ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പെൺകുട്ടിയുടെ പിതാവിന് പൊലീസിന്റെ ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നതിന് പിന്നാലെ ചികിത്സ നൽകിയ ഡോക്ടർ പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്. പ്രഥമ ശുശ്രൂഷ നൽകി ഡോക്ടർ വിട്ടയച്ച പെൺകുട്ടിയുടെ പിതാവ് പിന്നീട് പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു. ഇതുസംബന്ധിച്ച കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണമെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ജില്ലാ ആശുപത്രിയിലെ എമർജൻസി വാർഡിന്റെ ചുമതല വഹിക്കവെയാണ് ഡോ. പ്രശാന്ത് ഉപാധ്യായയ്ക്ക് പെൺകുട്ടിയുടെ പിതാവിനെ ചികിത്സിക്കേണ്ടി വന്നത്. കസ്റ്റഡി മരണം സംബന്ധിച്ച സിബിഐ അന്വേഷണത്തിനിടെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ജോലിയിൽ തിരിച്ചെടുത്ത അദ്ദേഹം ഫത്തേപൂരിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് തിങ്കളാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെട്ടുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രിയിൽ പോകാൻ അദ്ദേഹം ആദ്യം വിസമ്മതിച്ചു. പിന്നീട് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റു മോർട്ടം ചെയ്യും. ബിജെപിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎ കുൽദീപ് സിങ് സേംഗർ ഉന്നാവോ ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ ഹാർ ജയിലിൽ അനുഭവിക്കുകയാണ്. സേംഗറിന്റെ സഹോദരനും പെൺകുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജയിലിലാണ്.
English summary: Unnao case: Doctor dies in mysterious circumstances
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.