പോരാട്ടം തുടരണം

Web Desk
Posted on August 03, 2019, 10:30 pm

 

new-age editorial janayugom

ഉന്നാവോ സംഭവം ചുട്ടുപൊള്ളിക്കുന്ന സത്യമാണ് വെളിപ്പെടുത്തുന്നത്. ഏറ്റവും ക്രൂരമായ അനീതിക്കാണ് കുട്ടി ഇരയായതെങ്കിലും ശത്രു അധികാരത്തിന്റെ ഹുങ്കില്‍ നിവര്‍ന്ന് നില്‍ക്കുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. എല്ലാവിധ നിയമപരമായ പരിരക്ഷയും ലഭിക്കുമെന്ന് പറയുമ്പോഴും ശത്രുഭാഗത്തിന് ശക്തി ലഭിക്കുന്നു.
ഒറ്റയ്ക്ക് പോരാടുമ്പോഴും കൗമാരക്കാരിയായ ഇരയ്ക്ക് നീതി ഇന്നും അന്യമാകുന്നു. നാല് വര്‍ഷം മുമ്പ് നാല് തവണ എംഎല്‍എ ആയിരുന്ന ബിജെപി നേതാവ് കുല്‍ദീപ് സിങ് സെഗാറും കൂട്ടരും കുട്ടിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കി. ജോലി വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ചാണ് മാനഭംഗപ്പെടുത്തിയത്. മാനഭംഗപ്പെടുത്തുക എന്നത് ഒരു ഗുരുതരമായ സാമൂഹ്യ അനീതിയാണ്. ക്രൂരതയ്‌ക്കെതിരെ പോരാടാന്‍ അവള്‍ തീരുമാനിച്ചു. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം തനിക്കെതിരെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ കുട്ടിയുടെ പരാതിയെ ഗൗരവത്തിലെടുക്കാന്‍ പൊലീസ് തയ്യാറായില്ല. അവള്‍ക്കുമുന്നില്‍ എന്നും തടസങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നിര്‍ഗതിയില്ലാതെ അവസാന ശ്രമത്തിന് അവള്‍ തുനിഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ കുട്ടി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായ പൊള്ളലുകളോടെ കുട്ടി രക്ഷപ്പെട്ടു.

എംഎല്‍എ തന്റെ ശക്തമായ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുട്ടിയുടെ പിതാവിനെ ആയുധ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് മാരകമായി പീഡിപ്പിച്ചു. പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. പൊലീസ് കസ്റ്റഡിയില്‍ അദ്ദേഹത്തിനുണ്ടായ പീഡനവും മര്‍ദ്ദനത്തിന്റെ പാടുകളും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചു. ദേശീയ മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായി. പിതാവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് സിബിഐയ്ക്ക് കൈമാറി. സംഭവത്തില്‍ കുല്‍ദീപ് സിങ് സെഗാറിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഇത് ഒരു കേവലം ആചാരം പോലെ ആയിരുന്നു. ജയിലിലും അദ്ദേഹത്തിന് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ജയിലിലായിട്ടും എംഎല്‍എയ്ക്ക് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ പോലും ബിജെപി നേതൃത്വം തയ്യാറായില്ല.
ഈ സാഹചര്യത്തിലും പെണ്‍കുട്ടിയെയും അവളുടെ കുടുംബത്തെയും വേട്ടയാടുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. ബിജെപി എംഎല്‍എയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഗുരുതരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്ന് നിരന്തരമായ ഭീഷണിയും കുടുംബത്തിനെതിരെ ഉണ്ടായി. ഇത് സംബന്ധിച്ച പെണ്‍കുട്ടിയുടെ പരാതി പൊലീസ് ചെവിക്കൊണ്ടില്ല. മറ്റൊരു പോംവഴിയുമില്ലാതെയാണ് പെണ്‍കുട്ടി ഉന്നത നീതിപീഠത്തിന്റെ വാതില്‍ക്കല്‍ മുട്ടിയത്. കഴിഞ്ഞ മാസം 12ന് പെണ്‍കുട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി.

