ഉപയോഗ ശൂന്യമായ സർക്കാർ വസ്തുക്കൾ പാക് സർക്കാർ ദുബായ് മേളയിൽ വിറ്റഴിക്കും

Web Desk
Posted on December 05, 2019, 5:31 pm

ഇസ്ലാമാബാദ്: രാജ്യത്ത് ഉപയോഗമില്ലാതെ കിടക്കുന്ന അമൂല്യങ്ങളായ സർക്കാർ വസ്തുക്കൾ ദുബായ് എക്സ്പോയിൽ വിറ്റഴിക്കുമെന്ന് പാക് അധികൃതർ. വിദേശ‑ആഭ്യന്തര നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണിത്.

രാജ്യത്തെ ചെലവ് പ്രതിസന്ധിയിലെ അസന്തുലിതത്വം പരിഹരിക്കാനും പൊതുഖജനാവിനെ സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.ഇത്തരത്തിൽ ലഭിക്കുന്ന പണം ജനക്ഷേപ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി ഇമ്രാൻഖാൻ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യ, ഭക്ഷ്യ, ഭവന മേഖലകൾക്ക് വേണ്ടിയാകും ഇത് ചെലവിടുക. കോടിക്കണക്കിന് രുപ വിലവരുന്ന ഈ അമൂല്യവസ്തുക്കളെ മുൻസർക്കാരുകൾ അവഗണിച്ചത് കുറ്റകരമായ അനാസ്ഥയാണെന്നും രാജ്യത്തെ സ്വകാര്യവല്ക്കരണ സെക്രട്ടറി റിസ്വാൻ മാലിക് പറഞ്ഞു. വിവിധ സർക്കാർ സ്ഥാപനങ്ങൾ വർഷം തോറും കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തി വയ്ക്കുന്ന സാഹചര്യത്തിലാണ് ഇതെന്നും ഖാൻ ചൂണ്ടിക്കാട്ടി. സർക്കാർ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ തകർന്ന സമ്പദ്ഘടനയെ കരകയറ്റാനായി ജൂലൈയിൽ അറുനൂറ് കോടി അമേരിക്കൻ ഡോളറിന്റെ വായ്പ രാജ്യാന്തര നാണ്യനിധി അനുവദിച്ചിരുന്നു. തങ്ങളുടെ മുൻവായ്പകൾ എഴുതി തള്ളണമെന്ന് 2018 ഓഗസ്റ്റിൽ ഇമ്രാൻഖാൻ ഐഎംഎഫിനോട് ആവശ്യപ്പെട്ടിരുന്നു. സുഹൃദ് രാജ്യങ്ങളായ ചൈന, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പാകിസ്ഥാന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്.