Web Desk

കൊല്ലം

June 04, 2021, 4:11 pm

ആരോഗ്യരംഗത്ത് നിസ്തുല സേവനം; പക്ഷേ ‘ആശ’മാര്‍ക്ക് അവഗണന മാത്രം

Janayugom Online

മഹാമാരിക്കാലത്ത് കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങാകുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് എങ്ങും അവഗണന മാത്രം. അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘ആശ’ എന്നത്. തുച്ഛമായ ഓണറേറിയത്തില്‍ ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റേണ്ടി വരുന്ന അവരുടെ ആവശ്യങ്ങളോട് മുഖം തിരിക്കുകയാണ് അധികൃതര്‍. സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനങ്ങളുമായി പൊതുജനങ്ങളെ ബന്ധിപ്പിക്കുക എന്ന ഭാരിച്ച ചുമതലയാണ് ആശാവര്‍ക്കര്‍മാര്‍ക്കുള്ളത്. പ്രതിമാസ ഓണറേറിയം 4,500 രൂപ മാത്രമാണ്. അതുതന്നെ രണ്ടും മൂന്നും മാസങ്ങള്‍ കഴിഞ്ഞുമാത്രമാണ് ലഭിക്കുന്നത്. 

2018ലും 2019ലും ഓണറേറിയത്തില്‍ 50 ശതമാനം വര്‍ധനവ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അതിപ്പോഴും വാഗ്‌ദാനമായി അവശേഷിക്കുകയാണ്. മിനിമം വേജസ് അനുവദിച്ച് കിട്ടാന്‍ നിരവധി തവണ രാജ്യവ്യാപകമായി ആശാവര്‍ക്കര്‍മാര്‍ സമരം നടത്തിയെങ്കിലും ഇതും അംഗീകരിക്കപ്പെട്ടിട്ടില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആശാവര്‍ക്കര്‍മാര്‍ രാവും പകലുമില്ലാതെ ഓട്ടമാണ്. ഒരാള്‍ പോസിറ്റീവായാല്‍ അയാള്‍ക്കാവശ്യമുള്ള മരുന്നുകള്‍, ഭക്ഷണം എന്നിവ എത്തിക്കുന്നതും രോഗം മൂര്‍ച്ഛിച്ചയാളിനെ ആശുപത്രിയിലെത്തിക്കേണ്ടതും ആശാവര്‍ക്കര്‍മാരുടെ ചുമതലയാണ്. ഇതിന് പുറമേ സ്വാബ് ടെസ്റ്റ്, കോവിഡ് വാക്സിനേഷന്‍ തുടങ്ങിയ ഡ്യൂട്ടികളും നിര്‍വഹിക്കപ്പെടേണ്ടിവരുന്നു.

ആശാവര്‍ക്കര്‍മാര്‍ നല്‍കുന്ന വിവരങ്ങളാണ് മുകള്‍തലം വരെ എത്തുന്നത്. എന്നാല്‍ സേവന‑വേതന വ്യവസ്ഥകളുടെ കാര്യം വരുമ്പോള്‍ ഇവരെ അവഗണിക്കുകയാണ് പതിവ്. 2020 ജനുവരി മുതല്‍ കോവിഡ് മുന്‍നിര പോരാളികളായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രത്യേക പരിഗണനകളൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും റിസ്ക് അലവന്‍സ് ലഭിക്കുന്നുണ്ടെങ്കിലും അതിലും ആശാവര്‍ക്കര്‍മാരെ അവഗണിച്ചിരിക്കുകയാണ്. അലവന്‍സായി ലഭിക്കുന്ന ആയിരം രൂപ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പോലും തികയില്ല. 

ഒരു ആശാപ്രവര്‍ത്തകയ്ക്ക് ഒരു പള്‍സ് ഓക്സിമീറ്ററാണ് അനുവദിച്ചിട്ടുള്ളത്. പോസിറ്റീവായ രോഗിയില്‍ നിന്നും അത് വാങ്ങി അടുത്ത രോഗിക്ക് എത്തിച്ചുകൊടുക്കുന്നത് ഇവരാണ്. ഏറ്റവും റിസ്ക്കുള്ള ജോലി ആയിട്ടുപോലും സംരക്ഷണം ലഭിക്കുന്നില്ല. ആവശ്യമായ ഓക്സിമീറ്റര്‍ പോലും നല്‍കാറുമില്ല. നിരവധി ആശാവര്‍ക്കര്‍മാര്‍ കോവിഡ് രോഗബാധിതരാവുകയും ചിലര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയിട്ടുമില്ല. പെന്‍ഷനും ഗ്രാറ്റുവിറ്റിയും മറ്റ് സുരക്ഷാ ആനുകൂല്യങ്ങളും അടിയന്തരമായി നടപ്പാക്കണമെന്ന് ആശാവര്‍ക്കാര്‍മാര്‍ ആവശ്യപ്പെടുന്നു. ഇഎസ്ഐയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇതുവരെയും ലഭിച്ചിട്ടില്ല. 2008 മുതല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആശാപ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തണമെന്നാണ് മറ്റൊരാവശ്യം.

ENGLISH SUMMARY:Unparalleled ser­vice in the field of health but asha work­ers got negligence
You may also like this video