യുപിയില്‍ പതിനാലുകാരിയെ ബലാത്സംഗംചെയ്ത് കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കൊലപ്പെടുത്തി

Web Desk
Posted on September 02, 2019, 11:29 am

ജലൗന്‍: ഉത്തര്‍പ്രദേശിലെ ജലൗനില്‍ പതിനാല് വയസുള്ള ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് അയല്‍വാസിയെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു.
ജലൗന്‍ ജില്ലയിലെ അറ്റാ ഗ്രാമപ്രദേശത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച മുതല്‍ കാണാതായിരുന്നു. വൈകുന്നേരം വീട്ടില്‍ നിന്ന് പുറത്ത് പോയിരുന്നു. എന്നാല്‍ നേരം വൈകിയിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് മുമ്പ് പീഡനത്തിനും ബലാത്സംഗത്തിനും ഇരയായതായി പോലിസ് പറയുന്നു.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രഞ്ജിത് അഹിര്‍വാര്‍ എന്നയാളെ ഐപിസി 302, 363 വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ടെന്ന് ഝാന്‍സി സോണല്‍ ഡിഐജി സുഭാഷ് സിംഗ് ബാഗേല്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിന് ഇയാള്‍ക്കെതിരേ മറ്റൊരു കേസ് നിലവിലുണ്ടെന്നും ഡിഐജി പറഞ്ഞു.