പരിഹാരമില്ലാത്ത പ്രശ്‌നങ്ങള്‍

Web Desk
Posted on June 20, 2018, 4:01 pm

ഡോ. ചന്ദന ഡി കറുത്തുള്ളി ലേഖിക: ആയുര്‍വേദ ഫിസിഷ്യന്‍, കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്. ഫോണ്‍ 7907198263

നാമെല്ലാം ജീവിതത്തിന്റെ പല പല പ്രശ്‌നങ്ങളില്‍പ്പെട്ട് വേദനിക്കുന്നവരായിരിക്കും. ആഗ്രഹിക്കാത്ത ജീവിതദുരിതങ്ങളും ആഗ്രഹിച്ചിട്ടും ലഭിക്കാത്ത ജീവിതസൗഭാഗ്യങ്ങളും നിരന്തരം നമ്മെ വേട്ടയാടുന്നു. സ്വയവും നമുക്കു ചുറ്റുമുള്ളവരെയും നമ്മുടെ സാഹചര്യത്തെയും കുറ്റപ്പെടുത്തിയും പഴിചാരിയും നാം ജീവിതം മുന്നോട്ടുനീക്കുന്നു. ഭാര്യയുടെ പഴിചാരലിനെയും ഭര്‍ത്താവിന്റെ ഉത്തരവാദിത്വമില്ലായ്മയേയും നിരന്തരം കുറ്റം പറഞ്ഞും അസംതൃപ്തരായും എന്തിന് നാം കാലം കഴിക്കുന്നു? ആത്യന്തികമായി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരവുമില്ലേ?

നമ്മുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ രണ്ടുവിധത്തിലുണ്ട് — പരിഹാരമുള്ളവയും പരിഹാരമില്ലാത്തവയും. താല്‍ക്കാലിക സാമ്പത്തിക പ്രശ്‌നങ്ങള്‍, ദൈനംദിന ജീവിതത്തിലെ കൊച്ചുകൊച്ച് അസൗകര്യങ്ങള്‍, കേടായ ഉപകരണങ്ങള്‍, അടയ്‌ക്കേണ്ട ബില്ലുകള്‍ തുടങ്ങിയവയെല്ലാം പരിഹാരമുള്ള പ്രശ്‌നങ്ങളാണ്. അതായത് നമ്മുടെ സമയവും പണവും അധ്വാനവും കൊണ്ട് നമുക്കവ പരിഹരിക്കാന്‍ സാധിക്കുന്നു. ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുമ്പോള്‍ മാറുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, കഠിനാധ്വാനം കൊണ്ട് നേടിയെടുക്കാവുന്ന വിജയങ്ങള്‍ എന്നിവയും പരിഹാരമുള്ള കാര്യങ്ങളാണ്. എന്നാല്‍ നമുക്കുചുറ്റും പരിഹാരമില്ലാത്ത പല പ്രശ്‌നങ്ങളും ഉണ്ട്. പ്രിയപ്പെട്ടവരുടെ മരണം, നമ്മുടെയും നമ്മുടെ കുടുംബാംഗങ്ങളുടെയും വ്യക്തിത്വത്തിലെ പ്രശ്‌നങ്ങള്‍, മാറാരോഗങ്ങള്‍, കുട്ടികളിലെ വളര്‍ച്ചാവൈകല്യങ്ങള്‍ തുടങ്ങിയവ പരിഹാരമില്ലാത്ത പ്രശ്‌നങ്ങളാണ്. ഇത്തരം സാഹചര്യങ്ങളില്‍ അവയോട് മല്ലിട്ട് സ്വന്തം മാനസിക ഊര്‍ജ്ജം കളഞ്ഞിട്ട് ഫലമില്ല. വന്നുപോയ സത്യത്തെ ഉള്‍ക്കൊണ്ടും അംഗീകരിച്ചും നമ്മുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ നമുക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിച്ചും അതിനായി പ്രയത്‌നിക്കുകയുമാണ് നമുക്ക് ചെയ്യാനാവുന്നത്.

