ഉന്നം തെറ്റാതെ ഉണ്ട

Web Desk
Posted on July 07, 2019, 7:33 am

അശ്വതി

ഉണ്ട പറയുന്നത് ഒരു യാത്രയുടെ കഥയാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള നാല് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന കേരളപോലീസ് സംഘത്തോടൊപ്പം നമ്മള്‍ പ്രേക്ഷകര്‍ നടത്തുന്ന വിനോദയാത്രയാണ് ഖാലിദ് റഹ്മാന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഉണ്ട. അതീവ സൂക്ഷ്മതയോടെ നടത്തേണ്ട ഗൗരവമേറിയ ദൗത്യ നിര്‍വ്വഹണത്തിനായാണ് പോലീസ് സംഘം യാത്ര ചെയ്യുന്നതെങ്കിലും യാഥാര്‍ത്ഥ്യ ബോധത്തോടുകൂടിയ നര്‍മ്മം ഈ യാത്രയുടെ ആദ്യാവസാനം വിദഗ്ദമായി ഉള്‍ച്ചേര്‍ക്കാന്‍ ഖാലിദ് റഹ്മാന്‍ നടത്തിയ ശ്രമം വിജയിച്ചിരിക്കുകയാണ്.

കഥപറച്ചിലിലെ കൗശലം

നാല് വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന കേരള പോലീസ് ടീമിന്റെ പ്രവര്‍ത്തനങ്ങളില്‍ എന്ത് കഥയാണുള്ളത് ? വെറുമൊരു വാര്‍ത്താ റിപ്പോര്‍ട്ട് മാത്രമാകേണ്ട സംഭവം. പക്ഷെ കഥയോ വാര്‍ത്തയോ സംഭവമോ എന്തുമാവട്ടെ സംവിധായകന്‍ ഏതൊക്കെ സന്ദര്‍ഭങ്ങളിലായി അതെങ്ങനെ പറയുന്നു എന്നിടത്താണ് പ്രേക്ഷനെ അത്ഭുതപ്പെടുത്തുന്ന സിനിമ ഉണ്ടാവുന്നത്.

അന്യസംസ്ഥാന ഡ്യൂട്ടിക്കായി പുറപ്പെടുന്നതിന് മുന്നോടിയായി പോലീസ് ക്യാമ്പില്‍ നടക്കുന്ന ഒരുക്കങ്ങളിലാണ് ചിത്രം തുടങ്ങുന്നത്. തങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്ന ദൗത്യത്തിന്റെ തീവ്രതയും ഗൗരവവും ഒന്നും മനസ്സിലാക്കാത്ത മേലുദ്യോഗസ്ഥരടക്കമുള്ള കേരള പോലീസിന്റെ അവസ്ഥ നര്‍മ്മത്തിന്റെ അകമ്പടിയോടെ പറയുമ്പോള്‍ പോലും ഒരിടത്തും പോലീസ് സേനക്ക് നേരെയുള്ള ഇകഴ്ത്തലായി അത് തരം താഴുന്നില്ല. പൊതുവെ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ അത്യാധുനിക തോക്കുകളുടെയും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെയും മണ്ണില്‍ കുഴിച്ചിട്ടിരിക്കുന്ന മൈന്‍ കണ്ടെത്താനുള്ള മെറ്റല്‍ ഡിറ്റക്ടറുകളുടെയുമൊന്നും ഉപയോഗം ദൈനംദിന ജോലിക്കിടയില്‍ നമ്മുടെ പോലീസിന് വേണ്ടി വരുന്നില്ല. തോക്കുപയോഗിച്ച് വെടിവയ്ക്കാനറിയാവുന്ന പോലീസുകാരുടെ എണ്ണം ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ പോലും വിരളമാവുന്നത് അതുകൊണ്ടാണ്. മാവോയിസ്റ്റ്/ഭീകര ആക്രമണം പോലുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ആയുധങ്ങളുടെ ദൗര്‍ലഭ്യത്തിനപ്പുറം പരിചയക്കുറവ് കൊണ്ട് തന്നെ മാനസിക കരുത്തും ഇല്ലാത്ത അവസ്ഥയിലാണ് നമ്മുടെ സേന. ചിരിക്കാന്‍ വകയൊരുക്കിയ നിരവധി സന്ദര്‍ഭങ്ങളിലൂടെയാണ് പോലീസിന്റെ യഥാര്‍ത്ഥ അവസ്ഥ ഖാലിദ് റഹ്മാന്‍ കാട്ടിത്തരുന്നത്. ഒരിടത്തും നിലവാരമില്ലാത്ത തമാശകളിലേക്ക് കൂപ്പുകുത്തുന്നില്ല എന്നിടത്താണ് മലയാളത്തിലെ മുന്‍ പോലീസ് ചിത്രങ്ങളില്‍ നിന്ന് ഉണ്ട വേറിട്ട് നില്‍ക്കുന്നത്.

