Janayugom Online
IDFFK- janayugom

അപ് ഡൗണ്‍ ആന്റ് സൈഡ് വെയ്‌സ് ഓസ്‌കാറിലേക്ക്, സൗണ്ട് പ്രൂഫ് മികച്ച ഹ്രസ്വചിത്രം

Web Desk
Posted on July 24, 2018, 10:46 pm

തിരുവനന്തപുരം: പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിലെ മികച്ച ലോംഗ് ഡോക്യുമെന്ററിയായി അപ് ഡൗണ്‍ ആന്റ് സൈഡ് വെയ്‌സിനെ തെരഞ്ഞെടുത്തു. അനുഷ്‌ക മീനാക്ഷി, ഈശ്വര്‍ ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. നാഗാലാന്റിലെ ഫേക്‌സിങ്ങിലെ നെല്‍ക്കര്‍ഷകരുടെ ദുരിതജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിനാണ് ഓസ്‌കാര്‍ നോമിനേഷന്‍. ആന്‍ എഞ്ചിനീയേര്‍ഡ് ഡ്രീമിനാണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. ആദിത്യ കെല്‍ഗാകര്‍ സംവിധാനം സൗണ്ട് പ്രൂഫ് ആണ് മികച്ച ഹ്രസ്വചിത്രം. കുഞ്ഞില മാസിലാമണി സംവിധാനം ചെയ്ത ജി ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. ഗോകുല്‍ ആര്‍ നാഥ് സംവിധാനം ചെയ്ത ഇട, ജി ശങ്കര്‍ സംവിധാനം ചെയ്ത ഒരുക്കം എന്നിവ മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു.

ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ചായക്കടക്കാരന്റെ മന്‍ കീ ബാത്തിനാണ് പുരസ്‌കാരം. നോട്ട് നിരോധനത്തിന്റെ ദുരിതങ്ങള്‍ പേറേണ്ടിവന്ന സമൂഹത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് സനൂപ് കുമിളാണ്. അഭിനവ ഭട്ടാചാര്യ സംവിധാനം ചെയ്ത ജമ്‌നാപാര്‍ ആണ് ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയത്. മികച്ച ഛായാഗ്രാഹകനുള്ള നവറോസ് കോണ്‍ട്രാക്ടര്‍ പുരസ്‌കാരത്തിന് പി എസ് വേണു അര്‍ഹനായി. സഹ്യന്റെ നഷ്ടം എന്ന ഡോക്യുമെന്ററിയാണ് അദ്ദേഹത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.