ഇന്ന് ഭൂരിഭാഗം പേരുടെയും പ്രശ്‌നം നമ്മുടെ കുടുംബാംഗങ്ങളുടെ സ്വഭാവമാണ്. ഭാര്യാഭര്‍ത്താക്കന്മാരുടെ മിക്ക വഴക്കും തന്റെ പങ്കാളിയുടെ സ്വഭാവത്തെ ചൊല്ലിയാണ്. നാം സൂചിപ്പിക്കുന്നതുപോലെതന്നെ സ്വഭാവം എന്നത് ‘സ്വന്തം ഭാവം’ എന്നതാണ്. വ്യക്തിത്വം, പേഴ്‌സണാലിറ്റി എന്നെല്ലാം പറയുന്നതിന്റെ ഒരു ചെറിയ രൂപമാണ് സ്വഭാവം. നമ്മുടെ ജനിതകവാസനയായും നമ്മെ വളര്‍ത്തിയ രീതികളാലും നമ്മുടെ ശീലങ്ങളില്‍ നിന്നുമെല്ലാം രൂപപ്പെട്ടുവരുന്നതാണ് നമ്മുടെ സ്വഭാവങ്ങള്‍. ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അയാള്‍ സ്വയം വിചാരിക്കേണ്ടതായിരിക്കുന്നു. എന്നാല്‍ ഒരാള്‍ വിചാരിച്ചാലും അയാളുടെ വ്യക്തിത്വത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കില്ല. ഉദാഹരണത്തിന് അന്തര്‍മുഖനായ ഒരു വ്യക്തി വിചാരിച്ചാല്‍ അയാള്‍ക്ക് പുറംലോകവുമായി മികച്ച സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കുമായിരിക്കും. എന്നാല്‍ അയാളുടെ പ്രകൃതം മാറ്റാന്‍ സാധിക്കണമെന്നില്ല. ഉള്ളിന്റെ ഉള്ളില്‍ അയാളുടെ പ്രകൃതം ഉള്‍വലിഞ്ഞതും ആള്‍ക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നതും തന്നെയായിരിക്കും.

