Web Desk

ന്യൂഡൽഹി

August 08, 2021, 9:50 pm

കഫീല്‍ ഖാനെതിരെയുള്ള പുനരന്വേഷണം പിന്‍വലിച്ചെന്ന് യുപി സര്‍ക്കാര്‍

Janayugom Online

ഗോരഖ്പുര്‍ മെഡിക്കല്‍ കോളജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഡോ. കഫീല്‍ ഖാനെതിരെ പ്രഖ്യാപിച്ചിരുന്ന പുനരന്വേഷണം പിന്‍വലിച്ചെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അലഹബാദ് ഹൈക്കോടതിയെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കഫീല്‍ ഖാന്റെ സസ്പെന്‍ഷന്‍ സംബന്ധിച്ച് മൂന്ന് മാസത്തിനകം തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഫീല്‍ ഖാനെ നാല് വര്‍ഷത്തിലേറെയായി സസ്‌പെന്‍ഡ് ചെയ്തതിനെ എങ്ങനെ ന്യായീകരിക്കുമെന്ന് ജൂലൈ 29ന് അലഹബാദ് ഹൈക്കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇതേതുടർന്നാണ് പുനരന്വേഷണം പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 2017ലാണ് ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 60 കുഞ്ഞുങ്ങള്‍ മരിച്ചത്. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാനെ പിന്നാലെ സസ്‌പെന്‍ഡ് ചെയ്തു. ഒൻപത് മാസം ജയിലിലിടയ്ക്കുകയും ചെയ്തു. 2019ല്‍ കഫീല്‍ഖാനെ കുറ്റമുക്തനാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുറത്തുനിന്ന് ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് കഫീല്‍ ഖാൻ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.

2019ല്‍ കഫീല്‍ ഖാനെതിരെ ആദിത്യനാഥ് സര്‍ക്കാര്‍ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 24നാണ് പുനരന്വേഷണം തുടങ്ങിയത്. തുടരന്വേഷണം പ്രഖ്യാപിച്ചതിലെ കാലതാമസവും നാല് വര്‍ഷത്തിലേറെയായി സസ്‌പെന്‍ഷന്‍ തുടരുന്നതും വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

Eng­lish sum­ma­ry; UP gov­ern­ment with­draws re-inves­ti­ga­tion against Kafeel Khan

You may also like this video;