വി ദത്തന്‍

May 09, 2021, 5:14 am

ശാസ്ത്രബോധമില്ലാത്ത ഭരണാധികാരി

Janayugom Online

രണാധികാരി തീർത്തും യുക്തിവാദിയാകണം എന്നില്ല. കുറഞ്ഞപക്ഷം വിവേചന ബുദ്ധിയെങ്കിലും ഉള്ളവനാകണം. ശാസ്ത്രജ്ഞനാകണമെന്ന് ഇല്ല. പക്ഷേ ശാസ്ത്രബോധമുള്ളവനാകണം. അന്ധവിശ്വാസവും ശാസ്ത്രയുക്തിയും തിരിച്ചറിയാന്‍ കഴിവുള്ളവനെങ്കിലുമാകണം. ഇതൊന്നും ഇല്ലാത്ത ഒരാളായിപ്പോയി നമ്മുടെ പ്രധാനമന്ത്രി. പ്രധാനമന്ത്രി മാത്രമല്ല കേന്ദ്രഭരണകൂടം ഒന്നടങ്കം അങ്ങനെ ആയിപ്പോയി. കോവിഡ് 19 ന്റെ രണ്ടാം വരവിൽ രാജ്യം ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം അതാണ്.

രോഗശമനത്തിനു മരുന്നും മന്ത്രവും എന്നതായിരുന്നു ഇന്ത്യയിലെ പരമ്പരാഗത രീതി. വൈദ്യശാസ്ത്രം പുരോഗമിച്ചതോടെ അഭ്യസ്തവിദ്യര്‍ക്കിടയിൽ മരുന്നിനു പ്രാധാന്യമേറുകയും മന്ത്രം നാമമാത്രമായി ചുരുങ്ങുകയും ചെയ്തു. ആധുനിക ലോകരാഷ്ട്രങ്ങളെല്ലാം രോഗശാന്തിക്കും രോഗപ്രതിരോധത്തിനും ആധുനിക ഔഷധങ്ങളെയും ചികിത്സാരീതികളെയുമാണ് ആശ്രയിക്കുന്നത്. 2014 വരെ ഇന്ത്യയും ഏറെക്കുറെ നവീനരീതികളാണ് അവലംബിച്ചിരുന്നത്. എന്നാൽ 2014 ൽ മോഡിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ മരുന്നിനേക്കാൾ മന്ത്രത്തിനും തന്ത്രത്തിനും പ്രാധാന്യം ഏറാൻ തുടങ്ങി. മന്ത്ര,അന്ധവിശ്വാസ മുന്നേറ്റം അപകടകരമായി വളർന്നത് മോഡിയുടെ രണ്ടാം വരവോടെയാണ്. സംഘപരിവാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയോടു ജന്മനായുള്ള എതിർപ്പ് നഗ്നമായി പ്രകടിപ്പിക്കാൻ തുടങ്ങിയതും ഇക്കാലത്താണ്.

ഭരണഘടന പൗരന് ഉറപ്പാക്കുന്ന പുരോഗമന നിയമങ്ങൾ ഒന്നാകെ കാറ്റിൽ പറത്തി. ഭരണഘടനയുടെ നാലാം ഭാഗം അനുച്ഛേദം 51 എ‑യിൽ പൗരന്റെ മൗലിക കർത്തവ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നിടത്ത് (എച്ച്) ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്ക്കരണത്തിനും ഉള്ള മനോഭാവം വികസിപ്പിക്കണം എന്ന് പറയുന്നുണ്ട്. പൗരന്മാരെന്ന നിലയിൽ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഈ മൗലിക കർത്തവ്യം നടപ്പാക്കാനുള്ള ബാധ്യതയുണ്ട്. പക്ഷെ ശാസ്ത്രീയ കാഴ്ചപ്പാട് തരിമ്പും ഇല്ലാത്തവരെ പോലെയാണ് അവർ ഈ മഹാവ്യാധിയെ നേരിട്ടത്.