നമ്മുടെ ശീലങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കും വ്യക്തിത്വരൂപീകരണത്തില്‍ വലിയ പങ്കുണ്ട്. ചെറുപ്രായത്തിലെ നമ്മെ വളര്‍ത്തുന്ന രീതി അതിനാല്‍തന്നെ പ്രധാനമാണ്. ചെറുപ്പത്തിലെ ഉത്തരവാദിത്വബോധത്തോടെ വളര്‍ത്തപ്പെടുന്ന ഒരു കുട്ടി മുതിരുമ്പോള്‍ പ്രശ്‌നങ്ങളില്‍ ഉത്തരവാദിത്വത്തോടെ പെരുമാറുകയും തന്നാലാവുന്ന പരിഹാരങ്ങള്‍ സ്വയം ഏറ്റെടുത്ത് നിറവേറ്റുകയും ചെയ്യുന്നു. അത്തരം സ്വഭാവം വ്യക്തിത്വത്തിന്റെ ഭാഗമാക്കിയ ഒരാള്‍, തന്റെ സ്വഭാവത്തിലെ ഒരു കാര്യം തന്റെ പങ്കാളിക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ അത് മാറ്റാന്‍ തയ്യാറാവുന്നു. എന്നാല്‍ അങ്ങനെയല്ലാത്ത ഒരാളാവട്ടെ തന്റെ സ്വഭാവങ്ങളം ശീലങ്ങളും ഒരാള്‍ക്കും വേണ്ടി മാറ്റിവയ്ക്കാനോ തിരുത്താനോ തയ്യാറാവുന്നില്ല. സ്വന്തം സുഖങ്ങള്‍ മറ്റൊരാള്‍ക്കുവേണ്ടി മാറ്റിവയ്ക്കാന്‍ ശീലിച്ചിട്ടില്ലാത്ത ഒരു വ്യക്തി തന്റെ പങ്കാളിക്കുവേണ്ടി അതിന് തയ്യാറാവാത്തതില്‍ അതിശയിച്ചിട്ട് കാര്യമില്ലല്ലോ.
ഇത്തരം സാഹചര്യത്തില്‍ നിരന്തരം അയാളോട് അതിനെച്ചൊല്ലി വഴക്കിട്ടിട്ടും കലഹിച്ചിട്ടും കുടുംബത്തിന്റെ സമാധാനം കളയുന്നതില്‍ അര്‍ഥമില്ല. നാം ഒരു വ്യക്തിയെ വിവാഹം ചെയ്യുമ്പോള്‍ തന്നെ അയാളുടെ വ്യക്തിത്വത്തെ കൂടിയാണ് നാം നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതും നമ്മോടൊപ്പം ഉണ്ടാകും. അതിനാല്‍തന്നെ ഒരു വ്യക്തിയെ അയാളുടെ സ്വഭാവങ്ങളോടും വ്യക്തിത്വത്തോടും ശീലങ്ങളോടുമൊപ്പം അംഗീകരിക്കുക എന്നതേ നിര്‍വാഹമുള്ളു. നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നമ്മുടെ പങ്കാളിയുടെ വ്യക്തിത്വഘടകവുമായി എങ്ങനെ യോജിച്ചുപോകാം എന്നതാണ് അടുത്ത ചോദ്യം. ഉദാഹരണത്തിന്, സൗഹൃദങ്ങളുണ്ടാക്കാനും അവരുമായി സമയം ചിലവിടാന്‍ ഇഷ്ടപ്പെടുന്നവരുമായ പുറം ലോകവുമായും സാമൂഹികബന്ധങ്ങളിലും മികച്ച സമ്പര്‍ക്കം പുലര്‍ത്തുന്നവരാണ് ബഹിര്‍മുഖരായവര്‍. തന്റെ പങ്കാളി ബഹിര്‍മുഖനാണെങ്കില്‍ അയാളുടെ സ്വഭാവം അംഗീകരിക്കാതെ, അയാളെ വീട്ടില്‍തന്നെ പിടിച്ചിരുത്താന്‍ നോക്കുന്നത് വിഫലമായിരിക്കും. തന്നോടൊപ്പം മാത്രം അയാള്‍ സമയം ചെലവിടണമെന്ന് അയാളുടെ പങ്കാളി ശഠിച്ച് വഴക്കുകൂടിയാല്‍ പരസ്പരം അകലുമെന്നല്ലാതെ അയാള്‍ക്ക് മാറ്റം വരാന്‍ ഇടയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരസ്പരം ഒന്നിച്ച് പോകാനാവുന്നരീതിയില്‍ ഒരു സമവായത്തില്‍ എത്തിച്ചേരുന്നത് നല്ല ഒരു പരിഹാരമായിരിക്കും. പരസ്പരം വിട്ടുവീഴ്ചചെയ്ത് ഒരു തീരുമാനത്തില്‍ എത്തി അത് നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത് നന്നായിരിക്കും. അല്ലാതെ പൊതുവെ സ്ഥായിയായ വ്യക്തിത്വഘടകങ്ങള്‍ക്കെതിരെ ബഹളം വെച്ചും കുറ്റപ്പെടുത്തിയും ജീവിക്കുന്നത് സന്തോഷം തരില്ല.

പരിഹാരമില്ലാത്ത മറ്റൊരു പ്രശ്‌നമാണ് പഴയകാലത്തില്‍ ജീവിക്കുന്നത്. പണ്ട് ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്നിങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന കുറ്റബോധവും കുറ്റപ്പെടുത്തലും ആര്‍ക്കും ഗുണം ചെയ്യില്ല. കഴിഞ്ഞുപോയതെല്ലാം അംഗീകരിച്ചുകൊണ്ട് ഇന്ന് എനിക്ക് എന്തുചെയ്യാന്‍ സാധിക്കും എന്ന് ചിന്തിക്കുന്നത് പ്രശ്‌നപരിഹാരത്തിലേക്കുള്ള ആദ്യപടിയാണ്. പലപ്പോഴും നാം ജീവിക്കുന്നത് കഴിഞ്ഞകാലത്തെ കുറ്റപ്പെടുത്തലിലോ ഭാവികാലത്തെ ആശങ്കകളിലോ ആയിരിക്കാം. അത്തരം ചിന്തകള്‍ കണ്ടെത്തി ഉന്മൂലനം ചെയ്യുന്നത് മാനസികാരോഗ്യത്തിന് വഴിനല്‍കുന്നു. ഇന്ന്, ഈ നിമിഷത്തില്‍ ജീവിക്കുക എന്നത് നാമോരോരുത്തരും ജീവിതത്തില്‍ പകര്‍ത്തേണ്ട ശീലമാണ്.

