പിണറായിയിലെ ദുരൂഹ തുടര്‍മരണങ്ങൾ ; മരിച്ച കുട്ടികളുടെ അമ്മ പൊലീസ് കസ്റ്റഡിയില്‍

Web Desk
Posted on April 24, 2018, 11:00 am

കണ്ണൂര്‍ പിണറായിയിലെ ദുരൂഹ തുടര്‍മരണങ്ങളുടെ അടിസ്ഥാനത്തിൽ  മരിച്ച കുട്ടികളുടെ അമ്മ പൊലീസ് കസ്റ്റഡിയില്‍. ഇവരെ ഇന്ന് ചോദ്യം ചെയ്യും.  കുടുംബത്തില്‍ സൗമ്യ മാത്രമാണ് അവശേഷിക്കുന്നത്.

അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ച കമലയുടെയും ഭര്‍ത്താവ് കുഞ്ഞികണ്ണന്റെയും ശരീരത്തില്‍ അലുമിനിയം ഫോസ്ഫേറ്റ് എന്ന വിഷാംശം ഉള്ളതായി കണ്ടെത്തി. ദുരൂഹ മരണങ്ങള്‍ കൊലപാതകം ആണെന്നാണ് പോലീസിന്റെ നിഗമനം.

കണ്ണൂര്‍ പിണറായിയിലെ വണ്ണത്താന്‍ വീട്ടില്‍ അടിക്കടി ഉണ്ടായ മൂന്ന് മരണങ്ങളും ആറ് വര്‍ഷം മുന്‍പ് നടന്ന മറ്റൊരു മരണവുമാണ് പൊലീസ് അന്വേഷിക്കുന്നത്.ചര്‍ദി ബാധിച്ച്‌ ഈ കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്തിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ മാസം ഏഴിന് മരിച്ച കമലയുടെയും ഈ മാസം പതിമൂനിന് മരിച്ച ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെയും പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ ശരീരത്തില്‍ അലുമിനിയം ഫോസ്ഫേറ്റ് എന്ന വിഷാംശം കൂടിയ അളവില്‍ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്.ഇത് മരണങ്ങള്‍ കൊലപാതകം ആണെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.

ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാന്‍ മൂന്ന് മാസം മുന്‍പ് സംസ്കരിച്ച ഒന്‍പതു വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. പടന്നക്കര വണ്ണത്താംവീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പുറത്തെടുത്തത്.ഇതിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിനു ശേഷമായിരിക്കും പോലീസ് കൃത്യമായ നിഗമനത്തില്‍ എത്തുന്നത്.

തലശേരി തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് വീട്ടുവളപ്പില്‍ സംസ്കരിച്ച ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്തത്. ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാസപരിശോധനയ്ക്കായി ശരീരഭാഗങ്ങള്‍ ശേഖരിച്ചു. ജനവരി 21നാണ് ഐശ്വര്യ മരണപ്പെട്ടത്.