Unda-Movie--Review

കഥയിലൊഴുകിയ സംഗീതം

മാവോയിസ്റ്റ് ഭീഷണി കുറച്ചധികമുള്ള ഛത്തീസ്ഗഢിലെ ബസ്തറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ആദിവാസി ഗ്രാമങ്ങളിലേക്കാണ് പോലീസ് സംഘം ആദ്യമെത്തുന്നത്. കാടിനും കാട്ടരുവികള്‍ക്കും മദ്ധ്യേയുള്ള നിരത്തിലൂടെ ആടുമാടുകളെ കൊണ്ടുപോകുന്ന തരത്തിലുള്ള രണ്ട് ട്രക്കുകളിലായാണ് പോളിങ് സ്ഥലത്തേക്കുള്ള യാത്ര ചിത്രീകരിച്ചിരിക്കുന്നത്. ചെറുപ്പക്കാരായ പോലീസ് കുട്ടികള്‍ക്കിടയിലെ തമാശകള്‍ക്കും കുന്നായ്മകള്‍ക്കും പശ്ചാത്തലമൊരുക്കി ഛത്തീസ്ഗഢിലെ ആദിവാസികള്‍ക്കിടയില്‍ സുപരിചിതമായ പാട്ട് ഒഴുകുന്നുണ്ട്. ആ കാനന യാത്രയുടെ നിഗൂഢതയും ഭീകരതയും അനിശ്ചിതത്വവും ഭംഗിയായി വെളിപ്പെടുത്താന്‍ ഇടയ്ക്കിടെ ഒച്ച ഉയര്‍ന്നും താഴ്ന്നും യാത്രയിലുടനീളം ഒഴുകിപരന്ന ആ സംഗീതത്തിന് കഴിഞ്ഞു. പ്രശാന്ത് പിള്ളയാണ് അതിമനോഹരമായി ബാക്ക് ഗ്രൗണ്ട് സ്‌കോറും സംഗീതവും നല്‍കിയത്.

