15 October 2024, Tuesday
KSFE Galaxy Chits Banner 2

അസംഘടിതമേഖല അതീവ ദാരിദ്ര്യത്തില്‍: 94 ശതമാനം പേരുടെയും പ്രതിമാസ ശമ്പളം പതിനായിരത്തില്‍ താഴെ

Janayugom Webdesk
ന്യൂഡല്‍ഹി
May 29, 2022 10:32 pm

ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 27.69 കോടി അസംഘടിത തൊഴിലാളികളില്‍ 94 ശതമാനം പേരുടെയും പ്രതിമാസ ശമ്പളം പതിനായിരമോ അതില്‍ താഴെയോ ആണെന്ന് റിപ്പോര്‍ട്ട്. 74 ശതമാനം ആളുകളും പട്ടികജാതി, പട്ടികവര്‍ഗം, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ പകുതിയോടെ ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ എണ്ണം എട്ട് കോടിയായിരുന്നു. അന്ന് പതിനായിരമോ അതില്‍ താഴെയോ പ്രതിമാസ ശമ്പളമുള്ളവരുടെ എണ്ണം 92.37 ശതമാനമായിരുന്നു. ഒബിസി (45.32 ശതമാനം), എസ്‌സി (20.95 ശതമാനം), എസ്‌ടി (8.17 ശതമാനം) എന്നിങ്ങനെയാണ് ഇതുവരെ ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജനറല്‍ വിഭാഗത്തില്‍ 25.56 ശതമാനം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അസംഘടിത തൊഴിലാളികൾക്ക് കേന്ദ്ര ക്ഷേമ, സുരക്ഷാ പദ്ധതികളിൽ അംഗമാകാനുള്ള അവസരമാണ് ഇ ശ്രം പദ്ധതി നല്‍കുന്നത്. 2021 ഓഗസ്റ്റ് 26നാണ് പദ്ധതിക്ക് തുടക്കമിട്ടത്. രാജ്യത്തെ 38 കോടിയോളം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളെയും എൻറോൾ ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് ഇ ശ്രമം പോർട്ടല്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ കണക്കുകളില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതുവരെ രജിസ്റ്റര്‍ ചെയ്തതില്‍ 94 ശതമാനം പതിനായിരമോ അതില്‍കുറവോ പ്രതിമാസ ശമ്പളം വാങ്ങുമ്പോള്‍ 4.36 ശതമാനത്തിന്റെ പ്രതിമാസ ശമ്പളം 10,001 നും 15,000ത്തിനും ഇടയിലാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ 61.72 ശതമാനം 18നും 40 വയസിനും ഇടയിലുള്ളവരാണ്. 40–50 പ്രായത്തിലുള്ള 22.12 ശതമാനം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 13.23 ശതമാനം 50 വയസിന് മുകളിലുള്ളവരും 2.93 ശതമാനം 16നും 18നും ഇടയില്‍ പ്രായമുള്ളവരുമാണ്. 52.81 ശതമാനം പുരുഷന്മാരും 47.19 ശതമാനം സ്ത്രീകളുമാണ് ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഒഡിഷ എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാനങ്ങള്‍. തൊഴിലിനെ അടിസ്ഥാനമാക്കിയാല്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ളവരാണ് കൂടുതല്‍. 52.11 ശതമാനം. 9.93 ശതമാനം ഗാര്‍ഹിക തൊഴിലാളികളും നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള 9.13 ശതമാനം പേരുമാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

Eng­lish Sum­ma­ry: Unor­ga­nized sec­tor in extreme pover­ty: 94 per cent earn less than Rs 10,000 per month

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.