പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തവർ പൊതുമുതൽ നശിപ്പിച്ചുവെന്നാരോപിച്ച് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് യുപി സർക്കാർ നോട്ടീസ് അയച്ചു. കോൺഗ്രസ് നേതാവ് സദഫ് ജഫാർ, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ് ആർ ദരപുരി, ആക്ടിവിസ്റ്റ് മുഹമ്മദ് സുഹൈബ് എന്നിവരരുൾപ്പെടെ 28 പേർ 63 ലക്ഷം രൂപ നഷ്ടപരിഹാരമായി അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് അധികൃതർ നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബർ 19, 2019 ൽ ലഖ്നൗവിലെ പരിവർത്തൻ ക്രോസിംഗിൽ നടന്ന സിഎഎ പ്രതിഷേധസമരങ്ങളോടനുബന്ധിച്ചു നടന്ന സംഘർഷങ്ങളിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടുവെന്നും സമരത്തിന് നേതൃത്വം കൊടുത്തവരും പങ്കാളികളായവരും മുപ്പത് ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ടാണ് ലഖ്നൗ അഡീഷണൽ ഡിസ്ട്രികറ്റ് മജിസ്ട്രേട്ട് കെ പി സിംഗ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. തുക ഒടുക്കാത്ത പക്ഷം സ്വത്തുക്കൾ കണ്ടുകെട്ടാൻ നിയമനടപടികൾ കൊക്കൊള്ളുമെന്നും നോട്ടീസിൽ സൂചിപ്പിക്കുന്നു.
എന്നാൽ പ്രതിഷേധ സമരം നടന്നുവെന്ന് പറയുന്ന ഡിസംബർ 19 ന് ഷോയിബും ധരപുരിയും വീട്ടുതടങ്കലിലായിരുന്നു. വീട്ടുതടങ്കലിലായിരുന്നവർ പൊതുമുതൽ നശിപ്പിച്ചുവെന്ന് പറയുന്നതിൽ എന്ത് അടിസ്ഥാനമുള്ളതെന്ന് ഇവർ ചോദിച്ചു. ഷോയിബുംധരപുരിയും നോട്ടീസിന് മറുപടി നൽകിയിട്ടുണ്ട്.സംഘർഷത്തിലോ കലാപത്തിലോ തങ്ങൾക്ക് പങ്കുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിൽ അവരുടെ കയ്യിൽ അതിന് എന്ത് തെളിവാണ് ഉള്ളതെന്ന് സദഫ് ജഫാറും മറ്റ് ആക്ടിവിസ്റ്റുകളും ചോദിച്ചു.
സിഎഎ പ്രതിഷേധത്തിന്റെ പേരിൽ ധരപുരി, ഷൊയിബ്, ജഫാർ, ദീപക് കബീർ എന്നിവരുൾപ്പെടെ 46 പേർക്കെതിരെയാണ് പൊലീസ് കുറ്റപത്രം ചുമത്തിയിരുന്നനത്. ഡിസംബർ 20 ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. തന്നെ കസ്റ്റഡിയിൽ പൊലീസ് ദേഹോപദ്രവം ഏല്പിച്ചതായി ജഫാർ വെളിപ്പെടുത്തിയിരുന്നു. അറസ്റ്റിലായവർക്ക് പിന്നീട് ജാമ്യം അനുവദിച്ചെങ്കിലും കുറ്റാരോപണത്തിന് കാരണമായ തെളിവുകളൊന്നും ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നല്ല. എന്നാൽ പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് ലഖ്നൗ ജില്ലാ ഭരണകൂടത്തിന്റെ വാദം. യുപിയിൽ പൊലീസിന് മജിസ്റ്റീരിയൽ അധികാരങ്ങൾ നൽകപ്പെട്ടിട്ടുള്ളതിനാലാണ് തുക വസൂലാക്കാനോ സ്വത്തുകണ്ടുകെട്ടലിനോ അധികാരമുള്ളതെന്ന് അഡീഷണൽ ഡിസ്ട്രിക്ക്റ്റ് മജിസ്ട്രേട്ടും പറയുന്നു.
പ്രതിഷേധക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള യുപി സർക്കാരിന്റെ നീക്കം നിയമ വിരുദ്ധമാണെന്ന് നിയമവിരുദ്ധർ പ്രതികരിച്ചു. കുറ്റാരോപിതരുടെ വിചാരണയ്ക്ക് ശേഷം മാത്രമെ സ്വത്തുക്കൾ കണ്ടുകെട്ടാറുള്ളു, ഇവിടെ നോട്ടീസ് മാത്രം നൽകിയിട്ട് സ്വത്ത് കണ്ടുകെട്ടുമെന്ന് പറയുകയാണ്. ഇത് നിയമപരമായി നേരിടേണ്ടതാണെന്ന് സുപ്രിം കോടതി മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ പ്രതികരിച്ചു.
യുപിയിൽ നടന്ന സിഎഎ പ്രതിഷേധങ്ങൾക്കിടയിൽ 22 പേരാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് ഏറെപ്പേരും കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാകാത്തവരെപ്പോലും പൊലീസ് കസ്റ്റഡിയിൽ എടുത്ത് ദേഹോപദ്രവമേൽപ്പിച്ചത് വിവാദമായിരുന്നു.
ENGLISH SUMMARY: UP govt give notice to caa protesters
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.