Janayugom Online
unnikkuttante onam

ഉണ്ണിക്കുട്ടന്റെ ഓണം

Web Desk
Posted on August 19, 2018, 10:53 am

ബാലയുഗം

സന്തോഷ് പ്രിയന്‍

ഇത്തവണത്തെ ഓണത്തിന് ഉണ്ണിക്കുട്ടന് ഒരു രസവും തോന്നിയില്ല. ക്ലോക്കില്‍ എട്ട് മണിയായിട്ടും അവന്‍ കട്ടിലില്‍ മൂടിപ്പുതച്ചുകിടന്നു. അഞ്ചാം ക്ലാസിലെ പരീക്ഷ നേരത്തെ കഴിഞ്ഞതിനാല്‍ ഓണത്തിന് പുസ്തകത്തില്‍ മുഖം പൂഴ്ത്തിയിരിക്കണ്ടല്ലോ എന്ന് അമ്മ പറഞ്ഞപ്പോഴെല്ലാം പ്രത്യേകിച്ച് സന്തോഷമൊന്നും അവന് തോന്നിയില്ല.
പരീക്ഷയൊക്കെ നന്നായി എഴുതുകയും ചെയ്തു. ഇനി ഓണത്തിന് നാലുദിവസം മാത്രമേയുള്ളു. അടുക്കളയില്‍നിന്നും ചൂടുള്ള ദോശയുടെ മണം വരുന്നുണ്ട്. അമ്മ അവിടെ നല്ല തിരക്കിലാണെന്ന് അവന് മനസിലായി. അച്ഛനും അമ്മയും നല്ല സന്തോഷത്തിലുമാണ്. രണ്ടുപേരും അടുക്കള ജോലിക്കിടെ വര്‍ത്തമാനം പറയുന്നുണ്ട്. സാധാരണ ഈ സമയം അച്ഛന്‍ പത്രം വായിക്കുകയാണ് പതിവ്. ഇന്ന് പത്രം വൈകിയോ ആവോ. അതോ പത്രംവായന കഴിഞ്ഞോ ‑അവന്‍ ഓര്‍ത്തു. കിടന്നുകൊണ്ടു തന്നെ ഉണ്ണിക്കുട്ടന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. പുറത്ത് ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. ചെമ്പക മരത്തിലെ ഇലയില്‍ മഴത്തുള്ളി വീഴുന്നതു കാണാന്‍ എന്ത് രസം.
മുത്തശ്ശി ഉണ്ടായിരുന്നെങ്കില്‍ എന്ത് രസമായിരുന്നു. എല്ലാ ഓണത്തിനും അവന്റെ മുത്തശ്ശിയാണ് അവനെ ഊഞ്ഞാലാട്ടുന്നത്. മുത്തശ്ശി അവനേയും കൂട്ടി പറമ്പിലും തൊടിയിലും പോയി പല തരത്തിലുള്ള പൂക്കള്‍ പറിച്ചുകൊണ്ടുവന്ന് പൂക്കളമിടും. പഴയ ഓണപ്പാട്ടുകളും ഓണക്കളികളെകുറിച്ചുമെല്ലാം പറഞ്ഞുതരും. തിരുവോണദിവസം അതിരാവിലെ മുത്തശ്ശി ഉണ്ണിക്കുട്ടനെ വിളിച്ചുണര്‍ത്തി ഓണസമ്മാനം നല്‍കും. പിന്നെ അടുത്തുള്ള ക്ലബ്ബുകളിലെ ഓണപരിപാടികള്‍ കാണിക്കാന്‍ കൊണ്ടുപോകും. പുലികളിയും കരടികളിയും തുമ്പിതുള്ളലും ഓലമെടയല്‍ മത്സരവും പായസം വയ്പ് മത്സരവുമെല്ലാം കൊണ്ടുനടന്നു കാണിക്കും. കുറേ പ്രായമുണ്ടെങ്കിലും മുത്തശ്ശിക്ക് വലിയ അവശതകളൊന്നും ഇല്ലായിരുന്നു. രാത്രി മുത്തശ്ശിയോടൊപ്പം കിടന്നുറങ്ങുന്ന അവനെ നല്ല കഥകളും പാട്ടുകളും കേള്‍പ്പിക്കും. ഇത്തവണ ഇതിനൊന്നും മുത്തശ്ശി ഈ വീട്ടില്‍ ഇല്ലെന്ന സത്യം ഉണ്ണിക്കുട്ടനെ ആകെ വേദനിപ്പിച്ചു.
