August 11, 2022 Thursday

സമാനതകളില്ലാത്ത ക്രൂരത

Janayugom Webdesk
January 6, 2020 9:42 pm

കെ ദിലീപ്

ഇതിലും ശപിക്കപ്പെട്ട ദിവസം ജീവിതത്തിലുണ്ടാവരുതേ എന്ന ഉള്ളുരുകിയ ആഗ്രഹത്തോടെയാണ് ഈ കുറിപ്പ്. ഇതെഴുതുമ്പോഴും ദില്ലിയിലെ മരംകോച്ചുന്ന തണുപ്പില്‍ ഇന്ത്യയിലെ ഏറ്റവും പ്രതിഭാശാലികളായ മക്കളെ ജെഎന്‍യു ക്യാമ്പസിനകത്ത് വൃത്തികെട്ട നരാധമന്‍മാര്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. നിഷ്ക്രിയരായി പൊലീസും ക്യാമ്പസ് വളഞ്ഞ് നികൃഷ്ടരായ കുറേ മൃഗങ്ങളും. ഈ ദൃശ്യങ്ങള്‍ കണ്ട് നിസ്സഹായനായി ആ മക്കളെ രക്ഷിക്കാന്‍ ഒരു വിരല്‍ പോലും ചലിപ്പിക്കാനാവാതെ പോവുക എന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. ആ ദുരന്തത്തിലൂടെ കടന്നുപോവുന്ന ഈ ദിവസം തന്നെയാണ് ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസം. രാജ്യതലസ്ഥാനത്താണ് ഈ രാജ്യത്തെ ഓരോ പൗരന്റെയും (അതെ പൗരന്‍തന്നെ, ഒരു ഒറ്റുകാരന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ഈ രാജ്യത്ത് ജനിച്ച മരണം വരെ ജീവിക്കാന്‍ തീരുമാനിച്ച പൗരന്‍) ശിരസ് അപമാനം കൊണ്ട് ഭൂമിയോളം താഴ്ന്നുപോവുന്ന നീചമായ അക്രമം അരങ്ങേറുന്നത്.

കഴുതപ്പുലികളേക്കാള്‍ നീചരായ ഒരു പറ്റം മ‍‍ൃഗങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് ആയുധങ്ങളുമായി കടന്നുകയറി വിദ്യാര്‍ഥികളേയും അധ്യാപകരേയും ആക്രമിക്കുന്നത് ഇങ്ങകലെയിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ കാണുമ്പോ­ള്‍ ഈ പൈശാചിക കൃത്യങ്ങള്‍ പ്രതിരോധിക്കുവാന്‍ അതിശക്തമായ ഒരു ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ഈ കാലഘട്ടത്തിലെ ഇന്ത്യയിലെ ഓരോ പൗരന്റെയും ഏറ്റവും പ്രാഥമികമായ കടമ എന്ന് സംശയലേശമന്യേ പറയാം. എന്താണ് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയെ ഇന്ത്യയിലെ മറ്റ് പല യൂണിവേഴ്സിറ്റികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്? 1965 സെപ്റ്റംബര്‍ ഒന്നാം തീയതി രാജ്യസഭയില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്ഥാപിക്കുവാനുള്ള ബില്ലിലെ ചര്‍ച്ചാവേളയില്‍ ഭൂഷണ്‍ ഗുപ്ത എന്ന പാര്‍ലമെന്റംഗം ഇങ്ങനെ പറഞ്ഞു: ”ഇത് മറ്റൊരു യൂണിവേഴ്സിറ്റി മാത്രമാവരുത്” അതെ ജെ­എന്‍­യു മറ്റൊരു യൂണിവേഴ്സിറ്റി മാത്രമല്ല വേറിട്ട ഒരു യൂണിവേഴ്സിറ്റിയാണ്. പഠിക്കാന്‍ പുതിയ പല വിഷയങ്ങള്‍, തുറന്ന ചര്‍ച്ചകള്‍, രാജ്യത്തെ സാധാരണക്കാരുടെ മിടുക്കരായ മക്കള്‍ക്ക് അക്കാദമിക് ഔന്നത്യത്തിന്റെ പടവുകള്‍ കയറാനുള്ള അവസരം. ആ ക്യാമ്പസില്‍ നിന്നാണ് ഇന്ന് തെരുവു ഗുണ്ടകളുടെ അക്രമത്തില്‍ വാവിട്ടു നിലവിളിക്കുന്ന പെണ്‍മക്കളുടെ ദീനസ്വരം ഉയരുന്നത്.