2020 ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ലോകത്തെ വികസിത രാഷ്ട്രങ്ങൾ പലതും രോഗത്തിനു മുമ്പിൽ പകച്ചുനിന്നു. ശാസ്ത്രജ്ഞരുടെയും ആരോഗ്യ വിദഗ്ധരുടെയും കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ജനങ്ങൾ മരിച്ചു വീഴാൻതുടങ്ങി. മാർച്ച് 11നു ലോകാരോഗ്യ സംഘടന കോവിഡ് 19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. പ്രതിരോധിക്കാനോ ഭേദമാക്കാനോ ഉള്ള ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാരോഗത്തെ ചെറുക്കാൻ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ലോകാരോഗ്യ സംഘടന പുറത്തുവിടുകയും ചെയ്തു. പക്ഷേ ഇന്ത്യൻ ഭരണകൂടം രോഗത്തെ അത്ര കാര്യമായി എടുത്തില്ല. ഫെബ്രുവരി 25നു ഇന്ത്യയിൽ എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കുന്നതിലായിരുന്നു പ്രധാനമന്ത്രിയുടെ ശ്രദ്ധ മുഴുവൻ. പോരാത്തതിന്, ‘മഹാഭാരത യുദ്ധം 18 ദിവസം നീണ്ടു നിന്നെങ്കിൽ കോവിഡ് 21 ദിവസംകൊണ്ട് അവസാനിക്കും’ എന്ന് പ്രധാനമന്ത്രി പ്രസ്താവിക്കുകയും ചെയ്തു. യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെയാണ് മോഡി ഈ വിടുവായത്തം തട്ടിവിട്ടത്. 21 അല്ല 421 ദിവസം കഴിഞ്ഞിട്ടും രോഗം കുറഞ്ഞില്ലെന്നു മാത്രമല്ല പൂർവാധികം ശക്തിയായി ദിനംപ്രതി വ്യാപിച്ചു കൊണ്ടിരിക്കുകയുമാണ്.

പുരാണ കഥാപാത്രങ്ങൾ ചരിത്ര പുരുഷന്മാർ ആണെന്ന് വിശ്വസിക്കുകയും അതിന്റെ പേരിൽ മത കലഹങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു വർഗീയ പാർട്ടിയുടെ നേതാവെന്ന നിലയിൽ മോഡി കൊറോണ വൈറസിന്റെ ആക്രമണത്തെ മഹാഭാരത യുദ്ധത്തോട് സാമ്യപ്പെടുത്തുന്നതിൽ അത്ഭുതമില്ല. പക്ഷെ ഒരു മതേതര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നുകൊണ്ട് അങ്ങനെ ചെയ്തത് തെറ്റാണ്; അനൗചിത്യമാണ്. ഭരണഘടനാ വിരുദ്ധവുമാണ്. ശാസ്ത്രയുക്തിയെക്കാൾ ഭക്തിയും വിശ്വാസവുമാണ് മോഡിയെയും കൂട്ടരെയും ഭരിക്കുന്നത്. മസൂരി വരുമ്പോൾ ദേവീകോപം കൊണ്ടാണെന്ന് പറഞ്ഞു രോഗികളെ മരണത്തിനു വിട്ടുകൊടുത്തിരുന്ന പ്രാകൃത മനഃസ്ഥിതിയാണ് മോഡി ഉൾപ്പെടെയുള്ള ബിജെപി നേതൃത്വത്തിനുള്ളത്. ഇന്ത്യയിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം ഫെബ്രുവരി 22നു ജഗ്ഗി വാസുദേവ് എന്ന ആള്‍ദൈവത്തിന്റെ കോയമ്പത്തൂരുള്ള പഞ്ചനക്ഷത്ര സങ്കേതത്തിൽ നടന്ന ശിവരാത്രി ഉത്സവം ഉദ്ഘാടനം ചെയ്തത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആയിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് അന്നവിടെ പങ്കെടുത്തത്. ലോകജനതയെ കൊന്നൊടുക്കുന്ന ഒരു മഹാവ്യാധിയെ സംഘപരിവാർ നേതൃത്വം എത്ര ഉദാസീനമായിട്ടാണ് സമീപിച്ചത് എന്ന് ഇതിൽനിന്നും തെളിയുന്നു.

