ഉന്മാദത്തിന്റെ തീവണ്ടിപ്പാത

സുരേഷ് മുണ്ടക്കയം
ഈ രാത്രിയെ
നമുക്ക്
വോഡ്കയെന്നു വിളിക്കാം
അരണ്ട വെളിച്ചമുള്ള
ഈ മുറി
അതിപുരാതനമായ
ഒരു റഷ്യന്‍ നഗരമാണ്
വിഷാദത്തിന്റെ
അപ്പോസ്തലന്
ഫിയദോര്‍ മിഖായലോവിച്ച്
ദസ്തയേവ്സ്കിയാണിന്നെന്റെ
പെഗ് മേറ്റ്
മൂന്നാമത്തെ പെഗിനു ശേഷം
ഞങ്ങള്‍ നടക്കാനിറങ്ങുന്ന
ഈ തെരുവ്
സെന്റ് പീറ്റേഴ്സ്ബര്‍ഗാണ്.
ചൂത് കളിക്കാന്‍ ഫിയോദര്‍
എന്നോട് പണം
കടം ചോദിക്കുന്നു
പുഞ്ചിരിച്ചുകൊണ്ട്
കൈത്തലം പിടിക്കുമ്പോള്‍
ഫിയദോര്‍
ജോണ്‍ എബ്രഹാമാണെന്ന്
എനിക്ക് തോന്നിപ്പോകുന്നു
മൗനത്തിന്റെ
രാജ്യാതിര്‍ത്തികള്‍
ഞങ്ങള്‍ ഭേദിക്കുന്നു
‘ഏകാന്തതയുടെ
അപാരതീരം’ എന്ന്
പാടുമ്പോള്‍ ഫിയോദര്‍
ഏറ്റുപാടുന്നു
റഷ്യനും മലയാളവും
കൂട്ടിച്ചേര്‍ത്ത് പരസ്പരം
മിണ്ടാന്‍ ഞങ്ങള്‍
ഭാഷയുടെ കോക്ടെയ്ല്‍
ഉണ്ടാക്കുന്നു
വിഷാദം കൊണ്ട് തുന്നിയ
രോമക്കുപ്പായത്തില്‍
തൊടുമ്പോള്‍
അയാളെന്നെ
ചേര്‍ത്ത് പിടിക്കുന്നു
നിരാശയും മൗനവും
പ്രണയവും കാമവും
ഏകാന്തതയും
സ്വപ്നങ്ങളും ചതിയും
ദാരിദ്ര്യവും
കൂടിക്കുഴഞ്ഞ ഒരു
നോവലാണ് ജീവിതമെന്ന്
വെളിപാടുണ്ടാകുന്നു
തെരുവ് വിളക്കിന്റെ
വെട്ടത്തില്‍ ലെനിന്റെ
പ്രതിമ കാണുന്നു
ഇലപൊഴിഞ്ഞ ബ്രിച്ച്
മരത്തിന്റെ ചുവട്ടിലിരുന്ന്
പുഷ്കിന്റെ കവിത
ചൊല്ലി നിലാവ് പെയ്യിക്കുന്നു
അന്നയെക്കുറിച്ച്
ചോദിക്കുമുന്പേ
അവളൊരു
മഞ്ഞക്രിസാന്തികമാണെടാ
എന്നെന്നോട് പറയുന്നു
ട്രാന്‍സ് സൈബീരിയ പോലെ
തലച്ചോറിലൂടെ
ഉന്മാദത്തിന്റെ
തീവണ്ടിപ്പാത
പോകുന്നുണ്ടെന്ന്
പറഞ്ഞ് പൊട്ടിപ്പൊട്ടി ചിരിക്കുമ്പോള്‍
പാതിരക്കോഴി കൂവുന്നു
രാത്രി സത്രത്തിലേക്ക്
യാത്ര പോലും പറയാതെ
പോകുന്ന ആ മനുഷ്യനെ
നോക്കി ഞാനീ തെരുവില്‍
ഒറ്റക്ക് നില്ക്കുന്നു