ഒരച്ഛനും ഒരു സഹോദരനും സഹിക്കാനാവാത്ത കരച്ചില്‍. മനസില്‍ ഒരംശം പോലും മനുഷ്യത്വമില്ലാത്ത നരാധമന്‍മാര്‍ക്ക് മാത്രമേ, സമനിലതെറ്റിയ സാമൂഹ്യ വിരുദ്ധര്‍ക്ക് മാത്രമേ ജെഎന്‍യുവിലെ ഇന്നത്തെ നരനായാട്ട് സംതൃപ്തി നല്‍കുകയുള്ളൂ. ജെഎന്‍യു ബില്‍ ലോക്‌സഭ 1966 നവംബര്‍ 16ന് പാസാക്കി. 1969 ഏപ്രില്‍ 22ന് സര്‍വകലാശാല നിലവില്‍ വന്നു. ജെഎന്‍യുവിന്റെ കീഴില്‍ അംഗീകാരം ലഭിച്ച സ്ഥാപനങ്ങളില്‍ ആര്‍മി കാഡറ്റ് കോളജ് ഡെറാഡൂണ്‍ തുടങ്ങി ആറിലധികം പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളും കേരളത്തിലെ സിഡിഎസ് അടക്കമുള്ള അനേകം ഗവേഷണ സ്ഥാപനങ്ങളുമുണ്ട്. ഇന്ത്യയിലെ യൂണിവേഴ്സിറ്റികളില്‍ രണ്ടാം സ്ഥാനവും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗില്‍ ജെഎന്‍യുവിനുണ്ട്. മഗ്സസെ അവാര്‍‍ഡ് നേടിയ പി സായിനാഥ്, ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലറായിരുന്ന തലത് അഹമ്മദ്, സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം നേടിയ അഭിജിത്ത് ബാനര്‍ജി, ജയിന്‍ ഹവാല കേസ് പുറംലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകന്‍ വിനീത് നാരായണ്‍, ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദിയാന്‍, പ്രകാശ് കാരാട്ട് അടക്കം അനേകം രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥ­ര്‍, ശാസ്ത്രജ്ഞര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങി ഇന്ത്യയുടെ പൊരുതുന്ന യുവത്വത്തിന്റെ പ്രതീകമായ കനയ്യകുമാര്‍ വരെ ജെഎന്‍യു വിദ്യാര്‍ഥികളായിരുന്നു. 1019 ഏ­ക്കര്‍ വിസ്തൃതിയുള്ള ക്യാമ്പസ് 2150 പോസ്റ്റ്ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍, 5219 പിഎച്ച്ഡി വിദ്യാര്‍ഥികള്‍, 905 അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍,‍ 614 അധ്യാപകര്‍— ദേശദേശാന്തരങ്ങളില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ സര്‍വകലാശാല.

ലോക ചരിത്രത്തില്‍ എവിടെയൊക്കെ, എന്നൊക്കെ ഫാസിസ്റ്റുകള്‍ അധികാരത്തിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടോ അപ്പോഴൊഴെല്ലാം തന്നെ ആദ്യം നിശബ്ദരാക്കപ്പെടുന്നത് ആ രാജ്യങ്ങളിലെ സ്വതന്ത്ര ചിന്തകരെയാണ്. ഇന്ത്യയിലും അതുതന്നെയാണ് സംഭവിച്ചത്. ഗോവിന്ദ് പന്‍സാരെ മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള സ്വതന്ത്ര ബുദ്ധിജീവികളെ നിഷ്ക്കരുണം തോക്കിനിരയാക്കിയത് ഗാന്ധിവധത്തിന്റെ തുടര്‍ച്ച തന്നെയാണ്. കൊലപാതകങ്ങളിലൂടെയും അക്രമങ്ങളിലൂടെയും ജനങ്ങളില്‍ ഭീതി വളര്‍ത്തി, സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ഒരു ജനവിഭാഗത്തെ തേടിപ്പിടിച്ച് ഉന്മൂലനാശം വരുത്തി ഭ്രാന്തുപിടിച്ച ഫാസിസ്റ്റ് തേര്‍വാഴ്ചയ്ക്ക് കളമൊരുക്കി, സര്‍വനാശത്തിലേക്കെത്തിക്കുക എന്നതാണ് ഫാസിസ്റ്റ് ലോകത്തെവിടെയും ഫാസിസ്റ്റുകള്‍ ചെയ്യുന്നത്. ജര്‍മ്മനിയില്‍ അവരുടെ ഇര പാവപ്പെട്ട ജൂതരായിരുന്നു, അഫ്ഗാനിസ്ഥാനില്‍ ഹസാരകള്‍ എന്ന ഷിയാ മുസ്‌ലിമുകള്‍, മ്യാന്‍മറില്‍ റോഹിങ്ക്യകള്‍-ഫാസിസ്റ്റുകള്‍ പ്ലേഗുപോലെ അക്രമത്തിന്റെ മഹാമാരി വിതയ്ക്കുന്ന- ഒടുവില്‍ അവര്‍ തന്നെ അ­തിനിരയാവുകയും ചെ­യ്യുന്നു എന്നതും ചരിത്രസത്യം തന്നെ. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി എന്ന ഇ­ന്ത്യയുടെ അഭിമാനമായ സര്‍വകലാശാല മുതല്‍ സ്വതന്ത്ര ചിന്തയുടെ കേ­ന്ദ്രങ്ങളായ എല്ലാ സര്‍വകലാശാലകളെയും കലാലയങ്ങളെയും വ്യക്തികളെയും സംഘടനകളെയും ലക്ഷ്യമിട്ടാണ് തീവ്രമതവാദികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ചേകന്നൂര്‍ മൗലവിയും കല്‍ബുര്‍ഗിയും വധിക്കപ്പെട്ടത് മതതീവ്രവാദികളാലാണ്. ജെഎന്‍യുവിന്റെ സ്വതന്ത്ര ബൗദ്ധിക നിലപാടുകള്‍ക്കെതിരെ 2016 ഫെബ്രുവരി ഒന്‍പതിന് ആ ക്യാമ്പസില്‍ നടന്ന ഒരു മീറ്റിംഗില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി എന്ന് ആരോപിച്ച് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനും ഉമര്‍ഖാലിദിനുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുപ്പിക്കുകയും കോടതി പരിസരത്ത് വക്കീല്‍ വേഷം ധരിച്ചെത്തിയ ഗുണ്ടകള്‍ ആക്രമിക്കുകയും ചെയ്ത സംഭവം ജെഎന്‍യു എന്ന സര്‍വകലാശാലയുടെ സ്വതന്ത്ര അക്കാദമിക്ക് സ്വഭാവം നശിപ്പിക്കുവാനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു. ഇതിനാല്‍ ആസുത്രിതമായിതന്നെ വ്യാജ വീഡിയോകളടക്കം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