അമ്മ വിളയാട്ടമാണ് ചിക്കൻപോക്സും സ്മാൾപോക്സും എന്ന അന്ധവിശാസത്തിന്റെ വകഭേദമാണ് കോവിഡിനോട് മോഡിയും സംഘവും വച്ചുപുലർത്തുന്നത്. കേന്ദ്രമന്ത്രിസഭയിലെ ഒരു ഡസനിലധികം മന്ത്രിമാർ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയ്ക്ക് ഈ മഹാവ്യാധിയെ കുറിച്ചും അതിനുള്ള പ്രതിവിധിയെ കുറച്ചും പറഞ്ഞുപരത്തിയ ഭോഷത്തങ്ങൾക്കും വിവരക്കേടുകൾക്കും കണക്കില്ല. ബാബറി മസ്ജിദ് നിന്നിടത്താണ് ശ്രീരാമനെ പ്രസവിച്ചതെന്നു ആർഎസ്എസ് ശാഖാക്ലാസുകളിൽ നിന്ന് കിട്ടിയ വിദ്വേഷ വിജ്ഞാനം തൊണ്ടതൊടാതെ വിഴുങ്ങുന്ന സ്വഭാവം പ്രധാനമന്ത്രിയായിട്ടും ഇതുവരെ വിട്ടുപോയിട്ടില്ല. ശ്രീരാമനും ഗോമാതാവും ഏതു മഹാരോഗത്തിൽ നിന്നും നമ്മളെ രക്ഷിച്ചുകൊള്ളും എന്ന സാധാ സംഘികളുടെ അതേ അന്ധവിശ്വാസം തന്നെയാണ് മോഡിയെയും ഭരിക്കുന്നത്. അല്ലെങ്കിൽ, തന്റെ മന്ത്രിസഭയിലെ മന്ത്രിമാർ ലോകരെകൊണ്ട് ചിരിപ്പിക്കുന്ന ഭൂലോക വിഡ്ഢിത്തം ദൃശ്യമാധ്യമങ്ങൾ വഴി വിളമ്പിയപ്പോൾ കടിഞ്ഞാൺ ഇടുമായിരുന്നു. അങ്ങനെ ചെയ്തില്ലെന്ന് മാത്രമല്ല, കുരങ്ങിന് ഏണി ചാരിക്കൊടുക്കുന്നതുപോലെ അത്തരം ഭോഷത്തങ്ങൾ ആവർത്തിച്ച് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പ്ലക്കാർഡും പിടിച്ച് ‘ഗോ, ഗോ കൊറോണ’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചാൽ കൊറോണ വൈറസ് ഒഴിഞ്ഞു പോകും എന്ന് പറയുകയും അതുപോലെ പ്രവർത്തിക്കുകയും ചെയ്തത് മോഡി മന്ത്രിസഭയിലെ ഒരംഗമായ രാംദാസ് അത്തെവാലയാണ്. രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി സുഖ് ബീർ സിംഗ് ജൗനാപുരിയാകട്ടെ, ദേഹമാസകലം ചളി വാരിപൂശിയും ചളിയിൽ ഇരുന്നും ശംഖ് ഊതുകയും ഇലകൾ കൊണ്ട് തയ്യാറാക്കിയ ജ്യൂസ് കുടിക്കുകയും ചെയ്താൽ കൊറോണ വൈറസിനെ ഓടിക്കാം എന്ന് പ്രചരിപ്പിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ ഭാഭ്ജി പപ്പടം തിന്നാൽ മതി എന്നു പറഞ്ഞു അർജ്ജുൻ റാം എന്ന മറ്റൊരു കേന്ദ്രമന്ത്രി. ഇവർക്ക് രണ്ടുപേർക്കും പിന്നീട് കോവിഡു ബാധിച്ചപ്പോൾ പോലും, ഇത്തരം വിഡ്ഢിത്തങ്ങൾ പുലമ്പി ജനങ്ങളെ വഴിതെറ്റിക്കരുത് എന്ന് മോഡി ശാസിച്ചില്ല. തന്നെയുമല്ല, കർഫ്യുവിന്റെ അവസാനം വീടിന്റെ ടെറസ്സിൽ കയറി നിന്ന് പാത്രം കൊട്ടാനും ടോര്‍ച്ച് തെളിക്കാനും നിർദ്ദേശിക്കാനുള്ള പ്രചോദനം മോഡിക്ക് കിട്ടിയത് അത്തെവാലെയെ പോലുള്ളവരിൽ നിന്നാണോ എന്നാണു ഇപ്പോൾ സംശയം.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ തുടങ്ങുന്ന 2020 ഓഗസ്റ്റോടെ ഇന്ത്യയിൽ നിന്നും കൊറോണ വൈറസ് ഒഴിഞ്ഞു പോകുമെന്നാണ് മധ്യപ്രദേശ് ബിജെപി നേതാവും ഒരു തവണ പ്രോട്ടൈം സ്പീക്കറുമായിരുന്ന രാമേശ്വർ ശർമ്മ പ്രവചിച്ചത്. ഈ വിഡ്ഢിപ്രവചനം വിശ്വസിച്ചിട്ടാണോ ഭരണ ഘടനാവിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് അറിഞ്ഞുകൊണ്ട് രാമക്ഷേത്രത്തിനു തറക്കല്ലിടാൻ പ്രധാനമന്ത്രി പോയതെന്ന് സംശയിക്കണം. ഗോമൂത്രം സർവരോഗ സംഹാരിയാണെന്നും പശുവിന്റെ ഉച്ഛ്വാസവായു നിറയെ ഓക്സിജൻ ആണെന്നും ഇന്ത്യമുഴുവൻ പറഞ്ഞു പരത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തനും വിധേയനുമായ യുപി മുഖ്യമന്ത്രി ആദിത്യനാഥ് ആണ്. ഈ അന്ധവിശ്വാസമാണ് യുപിയെ ഓക്സിജൻ ക്ഷാമത്തിലെത്തിച്ചതും നിരവധിപേർ ജീവവായു കിട്ടാതെ മരിക്കാൻ ഇടയാക്കിയതും.

