20 April 2024, Saturday

ബിന്‍ ലാദനെ ആരാധിച്ച എന്‍ജിനീയറെ യുപി സര്‍ക്കാര്‍ പിരിച്ചുവിട്ടു

ഗോഡ്സെയെ ആരാധിക്കുന്നെങ്കില്‍ ലാദനെ ആരാധിക്കുന്നതില്‍ തെറ്റെന്തെന്ന് എന്‍ജി. രവീന്ദ്ര പ്രകാശ് ഗൗതം
web desk
ലഖ്നൗ
March 22, 2023 3:33 pm

അല്‍ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ചിത്രം ഓഫീസില്‍ സ്ഥാപിച്ച് ആരാധിക്കുകയും സ്തുതിക്കുകയും ചെയ്ത എന്‍ജിനീയറെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. യുപി എനര്‍ജി കമ്പനി ലിമിറ്റഡിന്റെ (യുപിപിസിഎല്‍) ഫാറൂഖാബാദ് കായംഗഞ്ച് സബ് ഡിവിഷന്‍ സെക്കന്റ് സബ് ഡിവിഷണല്‍ ഓഫീസര്‍ (എസ്ഡിഒ) രവീന്ദ്ര പ്രകാശ് ഗൗതമിനെതിരെയാണ് നടപടി. വകുപ്പിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു എന്നാണ് ഗൗതമിനെ പിരിച്ചുവിട്ടുകൊണ്ടുള്ള യുപിപിസിഎല്‍ ചെയര്‍മാന്‍ എം ദേവരാദ് ഗൗതമിന്റെ ഉത്തരവില്‍ പറയുന്നത്.

രവീന്ദ്ര പ്രകാശ് ഗൗതമിന്റെ ഓഫീസില്‍ ബിന്‍ ലാദന്റെ ചിത്രം സ്ഥാപിച്ചിരിക്കുന്നതിന്റെ വീഡിയോ ഒരു വര്‍ഷം മുമ്പാണ് പ്രചരിക്കാന്‍ തുടങ്ങിയത്. ‘ആരാധ്യനായ ഒസാമ ബിന്‍ ലാദന്‍, ലോകത്തിലെ ഏറ്റവും വലിയ എന്‍ജിനീയര്‍’ എന്നായിരുന്നു ചിത്രത്തിന് ഗൗതം അടിക്കുറിപ്പ് നല്‍കിയിരുന്നത്. ബിന്‍ ലാദന് എന്‍ജിനീയര്‍ ഡിപ്ലോമ ഉള്ളതിനാലാണ് ഗൗതം അയാളെ ആരാധിച്ചിരുന്നതെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിശദീകരണം. ചിത്രം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഗൗതമിനെ വൈദ്യുതി വകുപ്പ് അധികൃതര്‍ സസ്പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനുശേഷമാണ് പിരിച്ചുവിട്ട് ഉത്തരവിറക്കിയിരിക്കുന്നത്.

അന്വേഷണ റിപ്പോര്‍ട്ടില്‍ ഗൗതമിന്റെ അധികാര പരിധിയില്‍ വരുമാനക്കുറവ്, മേലുദ്യോഗസ്ഥനെ അവഗണിച്ച് നേരിട്ട് എംഡിയുമായി കത്തിടപാടുകള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറല്‍, വകുപ്പുതല പ്രവര്‍ത്തനങ്ങളില്‍ അലംഭാവം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആരോപണങ്ങളില്‍ ഗൗതമിന്റെ വിശദീകരണം വകുപ്പ് അധികൃതര്‍ തേടിയിരുന്നു. ഫോട്ടോ സ്ഥാപിച്ചതും ആരാധിക്കുന്നതും സമ്മതിച്ചെങ്കിലും മറ്റുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ മറുപടി തൃപ്തികരമായിരുന്നില്ലെന്ന് വിലയിരുത്തുകയായിരുന്നു.

ഗോഡ്സെയെ തങ്ങളുടെ ആരാധനാപാത്രമായി ചിന്തിക്കാന്‍ രാജ്യത്തുള്ള ഒരാള്‍ക്ക് അവകാശമുണ്ടെങ്കില്‍ എന്തുകൊണ്ട് ഒസാമ ബിന്‍ ലാദനെ തന്റെ ആരാധനാപാത്രമായി കാണുന്നതിനെ വിലക്കുന്നതെന്ന് മാധ്യമങ്ങള്‍ സമീപിച്ചപ്പോള്‍ ഗൗതം ചോദിച്ചു.

 

Eng­lish Sam­mury: UP engi­neer sacked for eulo­gis­ing Osama Bin Laden

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.