ഉന്നാവോ പീഡനക്കേസ് ഇരയുടെ കാര്‍ ട്രക്കുമായി ഇടിച്ച സംഭവം; ദുരൂഹത

Web Desk
Posted on July 29, 2019, 10:22 am

റായ്ബറേലി: ഉന്നാവോ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിക്ക് കാര്‍ അപകടത്തില്‍ ഗുരുതര പരിക്ക്. അപകടത്തില്‍ ദുരൂഹത.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അമ്മയും ബന്ധുവും അപകടത്തില്‍ മരിച്ചു. പെണ്‍കുട്ടിയുടെ അഭിഭാഷകനും അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്നു. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. ഞായര്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. തലസ്ഥാനമായ ലഖ്‌നൊവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെവെച്ചാണ് അപകടം. അഭിഭാഷകന്‍റെയും പെണ്‍കുട്ടിയുടേയും നില ഗുരുതരമായി തുടരുകയാണ്. ഇരുവരെയും ലഖ്‌നൊവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

റായ് ബറേലിയിലെ ജില്ലാ ജയിലില്‍ ബന്ധുവിനെ കാണാന്‍ പോകുന്നതിനിടെയാണ് അപകടം.  . കാറിലുണ്ടായിരുന്ന നാല് പേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗാറിനെതിരെയാണ് പെണ്‍കുട്ടി ലൈംഗികാരോപണമുന്നയിച്ചത് നേരത്തെ വിവാദമായിരുന്നു. എന്നാല്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചിരുന്നു. എന്നാല്‍, അപകടസമയത്ത് പൊലീസുകാര്‍ ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് ഉന്നാവ എസ്പി അറിയിച്ചിട്ടുണ്ട്.

കേസില്‍ പ്രതിയായ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനെയും സഹോദരനെയും സിബിഐ അറസ്റ്റുചെയ്‌തെങ്കിലും ദുരൂഹതകള്‍ക്ക് അവസാനമായില്ല. എംഎല്‍എയുടെ സഹോദരന്‍ നല്‍കിയ കള്ളക്കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ പിതാവ് ജയിലില്‍ വച്ച് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ കൊല്ലപ്പെട്ടിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. ഈ കേസില്‍ മുഖ്യസാക്ഷിയായ യൂനസ് എന്നയാളും പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു.

2017 ജൂണില്‍ ജോലി അഭ്യര്‍ത്ഥിച്ച് ഒരു ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.

പീഡനക്കേസില്‍ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയും കുടുംബവും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

നാല് തവണ എംഎല്‍എയായ കുല്‍ദീപ് സിങ്സെങ്കാര്‍ ഉത്തര്‍പ്രദേശിലെ ബംഗമാരു നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള  എംഎല്‍എയാണ്. ഉന്നാവോ പീഡനക്കേസില്‍ കുല്‍ദീപ് സിംഗിനെതിരെ ക്രിമിനല്‍ ഗൂഡാലോചനക്കുറ്റം ചുമത്തിയ സിബിഐ കേസ് അന്വേഷിച്ചുവരികയാണ്. 2017 ജൂണ്‍ 4ന് രാത്രി എട്ട് മണിക്ക് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം ഇന്നലെ നടന്ന സംഭവത്തില്‍ ദുരൂഹത ഏറെയാണ്.
ഇവരുടെ കാറിലിടിച്ച ട്രക്കിന്റെ നമ്ബര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായ്ച്ച നിലയിലാരുന്നു.    ഗണ്‍മാന്‍സഹിതം സുരക്ഷ അനുവദിച്ചിരുന്നെങ്കിലും സംഭവ ദിവസം ഇവര്‍ക്ക് സുരക്ഷ ഉണ്ടായിരുന്നില്ല. ഈ കാരണങ്ങളെല്ലാം ദുരൂഹത ഉയര്‍ത്തുന്നതാണ്. എന്നാല്‍ കാറില്‍ സ്ഥലമില്ലാത്തതിനാല്‍ സുരക്ഷ ഉദ്യോസ്ഥരെ പെണ്‍കുട്ടി തന്നെ നിരസിച്ചതാണെന്നാണ് പൊലീസ് വാദം.

അപകടത്തെ സംബന്ധിച്ച് വിശദ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം ആസൂത്രിതമാണെന്നും എംഎല്‍എക്ക് പങ്കുണ്ടെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരി രംഗത്തെത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ ട്രക്ക്  ഡ്രൈവര്‍  ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന അമ്മയും, ബന്ധുവും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും, കാര്‍ ഓടിച്ചിരുന്ന അഭിഭാഷകനും ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്.

കാറിന്റെയും ട്രക്കിന്റെയും ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്തുമെന്ന് ഡിഐജി അറിയിച്ചു. അപകടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, ട്രക്കിന്റെ െ്രെഡവറെയും ഉടമസ്ഥനെയും അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.

എംഎല്‍എക്കെതിരെ 2017ലാണ് പതിനാറുകാരി  ലൈംഗികപീഡനപരാതി ഉന്നയിച്ച് രംഗത്തെത്തിയത്. നീതിക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.