ചൂതാട്ടത്തില്‍ പരാജയപ്പെട്ട യുവാവ് ഭാര്യയെ പണയം വച്ചു

Web Desk
Posted on August 02, 2019, 10:27 pm

ലഖ്‌നൗ: ചൂതാട്ടത്തില്‍ പരാജയപ്പെട്ട യുവാവ് ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കള്‍ക്ക് അനുമതി നല്‍കി. ഉത്തര്‍പ്രദേശിലെ ജാന്‍പൂരിലാണ് സംഭവം. പണം മുഴുവന്‍ നഷ്ടപ്പെട്ടതോടെയാണ് സ്വന്തം ഭാര്യയെ പണയപ്പെടുത്തി യുവാവ് ചൂതാട്ടം തുടര്‍ന്നത്. വീണ്ടും തോറ്റതോടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കളെ അനുവദിക്കുകയായിരുന്നു.
പരാതിപ്പെട്ടിട്ടും പോലീസ് നടപടിയില്ലാത്തതിനെ തുടര്‍ന്ന് യുവതി കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടര്‍ന്ന് ജൗന്‍പുരിലെ ജാഫര്‍ബാദ് പൊലീസ് സ്‌റ്റേഷനില്‍ കൂട്ടബലാത്സംഗത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കയാണ്.

ഭര്‍ത്താവ് ചൂതാട്ടത്തിന് പുറമെ മദ്യത്തിനും അടിമയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ സുഹൃത്തായ അരുണും ഇയാളുടെ ബന്ധു അനിലും യുവതിയുടെ വീട്ടില്‍ വരുന്നത് പതിവായിരുന്നു. യുവതിയുടെ ഭര്‍ത്താവുമൊത്ത് മദ്യപിക്കാനും ചൂതുകളിക്കാനുമാണ് ഇരുവരും വന്നിരുന്നത്. ജൂലൈ അവസാനം പതിവുപോലെ ഇരുവരും വീട്ടിലെത്തി. ഭാര്യയെ പണയപ്പെടുത്തി നടത്തിയ ചൂതാട്ടത്തില്‍ യുവാവ് പരാജയപ്പെട്ടതോടെ സുഹൃത്തുക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തു.

സംഭവത്തിനുശേഷം യുവതി അമ്മാവന്റെ വീട്ടിലേക്ക് പോയി. എന്നാല്‍ അവിടെയെത്തിയ ഭര്‍ത്താവ് ക്ഷമചോദിക്കുകയും തനിക്ക് തെറ്റുപറ്റിയെന്ന് യുവതിയോട് പറയുകയും ചെയ്തു. ഇതോടെ യുവതി ഭര്‍ത്താവിന്റെ കാറില്‍ കയറി തിരികെ വീട്ടിലേക്കുപോയി. എന്നാല്‍, വഴിയില്‍വച്ച് ഭര്‍ത്താവ് കാര്‍ നിര്‍ത്തി വീണ്ടും ബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കള്‍ക്ക് വീണ്ടും അവസരം നല്‍കിയെന്ന് യുവതി പറയുന്നു. ഇതേത്തുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസിനെയും പിന്നീട് കോടതിയേയും സമീപിച്ചത്.