Janayugom Online
onnooli ammumma

ഉണ്ണൂലി അമ്മുമ്മയും യക്ഷികളും

Web Desk
Posted on November 25, 2018, 7:26 am

സന്തോഷ് പ്രിയന്‍

പണ്ടൊരു നാട്ടില്‍ ഉണ്ണൂലി എന്നൊരു അമ്മുമ്മ ഉണ്ടായിരുന്നു. ഉണ്ണൂലി അമ്മുമ്മ ചെറിയൊരു വീട്ടില്‍ തനിച്ചായിരുന്നു താമസം. നല്ല കൊതിയൂറുന്ന നെയ്യപ്പം ഉണ്ടാക്കി അകലെയുള്ള ചന്തയില്‍ കൊണ്ടുപോയി വിറ്റാണ് അമ്മുമ്മ കഴിഞ്ഞിരുന്നത്.
നെയ്യപ്പം വിറ്റുകിട്ടുന്ന പണമെല്ലാം അമ്മുമ്മ ഒരു ഡപ്പിയില്‍ സൂക്ഷിച്ചു വയ്ക്കും.
പക്ഷേ പറഞ്ഞിട്ടെന്താ- നാട്ടില്‍ മഹാപോക്കിരിയായ ഒരാളുണ്ട്. ‑വില്ലാണ്ടന്‍. കത്തിയുമായി കറങ്ങി നടന്ന് പാവങ്ങളെ പേടിപ്പിച്ച് പണം തട്ടുകയാണ് വില്ലാണ്ടന്റെ പണി. തടിമാടനായ വില്ലാണ്ടനെ എല്ലാവര്‍ക്കും വലിയ പേടിയാണ്.
ഉണ്ണൂലിയമ്മുമ്മയുടെ വീട്ടിലും വില്ലാണ്ടന്‍ ചെന്ന് പണം തായോ പണ്ടം തായോ എന്നൊക്കെ പറഞ്ഞ് വിരട്ടും. പാവം അമ്മുമ്മ പേടിച്ച് പണം എടുത്ത് കൊടുക്കും. പണം കൊടുത്തില്ലെങ്കില്‍ അമ്മുമ്മ ഉണ്ടാക്കി വച്ചിരിക്കുന്ന നെയ്യപ്പമെല്ലാം വില്ലാണ്ടന്‍ വാരിവലിച്ചു തിന്നും. പാവം അമ്മുമ്മ വില്ലാണ്ടനെ പേടിച്ചാണ് കഴിഞ്ഞിരുന്നത്.
ഒരു ദിവസം അമ്മുമ്മ ചന്തയില്‍നിന്നും വീട്ടിലേക്ക് നരികയായിരുന്നു. ബാക്കി വന്ന കുറേ നെയ്യപ്പവും കുട്ടയില്‍ ചുമന്നാണ് വരവ്. ഒരു കാട് കടന്നുവേണം അമ്മുമ്മയ്ക്ക് വീട്ടിലെത്താന്‍. കാട്ടിലെത്തിയപ്പോഴോ അമ്മുമ്മയ്ക്ക് അന്നു വഴി തെറ്റുകയും ചെയ്തു.
നടന്നു നടന്നു അമ്മുമ്മ ആകെ വിഷമിച്ചു. അടുത്തുകണ്ട ഒരു മരച്ചുവട്ടില്‍ വിശ്രമിച്ചിട്ട് പോകാമെന്ന് അമ്മുമ്മ തീരുമാനിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ ക്ഷീണം കൊണ്ട് അമ്മുമ്മ ഉറങ്ങിപ്പോവുകയും ചെയ്തു. രാത്രിയായതൊന്നും അമ്മുമ്മ അറിഞ്ഞില്ല. ആ മരത്തിന് മുകളില്‍ രണ്ട് യക്ഷികള്‍ താമസിച്ചിരുന്നു. ഭക്ഷണം അന്വേഷിച്ച് യക്ഷികള്‍ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അമ്മുമ്മ ങുര്‍.…ങുര്‍.….എന്നു കൂര്‍ക്കം വലച്ചുറങ്ങുന്നത് കണ്ടത്.
ഉടന്‍ യക്ഷികള്‍ അമ്മുമ്മയേയും പൊക്കിയെടുത്ത് മരത്തിന് മുകളിലേക്ക് പറന്നു. കുട്ടയിലെ നെയ്യപ്പത്തിന്റെ മണം യക്ഷികളുടെ മൂക്കിലേക്കു കയറി. ‑ഹായ്, നല്ല മണം. യക്ഷികളുടെ നാവില്‍ വെള്ളമൂറി. അടുത്തുള്ള പുഴയില്‍ പോയി കുളി കഴിഞ്ഞ് വന്നിട്ട് അമ്മുമ്മയേയും നെയ്യപ്പവും ഒരുമിച്ച് കറുമുറാന്ന് തിന്നാമെന്ന് തീരുമാനിച്ച് യക്ഷികള്‍ അടുത്തുള്ള പുഴയില്‍ കുളിക്കാന്‍ പോയി.
