സഫലമാകാതെ പോകുന്ന യാത്രകള്‍

Web Desk
Posted on June 11, 2019, 9:57 pm
Mattoli

”ആഢ്യത്വമെന്നാല്‍ അധഃപതനമാണ്” എന്ന ആശയം ‘അപ്ഫന്റെ മകള്‍’ എന്ന ലഘുനോവലിലൂടെ മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിപ്പാട് കേരളീയ സമൂഹത്തോട് പ്രഖ്യാപിച്ചിട്ട് ഇപ്പോള്‍ അരനൂറ്റാണ്ടാകുന്നു.
പൂണൂല്‍ ഒരു കുരുക്കായി നമ്പൂതിരിമാരെ വരിഞ്ഞ സാമൂഹ്യ പശ്ചാത്തലത്തിലാണ് ‘അമ്പലങ്ങള്‍ക്ക് തീവച്ചിട്ടായാലും സ്വാതന്ത്ര്യം നേടണമെന്ന്’ വി ടി ഭട്ടതിരിപ്പാടിന്റെ യോഗക്ഷേമസഭ ആഹ്വാനം ചെയ്തത്. എംആര്‍ബി, പ്രേംജി തുടങ്ങിയ ഉത്പതിഷ്ണുക്കള്‍ വിധവാ വിവാഹം, ശൈശവ വിവാഹത്തിനെതിരെ പ്രതിഷേധമുയര്‍ത്തല്‍ തുടങ്ങിയ നവോത്ഥാന പ്രക്രിയയിലൂടെ മനകളില്‍ തളയ്ക്കപ്പെട്ട ജന്മങ്ങളെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ആനയിക്കുകയായിരുന്നു. ‘കണ്ണീരും കിനാവും’ എന്ന വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥതന്നെ അന്നത്തെ പരിതോവസ്ഥയുടെ പരിച്ഛേദമാണ്. നാരായണഗുരു സാധ്യമാക്കിയ നിശബ്ദ സാമൂഹിക വിപ്ലവത്തിന്റെയും നവോത്ഥാന പ്രക്രിയകളുടെയും അനുരണനങ്ങളാല്‍ പ്രചോദിതമായി കേരളത്തില്‍ ഒട്ടേറെ സാമുദായിക സംഘടനകള്‍ രൂപംകൊണ്ടിട്ടുണ്ട്. സ്വസമുദായത്തിന്റെ പരിവര്‍ത്തനവും പുരോഗമനവും പരിഷ്‌കൃതിയുമായിരുന്നു ആവിര്‍ഭാവ കാലഘട്ടത്തില്‍ ഈ സംഘടനകളുടെ ലക്ഷ്യം. യോഗക്ഷേമ സഭയുടെ രൂപീകരണ ലക്ഷ്യവും പ്രവര്‍ത്തനവും ഈ ദിശയില്‍ തന്നെയായിരുന്നു. എന്നാല്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സഭ എവിടെ എത്തിനില്‍ക്കുന്നുവെന്ന് മദ്രാസ് യോഗക്ഷേമസഭയുടെ ഒരു പത്രപരസ്യം ചൂണ്ടിക്കാട്ടുന്നു.
മദ്രാസ് യോഗക്ഷേമസഭ എന്ന സംഘടന എന്‍ എന്‍ കക്കാടിന്റെ പേരിലുള്ള കവിതാപുരസ്‌കാരത്തിന് ബ്രാഹ്മണരില്‍ നിന്ന് മാത്രം കവിതകള്‍ ക്ഷണിച്ചിരിക്കുകയാണ്. സമുദായാംഗങ്ങള്‍ക്ക് പ്രായഭേദമന്യേ പങ്കെടുക്കാം. ഇല്ലപ്പേരും വിലാസവും നല്‍കണം. (ബ്രാഹ്മണനാണെന്ന് തെളിയിക്കുവാനുള്ള ജാതി, ഡിഎന്‍എ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടില്ല! ബ്രാഹ്മണര്‍ക്ക് ശൂദ്ര സ്ത്രീകളില്‍ പിറക്കുന്ന മക്കള്‍ക്കും തിരിച്ച് ശൂദ്രന് ബ്രാഹ്മണ സ്ത്രീയില്‍ പിറന്നവര്‍ക്കും കവിതാമത്സരത്തില്‍ പങ്കെടുക്കാമോ എന്ന് നിബന്ധനകളില്‍ വ്യക്തമല്ല.)