അതുപോലെ പരിഹാരമില്ലാത്തവയാണ് മാറാരോഗങ്ങള്‍. പ്രമേഹം, രക്താതിമര്‍ദ്ദം എന്നീ ജീവിതശൈലീരോഗങ്ങള്‍ക്ക് പൂര്‍ണമായ ഒരു പരിഹാരമില്ലെന്നിരിക്കെ ചിട്ടയായ ആഹാരക്രമീകരണവും വ്യായാമവും മറ്റും അവയെ നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുന്നു. കുട്ടികളിലെ വളര്‍ച്ചാവൈകല്യങ്ങളായ ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, ഓട്ടിസം എന്നീ രോഗങ്ങളിലും പൂര്‍ണമായ രോഗപരിഹാരം അപ്രാപ്യമാണ്. എന്നാല്‍ ചിട്ടയായ ചികിത്സയും ട്രെയിനിങും കൊണ്ട് അവസ്ഥ മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. ഇത്തരം രോഗാവസ്ഥകള്‍ മാനസികമായി സമ്മര്‍ദ്ദം നല്‍കുന്നവയാണ്. മാതാപിതാക്കള്‍, പക്ഷെ, തങ്ങളെക്കൊണ്ടാവുന്ന പിന്തുണയും സ്‌നേഹവും പരിചരണവും നല്‍കിയും കുഞ്ഞുങ്ങളുടെ അവസ്ഥയെ അംഗീകരിച്ചുകൊണ്ടുള്ള സമീപനവും പ്രോത്സാഹനവും നല്‍കിയും കുഞ്ഞുങ്ങളോട് ഇടപെടേണ്ടതാണ്.

സന്തോഷത്തിന്റെ ദിശാസൂചകമായി പലരും പറയുന്ന ഒരു മുദ്രാവാക്യമാണ് നിബന്ധനകളില്ലാതെ ജീവിതത്തെ അംഗീകരിക്കുക എന്നത്. നാമാഗ്രഹിക്കുന്നപോലെയല്ലല്ലോ പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്നത്. അതിനാല്‍തന്നെ ഏത് സാഹചര്യത്തെയും തുറന്ന മനസോടെ അംഗീകരിക്കാന്‍ നാം ബുദ്ധിമുട്ടുന്നു. മറ്റുള്ളവരുടെ സ്വഭാവരീതികള്‍ മാറണം എന്ന് നിരന്തരം വാശിപിടിക്കുന്നതല്ലാതെ ആ സാഹചര്യത്തെ കുറച്ചുകൂടി പക്വതയോടെ നേരിടാന്‍ എനിക്കെങ്ങനെ മാറാന്‍ സാധിക്കും എന്നു നാമെല്ലാം ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവരെ അവരുടെ കുറവുകളോടുകൂടി അംഗീകരിക്കുകയും അവരോട് മാറാനാവശ്യപ്പെടുന്നതിന് പകരം നമുക്ക് മനഃസമാധാനമുണ്ടാവുന്ന രീതിയില്‍ സ്വയം മാറാന്‍ സന്നദ്ധരാവുകയും ചെയ്യേണ്ടതാണ്.

‘ആടുജീവിത’ത്തില്‍ ബെന്യാമിന്‍ നിര്‍ദ്ദേശിക്കുന്നതുപോലെ നമ്മുടെ ജീവിതസാഹചര്യങ്ങളോട് നാം സമരസപ്പെടേണ്ടിയിരിക്കുന്നു. എന്നിട്ട് നമുക്കാവുന്നരീതിയില്‍ സന്തോഷത്തിനായും ജീവിതവിജയത്തിനായും പ്രത്യാശയോടെ നാം അധ്വാനിക്കേണ്ടിയിരിക്കുന്നു.