മുത്തശ്ശി ഇപ്പോള്‍ ഈ വീടിനെകുറിച്ചും തന്നെ കുറിച്ചുമെല്ലാം ഓര്‍ത്ത് വിഷമിക്കുന്നുണ്ടാവുമെന്ന് ചിന്തിച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരാഴ്ച മുമ്പാണ് മുത്തശ്ശിയെ അവന്റെ അച്ഛന്‍ അനാഥാലയത്തില്‍ കൊണ്ടുപോയത്. ഉണ്ണിക്കുട്ടന്‍ കൊണ്ടുപോകരുതെന്ന് പറഞ്ഞ് വാവിട്ട് നിലവിളിച്ചെങ്കിലും അച്ഛനും അമ്മയും കേട്ടില്ല. മുത്തശ്ശിയും ഒരു കൊച്ചുകുട്ടിയെപോലെ നിലവിളിച്ചു. ഉണ്ണിക്കുട്ടനെ ഓര്‍ത്തെങ്കിലും എന്നെ കൊണ്ടുപോകരുതെന്ന മുത്തശ്ശിയുടെ വിലാപം അവന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നു. അന്ന് ആദ്യമായാണ് അച്ഛനോടും അമ്മയോടും അവന് വെറുപ്പ് തോന്നിയത്. മുത്തശ്ശിയെ തിരിച്ചുകൊണ്ടുവരണമെന്ന് പറഞ്ഞ് അവന്‍ എപ്പോഴും കരച്ചിലാണ്.
അച്ഛന്‍ എന്തിനാണ് മുത്തശ്ശിയെ വേറൊരിടത്ത് കൊണ്ടുപോയി വിട്ടതെന്ന് ഉണ്ണിക്കുട്ടന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. അപ്പൂപ്പന്‍ അച്ഛന്റെ ചെറുപ്രായത്തില്‍ മരിച്ചുപോയതുകൊണ്ട് മുത്തശ്ശി അയല്‍വീടുകളില്‍ അടുക്കളപണി ചെയ്താണ് അച്ഛനെ വളര്‍ത്തിയതും പഠിപ്പിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാക്കിയതെന്നും അച്ഛന്‍ പറഞ്ഞ് അവനറിയാം. എന്നിട്ടെന്താണ് മുത്തശ്ശിയെ ഈ വീട്ടില്‍ നിന്നും പറഞ്ഞുവിട്ടതെന്ന് അവനറിയില്ല.
മുത്തശ്ശി പാവമായിരുന്നു. ഉണ്ണിക്കുട്ടന്‍ വികൃതി കാട്ടുമ്പോള്‍ അവന്റെ അച്ഛനും അമ്മയും നല്ല അടി കൊടുക്കും. ഇതിനിടയില്‍ അവന് രക്ഷയ്ക്കായി എത്തുന്നത് മുത്തശ്ശിയായിരുന്നു.
‘അല്ല, നീ ഇതുവരേയും എഴുന്നേറ്റില്ലേ, വേഗം റെഡിയാകൂ. നമുക്ക് ഇന്ന് ഡ്രസ് എടുക്കാന്‍ ടൗണിലെ ഏറ്റവും വലിയ കടയില്‍ പോണം.’
അമ്മയുടെ സംസാരം കേട്ട് അവന്‍ തല ഉയര്‍ത്തി. ‘വേണ്ട, എനിക്ക് ഡ്രസ് എടുക്കണ്ട.’
‘അതെന്താ..’
‘എന്റെ മുത്തശ്ശിയെ രണ്ടാളും ഇവിടുന്ന് പറഞ്ഞുവിട്ടില്ലേ.’