2021 ഏപ്രിലോടെ ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കാൻ ഇടയുണ്ടെന്ന് ഡബ്ല്യുഎച്ച്ഒയും ശാസ്ത്രലോകവും മുന്നറിയിപ്പ് നൽകിയിരുന്നതാണ്. രോഗത്തിന്റെ രണ്ടാം വരവ് വർധിതവീര്യത്തോടെ ആകുമെന്ന് മുൻകൂട്ടി മനസിലാക്കിയിട്ടും കുംഭമേള നടത്താതിരിക്കാനോ നാമമാത്രമായി ചുരുക്കാനോ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറായില്ല. കുംഭമേള വിജയിപ്പിക്കുന്നതിന് ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണുണ്ടായത്. മേളയുടെ ആദ്യദിവസങ്ങളിൽ തന്നെ അയ്യായിരം പേർക്ക് കോവിഡ് ബാധ ഉണ്ടായി. എന്നിട്ടും കുംഭമേള നിർത്താൻ സർക്കാർ കൂട്ടാക്കിയില്ല. രോഗവ്യാപനം തടയുന്നതിനേക്കാൾ കുംഭമേള ഗംഭീരമായി നടത്തണം എന്നതിലായിരുന്നു അധികാരികളുടെ ശ്രദ്ധ. ഒരു ബിജെപി നേതാവ് പറഞ്ഞത്, കുംഭമേള നടത്തിയാൽ കൊറോണ ഒഴിഞ്ഞു പോകുമെന്നാണ്. മധ്യപ്രദേശിൽ നിന്നും കുംഭമേളക്ക് പോയിട്ട് വന്നവരിൽ 99 ശതമാനം പേർക്കും കോവിഡ് ബാധിച്ചു. ഒടുവിൽ കുംഭമേളയുടെ സംഘാടകരിൽ പ്രമുഖരായ ചില സന്യാസിമാർ കോവിഡ് ബാധിച്ചു മരിച്ചതോടെയാണ് മേള നിര്‍ത്തിവച്ചത്.