കൈയ്യടി നേടി എസ് ഐ മണിയും സംഘവും

മമ്മൂട്ടിയുടെ പോലീസ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി അതിസാധാരണനായ എസ് ഐ മണിയായാണ് അദ്ദേഹം ‘ഉണ്ട’യിലെത്തുന്നത്. കൂടെ ചെറുപ്പക്കാര്‍ക്കിടയിലെ എല്ലാ പരിമിതികളും സ്വാഭാവിക മിടുക്കുകളുമുള്ള ഒരു സംഘം സഹപൊലീസുകാരും. ആസൂത്രിതമായ മാവോയിസ്റ്റ് ആക്രമണം നേരിടാന്‍ ശേഷിയുള്ള ആയുധങ്ങളൊന്നും ഇല്ലാതെ ലാത്തിയും ഹെല്‍മറ്റും ഷീല്‍ഡും പേരിന് തോക്കും നാലോ അഞ്ചോ ഉണ്ടകളും മാത്രം കൈവശമുള്ള പൊലീസ് സംഘത്തില്‍ പ്രധാനമായും വരുന്നത് അര്‍ജ്ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രീഗറി, ലൂക്ക് തുടങ്ങിയവണ്. നിര്‍ണ്ണായകമായ ഒരു ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പോലും യൂണിഫോം ഫോഴ്‌സിനുള്ളില്‍ കീഴ്-മേല്‍ ജീവനക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വലിപ്പച്ചെറുപ്പങ്ങളും താന്‍ പോരിമയും സ്വരക്ഷക്കായുള്ള അതിജീവന തന്ത്രങ്ങളും ജാതി-കുല മഹിമകളുടെ പേരിലുള്ള വേര്‍തിരിവുകളും ഏറെ സൂക്ഷ്മതയോടെ സമര്‍ത്ഥിച്ചിട്ടുണ്ട്. ആയുധങ്ങള്‍ക്കപ്പുറം മനോധൈര്യവും ബുദ്ധിയും കൊണ്ടാണ് അവര്‍ മാവോയിസ്റ്റുകളെ നേരിടുന്നത്. എളുപ്പത്തില്‍ പാളിപ്പോകാവുന്ന സംഘട്ടനരംഗങ്ങള്‍ ഒട്ടും അതിശയോക്തിയുണ്ടാക്കാതെ വളരെ സ്വാഭാവികമായി ചിത്രീകരിക്കാനായതും ശ്രദ്ധേയമാണ്. അതിന് സജിത്ത് പുരുഷന്റെ ക്യാമറയും നിഷാദ് യൂസഫിന്റെ എഡിറ്റിങും വലിയ സംഭാവന നല്‍കിയിട്ടുണ്ട്.
മദ്ധ്യവയസ്‌കനായ ഒരു സാധാരണ പോലീസുകാരന്റെ എല്ലാ കുറവുകളും പേറുന്ന എസ് ഐ മണിയുടെ ശരീര ഭാഷ തന്നെ വ്യത്യസ്തമാണ്. ഇതുവരെ നമ്മള്‍ കാണാത്ത മമ്മുട്ടിയെയാണ് ഉണ്ടയില്‍ കാണുന്നത്. പോലീസ് സ്‌റ്റേഷനെ ഭീതിയോടെ കണ്ടിരുന്ന ഒരു കുട്ടിക്കാലം അയവിറക്കുന്ന എസ് ഐ മണി ജീവിക്കാനായി മാത്രമാണ് പോലീസ് ജോലി സ്വീകരിച്ചതെന്ന് ഇടക്കൊരു വിശ്രമവേളയില്‍ സഹയാത്രികരോട് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ തന്നെ മാത്രം വിശ്വസിച്ച് കൂടെ ഇറങ്ങിത്തിരിച്ച ഒരു കൂട്ടം ചെറുപ്പക്കാരായ പോലീസുകാര്‍ ഒപ്പമുണ്ടെന്ന ബോധവും ആത്മാഭിമാനവും ഉണരുമ്പോള്‍ എല്ലാ പ്രതിബന്ധങ്ങളെയും ബുദ്ധിയും മനക്കരുത്തും കൊണ്ട് നേരിടാനൊരുങ്ങുകയും അതില്‍ വിജയിക്കുകയും ചെയ്യുകയാണ് എസ് ഐ മണി. ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് താരപരിവേഷവും അത്ഭുതശേഷികളുമില്ലാത്ത സാധാരണക്കാരനായ മമ്മുട്ടിയെ പ്രേക്ഷകന് കിട്ടുന്നത്.

കാച്ചിക്കുറക്കിയ തിരക്കഥയാണ് ഖാലിദ് റഹ്മാന്‍ ഉണ്ടയ്ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. ഹര്‍ഷദ് തിരക്കഥയില്‍ ഖാലിദിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ റ്റി ബി പി ഓഫീസറായി ഭഗ്‌വാന്‍ തിവാരിയും, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി രഞ്ജിത്തും, ബസ്ത്തറിലെ ആദിവാസി കുനാല്‍ ചന്ദായി ഓംകാര്‍ദാസ് മാണിക് പുരിയും, മറ്റൊരു ടീമിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ദിലീഷ് പോത്തനും ഓര്‍ത്തുവയ്ക്കാവുന്ന വേഷങ്ങളാണ് അവതരിപ്പിച്ചത്. അനുരാഗക്കരിക്കിന്‍ വെള്ളത്തിനുശേഷം ഖാലിദ് റഹ്മാന്‍ ചെയ്ത ‘ഉണ്ട’ കേരള പോലീസിന്റെ നിലവിലെ പരിമിതികളെ ഗൗരവമായി പരിഗണിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചേക്കും.

unda