കഴിഞ്ഞ മാസം 28നാണ് അവളെ വകവരുത്താന്‍ അവര്‍ തീരുമാനിച്ചത്. തന്റെ രണ്ട് അമ്മായിമാര്‍, അഭിഭാഷകന്‍ എന്നിവര്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം നടന്നത്. ഇതില്‍ ഒരാള്‍ കേസിലെ പ്രധാനസാക്ഷിയാണ്. പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കാന്‍ നിയോഗിച്ചിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അവള്‍ക്കൊപ്പം അപകടം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നില്ല. ശക്തമായ മഴപെയ്തിരുന്ന രാത്രിയില്‍ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ നമ്പര്‍ പ്ലേറ്റ് മറച്ചുവച്ച ലോറി ഇടിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. റായ്ബറേലിയ്ക്ക് സമീപമായിരുന്നു സംഭവം. ലോറിയുടെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാരും കൊല്ലപ്പെട്ടു. പെണ്‍കുട്ടിക്കും അവളുടെ അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. ഇപ്പോഴും ശ്വാസകോശങ്ങളില്‍ നിന്നും രക്തസ്രാവം തുടരുന്നു. പെണ്‍കുട്ടിയുടെ തോളെല്ല് പൂര്‍ണമായും തകര്‍ന്നു. പെണ്‍കുട്ടിയും അഭിഭാഷകനും ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുന്നു. ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നുള്ള അതിജീവനം വളരെ വിദൂരമാണ്. പെണ്‍കുട്ടിയുടെ അമ്മ, നാല് സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ തുടരുന്നു.

കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഇല്ലാതാക്കാന്‍ രാഷ്ട്രീയ പിന്‍ബലത്തോടെ പ്രതികള്‍ ശ്രമിക്കുന്നു. സംഭവത്തില്‍ രാജ്യത്തെ ജനങ്ങള്‍ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. പാര്‍ലമെന്റിലും തെരുവുകളിലും ശക്തമായ രോഷമാണ് ഉയര്‍ന്നത്. ഇപ്പോള്‍ മാത്രമാണ് എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ബിജെപി തയ്യാറായത്. പെണ്‍കുട്ടി അനുഭവിച്ച ക്രൂരതകള്‍ക്ക് രാജ്യം മറുപടി പറയണം. കുറ്റവാളി എത്ര ശക്തനായാലും നിയമത്തിന് അതീതനാകാന്‍ കഴിയില്ല. ആര്‍ക്കും നീതി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ യുപി സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണം. സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിക്കപ്പെടണം. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പട്ടികയില്‍ യുപി ഏറെ മുന്നിലാണ്. തന്റെ അവസ്ഥ വ്യക്തമാക്കി തനിക്ക് പെണ്‍കുട്ടി അയച്ച കത്ത് ശ്രദ്ധയില്‍പ്പെടുത്താന്‍ എന്തുകൊണ്ട് വൈകിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കോടതി രജിസ്ട്രിയോട് ആവശ്യപ്പെട്ടു. അപകടം നടന്നശേഷമാണ് കത്ത് ചീഫ് ജസ്റ്റിസിന് ലഭിക്കുന്നത്. കേസ് പരിഗണിച്ച സുപ്രീം കോടതി പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അടുത്ത ദിവസം നല്‍കാന്‍ യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അപകടം സംബന്ധിച്ച അന്വേഷണം പതിനാല് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും സിബിഐയോടു നിര്‍ദ്ദേശിച്ചു. 45 ദിവസത്തിനകം കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അതിവേഗ കോടതിക്ക് നിര്‍ദ്ദേശം നല്‍കി. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ഡല്‍ഹിയിലെ എയിംസിലേയ്ക്ക് മാറ്റണമെങ്കില്‍ അതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്യാനും കോടതി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും സുരക്ഷക്കായി ആവുന്നതെല്ലാം ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. എന്നാല്‍ സാഹചര്യങ്ങള്‍ ഇപ്പോഴും കലുഷിതമെന്നതാണ് യാഥാര്‍ഥ്യം.