ഇതിനിടയ്ക്ക്, കൊറോണാ മഹാമാരിക്കെതിരെയുള്ള യുദ്ധത്തിൽ ഹനുമാൻ സ്വാമിയുടെ അനുഗ്രഹം തുടര്‍ന്നുണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നതായിട്ടാണ് ഹനുമാൻ ജയന്തിക്ക് മോഡി ട്വീറ്റ് ചെയ്തത്. ഹനുമാനെയും സുഗ്രീവനെയും ബാലിയെയും ഒന്നും ആരാധിക്കാത്ത ഒരു വലിയ വിഭാഗം ജനങ്ങളെ പ്രധാനമന്ത്രി അവഹേളിക്കുകയാണ് ചെയ്തത്. ഒരു മതേതര രാജ്യമെന്നു ഭരണഘടനയുടെ ആമുഖത്തിൽ തന്നെ സൂചിപ്പിച്ചിട്ടുള്ള ഇന്ത്യയുടെ ഭരണത്തലവൻ മഹാമാരിയെ തോല്പിക്കാൻ തന്റെ ഇഷ്ടദൈവത്തിന്റെ അനുഗ്രഹം ആവശ്യമുണ്ടെന്നു പ്രസ്താവിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഭരണഘടനയെ തിരസ്ക്കരിക്കലാണ്. രോഗശമനത്തിന് മരുന്നിനേക്കാൾ മന്ത്രത്തിനെയും വിശ്വാസത്തെയും ആശ്രയിക്കാനുള്ള ആഹ്വാനമാണ് മോഡി നൽകിയത്.

സാർവ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന ഇന്ത്യയുടെ ശാസ്ത്ര കോണ്‍ഗ്രസ് വേദിയിൽ, പ്ലാസ്റ്റിക് സർജറി കണ്ടുപിടിച്ചത് ഇന്ത്യാക്കാരാണെന്നും ഗണപതിയുടെ തല പ്ലാസ്റ്റിക് സർജറി നടത്തി വച്ചുപിടിപ്പിച്ചതാണെന്നും തട്ടിവിട്ട ആളാണ് മോഡി. ചരിത്രവും മിത്തും തമ്മിലും ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലും ഉള്ള വ്യത്യാസം അദ്ദേഹത്തിനു അറിഞ്ഞുകൂട എന്നാണ് ഇതിൽ നിന്നും സ്പഷ്ടമാകുന്നത്. റൈറ്റ് ബ്രദേഴ്സ് അല്ല ഇന്ത്യാക്കാരാണ് വിമാനം കണ്ടുപിടിച്ചതെന്നും അതാണ് പുഷ്പകവിമാനം എന്നുമുള്ള മറ്റനേകം ശാസ്ത്രഭോഷത്തങ്ങൾ മോഡി വിളമ്പിയിട്ടുണ്ട്. ഇത്തരം അന്ധവിശ്വാസങ്ങളും കവിഭാവനകളും സത്യമാണെന്ന് വിശ്വസിക്കുന്ന ഒരാൾ എങ്ങനെയാണ് ശാസ്ത്ര നിർദ്ദേശങ്ങൾ മുഖവിലയ്ക്കെടുക്കുക? മരുന്നിനേക്കാൾ മന്ത്രത്തിൽ വിശ്വസിക്കുന്ന അധികാരികൾ ശാസ്ത്ര മുന്നറിയിപ്പുകളെ അവഗണിക്കുക സ്വാഭാവികമാണ്. അതാകട്ടെ രാഷ്ട്രത്തിനും ജനങ്ങൾക്കും വിനാശകരവും. ഇന്ത്യ മഹാവ്യാധി മൂലം ഇന്നഭിമുഖീകരിക്കുന്ന കെടുതികളുടെ പ്രധാന കാരണവും അതു തന്നെ.