20 April 2024, Saturday

സ്ത്രീകളുടെ അസ്വഭാവിക മരണം: പ്രധാന കാരണം ലിംഗപരമായ അതിക്രമം

Janayugom Webdesk
മുംബൈ
March 14, 2023 11:08 pm

സ്ത്രീകളുടെ അസ്വഭാവിക മരണത്തിന് പ്രധാനകാരണം ലിംഗപരമായ ആക്രമങ്ങളാണെന്ന് പഠനം. രാജ്യത്തെ സ്ത്രീകളുടെ ഇത്തരം മരണങ്ങളില്‍ 21.5 ശതമാനം ലിംഗപരമായ അതിക്രമങ്ങളെത്തുടര്‍ന്നാണെന്ന് മുംബൈയിലെ ആശുപത്രി നടത്തിയ പഠനത്തിൽ പറയുന്നു.
2017 മേയ് മുതൽ 2022 ഏപ്രിൽ വരെ മുംബൈയിലെ സേത്ത് ജിഎസ് മെഡിക്കൽ കോളജും കിങ് എഡ്വേർഡ് മെമ്മോറിയൽ ആശുപത്രിയും 6,190 പോസ്റ്റ്മോർട്ടങ്ങൾ നടത്തി. ഇതില്‍ 1,467 സ്ത്രീകളിലെ 840 എണ്ണം അസ്വാഭാവിക മരണങ്ങളാണെന്ന് പഠനം കണ്ടെത്തി. 181 പേരാണ് ലിംഗാധിഷ്ഠിത അക്രമത്തിനിരയായത്. ഫോറൻസിക് വിശകലനം, മുറിവുകളുടെ സ്വഭാവം, രീതി, മരണത്തിന് മുമ്പുള്ള സ്ത്രീകളുടെയും അവരുടെ ബന്ധുക്കളുടെയും മൊഴികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. ഇതിൽ 75 ശതമാനം സ്ത്രീകളും 15 നും 44 വയസിനിടയിലുമുള്ളവരാണ്. ഭൂരിഭാഗവും ആത്മഹത്യയും അപകടകമരണവുമാണ്.

പൊലീസ് റെക്കോര്‍ഡ് പ്രകാരം 10 ശതമാനം മാത്രമാണ് നരഹത്യ കേസുകള്‍. എന്നാല്‍ കൂടുതലായും നരഹത്യ കേസുകളാകാനാണ് സാധ്യതയെന്ന് കിങ് എഡ്വേർഡ് മെമ്മോറിയൽ ഹോസ്പിറ്റലിലെ ഫോറൻസിക് വിഭാഗം മേധാവി ഹരീഷ് പഥക് പറഞ്ഞു. ആത്മഹത്യയോ അപകട മരണമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ യഥാര്‍ത്ഥത്തില്‍ കൊലപാതകങ്ങളോ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതോ ആണെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ റെക്കോർഡുകളിലും രോഗികളുടെ കേസ് ചരിത്രത്തിലും, ബന്ധുക്കളുടെയും ഇരകളുടെയും മൊഴികളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. 181 മരണങ്ങളില്‍ 55 ശതമാനം പേര്‍ തൂങ്ങിയും തീ കൊളുത്തിയുമാണ് മരിച്ചത്. 16 ശതമാനും പേരുടെ മരണത്തിനും കാരണം വിഷബാധയോ മയക്കുമരുന്നിന്റെയോ അമിത ഉപയോഗമാണെന്നും പഠനം വ്യക്തമാക്കുന്നു. പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റതായി റിപ്പോർട്ട് ചെയ്ത സംഭവങ്ങളിലുള്ള കുടുംബത്തിന്റെ മൊഴികള്‍ സാഹചര്യത്തെളിവുകളുമായി ബന്ധിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച സ്ത്രീകളില്‍ ഏകദേശം 66.5 ശതമാനം ദാമ്പത്യ പ്രശ്‌നങ്ങൾ നേരിടുന്നവരായിരുന്നു. 32 ശതമാനം പേർക്ക് കുടുംബ പ്രശ്‌നങ്ങളും 15 ശതമാനം കേസുകളിൽ വിവാഹേതര ബന്ധങ്ങളും ഉണ്ടായിരുന്നു. അക്രമത്തിന് ഉത്തരവാദികൾ ഭർത്താക്കന്മാരോ പങ്കാളികളോ ആണെന്നതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. 40 ശതമാനം കേസുകളിൽ കുടുംബാംഗങ്ങളും ഉൾപ്പെട്ടിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Unnat­ur­al Death of Women: Main Cause Gen­der Violence
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.