2020 ജനുവരി അഞ്ചിന് രാത്രി ജെഎന്‍യു ക്യാമ്പസില്‍ അരങ്ങേറിയ അക്രമപരമ്പരകള്‍ മനസ്സാക്ഷിയുടെ ഒരംശമെങ്കിലും ശേഷിച്ചിട്ടുള്ള ഏതൊരു ഇന്ത്യന്‍ പൗരന്റെയും ഹൃദയം തകര്‍ക്കുന്നതാണ്. ഇന്ത്യയുടെ തലസ്ഥാനത്ത് ‘ലോകത്തിനു മുന്നില്‍ തന്നെ ഇന്ത്യയുടെ അഭിമാനമായ’ രാജ്യത്തിന് നൊബേല്‍ സമ്മാന ജേതാവിനെയടക്കം സംഭാവന ചെയ്ത സര്‍വകലാശാലയില്‍ രാത്രിയുടെ മറവില്‍ മനുഷ്യത്വം മരവിച്ച ഒരുകൂട്ടം നരാധമന്‍മാര്‍ കടന്നുകയറി വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലിലടക്കം കയറി നടത്തിയ ആസൂത്രിത അക്രമം ഫാസിസ്റ്റുകള്‍ ഏതറ്റം വരെ പോവാനും മടിക്കില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. നോക്കുകുത്തികളായി നിന്ന പൊലീസിന്റെ ഒത്താശയോടെയാണ് അക്രമ പരമ്പര അരങ്ങേറിയത് എന്നാണ് വാര്‍ത്ത. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെഘോഷ്, സൂരി, അധ്യാപകരായ സുചിത്രസെന്‍, ശുക്ലസാവന്ത് എന്നിവരെല്ലാം ഗുരുതരമായി പരിക്കേറ്റ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇരുളിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ ക്യാമ്പസിലും ഹോസ്റ്റലുകളിലും സമാനതകളില്ലാത്ത അക്രമം അഴിച്ചുവിടുമ്പോള്‍, ആംബുലന്‍സുകള്‍പോലും ക്യാമ്പസിലേക്ക് കയറ്റിവിടാതെ തടഞ്ഞപ്പോള്‍ ഡല്‍ഹി പൊലീസ് ക്യാമ്പസിന്റെ ഗേറ്റുകള്‍ക്ക് പുറത്ത് നിര്‍വികാരരായി നോക്കി നില്‍ക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവസ്ഥലത്തെത്തിയ യോഗേന്ദ്ര യാദവടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. അക്രമം നടന്ന സമയമത്രയും സര്‍വകലാശാല ക്യാമ്പസില്‍ തെരുവുവിളക്കുകള്‍ അണഞ്ഞുകിടന്നു. ഇന്ത്യയിലെ പരമോന്നത കലാലയങ്ങളിലൊന്നിലെ വിദ്യാര്‍ഥികളും അധ്യാപകരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ കിടക്കുകയാണ്. അക്രമം തടയാന്‍ ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇനി ഈ സംഭവത്തില്‍ വരാന്‍ പോവുന്ന കേസുകളും മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എതിരെ ആയാലും ഒട്ടും അത്ഭുതപ്പെടേണ്ട കാര്യമില്ല. ഈ രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കപ്പെടണം. അതിന് ഈ രാജ്യത്തെ ഓരോ പൗരനും വലിയ വില നല്‍കേണ്ടിവരികയും ചെയ്യും എന്നാണ് ഈ സംഭവം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നത്.

Eng­lish sum­ma­ry: Unpar­al­leled cruelty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.