യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചുകൊന്നു

Web Desk
Posted on August 18, 2019, 4:11 pm

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചുകൊന്നു
ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും മദ്യമാഫിയ വെടിവച്ചുകൊന്നു. സൊഹറന്‍പൂരില്‍ മാധവ് നഗര്‍ മേഖലയിലായിരുന്നു സംഭവം നടന്നത്. പ്രമുഖ ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് ജന്‍വാനിയെയും സഹോദരനെയുമാണ് വധിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു ജന്‍വാനി മരിച്ചത്. എന്നാല്‍ സഹോദരന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അനധികൃത മദ്യവ്യാപാരത്തെ കുറിച്ച് വാര്‍ത്ത നല്‍കിയതിന് നേരത്തേതന്നെ മാഫിയകളില്‍ നിന്ന് ജന്‍വാനിക്ക് ഭീഷണി ഉണ്ടായിരുന്നു. തനിക്കുള്ള ഭീഷണി സംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയെങ്കിലും പൊലീസ് അവഗണിച്ചുവെന്ന് ജന്‍വാനിയുടെ ബന്ധുക്കളും നാട്ടുകാരും പരാതിപ്പെട്ടു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജന്‍വാനി. ഗര്‍ഭിണിയായ ഭാര്യയും അമ്മയുമാണ് ജന്‍ വാനിക്കുള്ളത്. സംഭവത്തില്‍ പ്രദേശത്ത് വന്‍ പ്രതിഷേധമുടലെടുത്തതായും വാര്‍ത്തകളുണ്ട്. നിരവധിപേരെ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്തുവരുന്നതായും പൊലീസ് അറിയിച്ചു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.