ഈ സമയം മരപ്പൊത്തിലുണ്ടായിരുന്ന യക്ഷികളുടെ കുഞ്ഞ് ഉറക്കത്തില്‍ ഉരുണ്ടുരുണ്ട് താഴെ വീണു. കുറച്ചുകഴിഞ്ഞ് ഉറക്കമുണര്‍ന്ന അമ്മുമ്മയ്ക്ക് കാര്യമെല്ലാം പിടികിട്ടി. യക്ഷികള്‍ തന്നെ തിന്നാന്‍ പോവുകയാണെന്ന് അമ്മുമ്മയ്ക്കു മനസിലായി. പേടി തോന്നിയെങ്കിലും അമ്മുമ്മ അതൊന്നും പുറത്തുകാണിക്കാതെ പൊതിയഴിച്ച് വെറ്റില മുറുക്കാന്‍ തുടങ്ങി.
അപ്പോഴേക്കും യക്ഷികള്‍ കുളി കഴിഞ്ഞ് തിരിച്ചെത്തി. അപ്പോഴതാ അമ്മുമ്മയുടെ വായ് നിറച്ചും ചൊമ ചൊമാന്ന് രക്തം വരുന്നത് യക്ഷികള്‍ കണ്ടു. ‑ങേ, ഇതെന്തു പറ്റി? യക്ഷികള്‍ അന്തംവിട്ടുനിന്നു.
അമ്മുമ്മ മുറുക്കിച്ചുവപ്പിച്ചതാണെന്ന് മണ്ടികളായ യക്ഷികളുണ്ടോ അറിയുന്നു. കുഞ്ഞിനെ കാണാതായപ്പോള്‍ അമ്മുമ്മ തിന്നുകളഞ്ഞതാണെന്നാണ് യക്ഷികള്‍ കരുതിയത്. തങ്ങളെക്കാളും ഭയങ്കരിയായ ഏതോ രാക്ഷസിയാണിതെന്ന് അവര്‍ കരുതി.
ഉടനെ പേടിച്ചു വിറച്ച യക്ഷികള്‍ അമ്മുമ്മയുടെ കാല്‍ക്കല്‍ വീണ് പറഞ്ഞു. ‘ഹയ്യോ, ഞങ്ങളെ കൊല്ലല്ലേ, എന്തു വേണമെങ്കിലും തരാം.’
ഇതുകേട്ട് അമ്മുമ്മയ്ക്ക് ചിരി വന്നു. മഹാമണ്ടികളായ യക്ഷികളെ പറ്റിക്കണമെന്ന് അമ്മുമ്മ തീരുമാനിച്ചു.
‘നിങ്ങള്‍ ഉടനെ എന്നെ വീട്ടില്‍ എത്തിക്കണം.’ അമ്മുമ്മ പറഞ്ഞപ്പോള്‍ യക്ഷികള്‍ തുടര്‍ന്നു.
‘ഞങ്ങള്‍ എത്തിക്കാമേ’ എന്നിട്ട് യക്ഷികള്‍ മരപ്പൊത്തില്‍ സൂക്ഷിച്ചിരുന്ന കുറേ സ്വര്‍ണ്ണ നാണയങ്ങള്‍ അമ്മുമ്മയ്ക്ക് കൊടുത്തു. പിന്നെ അമ്മുമ്മയേയും കൊണ്ട് വീട്ടിലേക്ക് പറന്നു. അപ്പോഴേക്കും നേരം പരപരാന്ന് വെളുത്തിരുന്നു.
ഉണ്ണൂലിയമ്മുമ്മ യക്ഷികള്‍ക്ക് കുറേ നെയ്യപ്പംകൂടി ഉണ്ടാക്കിക്കൊടുത്തു. അപ്പോഴതാ വരുന്നു വില്ലാണ്ടന്‍. ഉടനെ അമ്മുമ്മ യക്ഷികളോട് വില്ലാണ്ടനെകുറിച്ച് പറഞ്ഞു. വില്ലാണ്ടന്‍ കത്തിയുമായി വന്ന് അമ്മുമ്മയോട് പണം തായോ പണ്ടം തായോ എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാന്‍ തുടങ്ങി. അപ്പോള്‍ യക്ഷികള്‍ ഭീകരരൂപം ധരിച്ച് വില്ലാണ്ടന്റെ നേരേ പാഞ്ഞടുത്തു. യക്ഷികളെ കണ്ട് അയാള്‍ ജീവനും കൊണ്ടോടി. പിന്നീടയാള്‍ ആ നാട്ടില്‍ കാലുകുത്തിയിട്ടില്ല. അങ്ങനെ യക്ഷികള്‍ അമ്മുമ്മയുടെ ചങ്ങാതികളായി മാറുകയും ചെയ്തു.