ആധുനിക മലയാള സാഹിത്യത്തിലെ പ്രമുഖ കവിയായിരുന്ന എന്‍ എന്‍ കക്കാട് എന്ന നാരായണന്‍ നമ്പൂതിരി കക്കാട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു സഞ്ചരിച്ച വ്യക്തിത്വമായിരുന്നു. കാല്‍പനിക വിരുദ്ധത മുഖമുദ്രയാക്കിയ അദ്ദേഹത്തിന്റെ കവിതകളില്‍ ജനാധിപത്യമൂല്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ ദുരവസ്ഥകളിലുള്ള നൈരാശ്യവും മനുഷ്യസ്‌നേഹവുമാണ് ആ കവിതകളില്‍ നിറഞ്ഞുനിന്നിരുന്നത്. രോഗം മൂര്‍ച്ഛിച്ച് അദ്ദേഹം മരണത്തോട് മല്ലടിക്കുമ്പോള്‍ അക്ഷരസ്‌നേഹികളാകെ തേങ്ങുകയായിരുന്നു.
മാനുഷികതയ്ക്കുവേണ്ടി നിലകൊണ്ട കക്കാടിന്റെ പേരില്‍ ബ്രാഹ്മണര്‍ക്ക് മാത്രമായി കവിതാമത്സരം നടത്തുന്നത് ദുരാചാരങ്ങള്‍ക്കെതിരെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും മുന്‍നിരയില്‍ നിന്ന യോഗക്ഷേമ സഭയാണെന്നതാണ് വൈരുധ്യം. ഇത് സംഘടനയുടെ പ്രശ്‌നമല്ല. അതില്‍ ഇപ്പോള്‍ കയറിക്കൂടിയ ശുംഭന്മാരുടെ അപകര്‍ഷം നിറഞ്ഞ മാനസികനിലയുടെ പ്രശ്‌നമാണ്.
മലയാളിയും അവന്റെ സംസ്‌കാരവും ലോകശ്രദ്ധയാകര്‍ഷിച്ചത് നവോത്ഥാന മൂല്യങ്ങള്‍കൊണ്ട് ആര്‍ജ്ജിച്ചെടുത്ത ഉയര്‍ന്ന സാമൂഹ്യ‑രാഷ്ട്രീയ ബോധത്താലും വികസിത രാജ്യങ്ങളോട് കിടപിടിക്കാവുന്ന ജീവിത നിലവാരത്താലുമാണ്. എന്നാല്‍ ഇന്ന് നവോത്ഥാനവും അതിന്റെ പ്രത്യയശാസ്ത്രങ്ങളും പുറംതള്ളിയ ജാതിയതയെയും ആഢ്യത്വത്തെയും അതിന്റെ സകല ജീര്‍ണതകളെയും തിരികെ പൂമുഖത്തേക്കാനയിക്കപ്പെടുകയാണ്. ജാതിമത സങ്കുചിതത്വങ്ങള്‍ക്കെതിരെ പടനയിച്ച സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാതിയുടെ മൊത്തക്കച്ചവടക്കാരാകുന്നതും അംഗങ്ങളുടെ മനസില്‍ നിന്ന് യുക്തിയുടെയും സര്‍ഗ്ഗശക്തിയുടെയും വീര്യത്തെ ചോര്‍ത്തിക്കളയാന്‍ ശ്രമിക്കുന്നതും പരിതാപകരമാണ്.