‘ഓ..അതാണോ കാര്യം..ദേ, അച്ഛനെ ദേഷ്യം പിടിപ്പിക്കാതെ വേഗം റെഡിയാകൂ’
ബഹളം കേട്ട് ഉണ്ണിക്കുട്ടന്റെ അച്ഛന്‍ മുറിയിലേക്കു വന്നു.
‘എന്താ, കാര്യം?’
‘അവന് ഓണക്കോടി വേണ്ടെന്ന്. മുത്തശ്ശിയെ കൊണ്ടുവരണമെന്ന്’
‘ശരിയാണോടാ?’
‘ഉം, മുത്തശ്ശി ഇല്ലാതെ ഇനി ഞാന്‍ ചോറും കഴിക്കില്ല. സത്യം. ഞാന്‍ വലുതാകുമ്പോള്‍ അച്ഛന്‍ വയസനാകും ശരിയല്ലേ?’
‘അതിന്?’
‘അപ്പോള്‍ ഞാന്‍ അച്ഛനേയും അമ്മയേയും വീട്ടില്‍ നിന്ന് പറഞ്ഞുവിട്ടാല്‍ വിഷമമാകില്ലേ?’
‘എടാ എനിക്ക് ദേഷ്യം വരുന്നു.’
‘അച്ഛനെ കുട്ടിക്കാലത്ത് കഷ്ടപ്പെട്ടല്ലേ വളര്‍ത്തിയത്. എന്നിട്ടിപ്പോ ആ പാവം ഈ വീട്ടില്‍ അധികപ്പറ്റായി അല്ലേ, കഷ്ടമാണച്ഛാ.’
അതൊന്നും കേള്‍ക്കാന്‍ തയ്യാറാവാതെ അച്ഛനും അമ്മയും കാറില്‍ കയറി ടൗണിലേക്ക് പോകുന്നത് അവന്‍ നോക്കിനിന്നു. അവര്‍ അവന് വിലകൂടിയ ഡ്രസ് വാങ്ങികൊണ്ടു വന്നെങ്കിലും അവന്‍ എടുത്തില്ല. പുതിയ സൈക്കിള്‍ വാങ്ങി. അതും എടുത്തില്ല. ഉച്ചയ്ക്ക് അവന്‍ ഭക്ഷണവും കഴിച്ചില്ല. കരഞ്ഞുകൊണ്ട് ഒരേകിടപ്പ് തന്നെ.
ഇനി എന്തു ചെയ്യും. അച്ഛനുമമ്മയും ആലോചിച്ചു.
‘മോനേ ഉണ്ണിക്കുട്ടാ, ഇനി ഞങ്ങള്‍ നിനക്ക് പ്രിയപ്പെട്ട ഒരു കാര്യവുമായി വരാം. പക്ഷേ നീ അത് വാങ്ങിയില്ലെങ്കില്‍ നിന്നേയും ഈ വീട്ടില്‍ നിന്നും ഞങ്ങള്‍ ആട്ടിയിറക്കും, പറഞ്ഞേക്കാം.’ അച്ഛന്‍ ദേഷ്യത്തോടെ അതു പറഞ്ഞിട്ട് കാറുമായി അമ്മയേയും കൂട്ടി എങ്ങോട്ടോ പോയി. ഉണ്ണിക്കുട്ടന്‍ ജനാലിലൂടെ പുറത്തേക്കു നോക്കിയിരുന്നു.
അവര്‍ എന്തു കൊണ്ടുവന്നാലും ഞാന്‍ വാങ്ങിയിട്ടുവേണ്ടേ- അവന്‍ ഉറപ്പിച്ചു.
കുറേ കഴിഞ്ഞ് കാര്‍ വീട്ടുമുറ്റത്ത് വന്നുനിന്നു. അവന്‍ സൂക്ഷിച്ചുനോക്കി. ആ കാഴ്ച കണ്ട് അവന്റെ കണ്ണുകള്‍ തിളങ്ങി. ഡോര്‍ തുറന്ന് മുത്തശ്ശി ഇങ്ങുന്നത് കണ്ട് അവന്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. രണ്ടുപേരുടേയും കണ്ണുനിറഞ്ഞൊഴുകി.
‘മുത്തശ്ശിയെ ഇനി ഞാന്‍ എവിടേക്കും വിടില്ല. എനിക്ക് ഏറ്റവും വിലപ്പെട്ട ഓണസമ്മാനമായി മുത്തശ്ശിയുടെ ഈ വരവിനെ ഞാന്‍ കാണുന്നു.’
അതുകണ്ട് അവന്റെ അച്ഛന്റേയും അമ്മയുടേയും മുഖത്ത് സന്തോഷം നിറഞ്ഞു.