രം നിയന്ത്രിക്കുമെന്നും സൂചനയുണ്ട്.

വിവിധ ലോകരാജ്യങ്ങളും സംഘടനകളും കശ്മീരിലെ സ്ഥിതിഗതികളില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കശ്മീരിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്നും വിഷയത്തില്‍ പാകിസ്ഥാന്‍ സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. നിയന്ത്രണരേഖയില്‍ അധികമായി സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലും അപലപിച്ചു.