കലകളെല്ലാം അധിഷ്ഠിതമായിരിക്കുന്നത് സര്‍ഗവാസനയിലാണ്. കലയിലോ സാഹിത്യത്തിലോ സവര്‍ണതയോ, അവര്‍ണതയോ കല്‍പിക്കാനാവില്ല. ദളിത് സാഹിത്യമെന്നൊക്കെയുള്ള തരംതിരിക്കല്‍ പോലും മ്ലേച്ഛമാണ്. അങ്ങനെയെങ്കില്‍ കാട്ടാളനായിരുന്ന ആദി കവിയുടെ ‘രാമായണം’ ദളിത് കൃതിയുടെ കള്ളിയിലാണല്ലോ പെടുത്തേണ്ടിവരിക.
ശക്തമായ സര്‍ഗവാസന സിദ്ധിച്ചിട്ടുള്ള വ്യക്തികള്‍ സാധനയിലൂടെയും അര്‍പ്പണബോധത്തോടെയും തന്റെ കഴിവിനെ സമര്‍പ്പിക്കുമ്പോഴാണ് ഉത്തമ സൃഷ്ടികള്‍ രൂപംകൊള്ളുക. അവിടെ ബ്രാഹ്മണനെന്നോ ദളിതനെന്നോ ഉള്ള വകഭേദങ്ങള്‍ക്ക് സ്ഥാനമില്ല. അധഃകൃതനായിരുന്ന വാല്‍മീകിയുടെ കഥാപാത്രം രാമനാണ് ഇന്ന് ഭാരതത്തിന്റെ ഏറ്റവും വലിയ ആരാധനാമൂര്‍ത്തി. ഈ പരിണാമം കലയുടെ ശക്തിയെയാണ് ദ്യോതിപ്പിക്കുന്നത്. തിരുക്കുറല്‍ എഴുതിയ തിരുവള്ളുവര്‍, തിരുമന്തിരം എഴുതിയ തിരുമൂലര്‍, നന്തനാര്‍ ചരിതമെഴുതിയ നന്തനാര്‍, കബീര്‍, അധ്യാത്മ രാമായണമെഴുതിയ തുഞ്ചത്തെഴുത്തച്ഛന്‍, ആത്മോപദേശ ശതകംപോലുള്ള അദ്വൈതദര്‍ശന കൃതികളെഴുതിയ നാരായണഗുരു, കുമാരനാശാന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ വി വിജയന്‍ ഇവരൊന്നും സവര്‍ണരല്ല. നമ്മുടെ സംസ്‌ക്കാരത്തെ അനുദിനം നവീകരിച്ചുകൊണ്ടിരിക്കുന്ന ഈ യശ്വസികളെ ഏതെങ്കിലും കള്ളികളിലൊതുക്കാന്‍ കഴിയുമോ?
സ്വയാര്‍ജ്ജിതമായ വിദ്യകൊണ്ടും അറിവുകൊണ്ടും ധനംകൊണ്ടും അധഃസ്ഥിതര്‍ സമത്വത്തിലേക്ക് കടക്കുന്ന വേളയില്‍ മനഃശാസ്ത്രപരമായ ഒരു ആധിപത്യമോ മുന്നേറ്റമോ സ്ഥാപിക്കുന്നതിനുള്ള അപകര്‍ഷമാര്‍ന്ന ശ്രമമാണ് എന്‍ എന്‍ കക്കാട് കവിതാ പുരസ്‌കാരത്തിന് പിന്നിലുള്ളവര്‍ നടത്തുന്നത്. അപകടം അവരും മറ്റുള്ളവരും തിരിച്ചറിയേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നാം കൊയ്തതെല്ലാം പതിരായിരുന്നു എന്ന് സ്വയം പരിതപിക്കേണ്ടിവരും.

മാറ്റൊലി: മാറിയ ആഗോളവല്‍ക്കരണ സാഹചര്യത്തില്‍ യാഗവും യജ്ഞവും വിറ്റഴിച്ച് കാശാക്കിക്കൊള്ളൂ, പരിശുദ്ധമായ കലകളെ മാത്രം സ്പര്‍ശിക്കരുത്.