വാരണാസിയിൽ ‘മോഡി‘മങ്ങി ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയിൽ നിന്ന് ഉത്തർപ്രദേശ് ഉപരിസഭയായ നിയമസഭാ കൗൺസിലിലേക്കുണ്ടായിരുന്ന രണ്ട് സീറ്റുകളും നഷ്ടപ്പെട്ട് ബിജെപി. വാരണാസി ഡിവിഷനിലെ രണ്ട് സീറ്റിലും സമാജ് വാദി പാർട്ടി പ്രതിനിധികളായ അശുതോഷ് സിൻഹ, ലാൽ ബിഹാരി യാദവ് എന്നിവരാണ് വിജയിച്ചത്. മോഡിയുടെ മണ്ഡലത്തിലെ പരാജയം പുതിയസാഹചര്യത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. മോഡിയുടെ പ്രഭാവത്തിനേറ്റ പ്രഹരമായാണ് ഇതിനെ വിലയിരുത്തുന്നത്. ബിജെപിയുടെ ദേശീയ നേതൃത്വത്തിനിടയിൽ വലിയ ചർച്ചകൾക്കും തോല്‍വി തുടക്കമിട്ടിരിക്കുകയാണ്. മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിലും ആര്‍എസ്എസിന്റെ ആസ്ഥാനമായ നാഗ്പൂര്‍ ഡിവിഷനിലുൾപ്പെടെ ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്.
പത്ത് വർഷത്തിന് ശേഷം ഇതാദ്യമായാണ് വാരണാസിയിൽ ബിജെപിക്ക് സീറ്റുകൾ നഷ്ടപ്പെടുന്നത്. ചൊവ്വാഴ്ചയാണ് ഉത്തർപ്രദേശ് നിയമസഭാ കൗൺസിലെ 11 സീറ്റുകളിലേക്ക് വോട്ടിങ് നടന്നത്. തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കാനായെങ്കിലും ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ സമാജ്വാദി പാർട്ടി വിജയക്കൊടിപാറിച്ചത് സംസ്ഥാനത്ത് വലിയ ആഘോഷമാണ്. യുപിയുടെ രാഷ്ട്രീയമണ്ഡലത്തിലും ഇത് വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. വലിയ വിജയമാണ് നേടിയിരിക്കുന്നതെന്നാണ് സമാജ്വാദി പാർട്ടിയുടെ പ്രതികരണം. ‘ഇത് വമ്പൻ വിജയമാണ്. തെരഞ്ഞെടുപ്പ് ഫലത്തിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്’- പാർട്ടി നേതാവ് ലാൽ ബിഹാരി യാദവ് പറഞ്ഞു.
രാജ്യത്ത് ദ്വിസഭ നിയമസഭയുള്ള ആറ് സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. വിധാൻ സഭയും (നിയമസഭാ കൗൺസിൽ) വിധാൻ പരിഷത്തുമാണ് ഈ രണ്ട് സഭകൾ. നിയമസഭാ കൗൺസിലിൽ 100 സീറ്റുകളാണുള്ളത്. നിയമസഭാ കൗൺസിലിലെ അംഗങ്ങളുടെ കാലാവധി മെയ് ആറിന് അവസാനിച്ചിരുന്നു. ഇതേതുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി, സമാജ്വാദി പാർട്ടി, കോൺഗ്രസ് എന്നിവയെ പ്രതിനിധീകരിച്ചും മറ്റുകക്ഷികളിൽ നിന്നുമായി 199 സ്ഥാനാർത്ഥികളാണ് മത്സരത്തിനുണ്ടായിരുന്നത്.
കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും വാരണാസിയിൽനിന്നും വലിയ ഭൂരിപക്ഷത്തിലായിരുന്നു മോഡി ജയിച്ചിരുന്നത്. എതിർ സ്ഥാനാർത്ഥിയേക്കാൾ 36 ശതമാനവും 45 ശതമാനവും വോട്ട് നേടിയാണ് യഥാക്രമം 2014, 2016 ലോക്സഭ തെരഞ്ഞെടുപ്പിൽ മോഡി ജയിച്ചിരുന്നു. നേരത്തേ ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയായിരുന്നു ഈ സീറ്റിൽ വിജയിച്ചിരുന്നത്. ജോഷിയെ ഒഴിവാക്കിയാണ് മോഡി വാരണാസി പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഹൈദരബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലും പ്രതീക്ഷ വിജയം നേടാൻ ബിജെപിക്കായിരുന്നില്ല. അമിത് ഷായും നരേന്ദ്ര മോദിയുമടക്കം പ്രമുഖ നേതാക്കളെല്ലാം പ്രചാരണത്തിനെത്തിയിട്ടും വിജയം നേടാനാകാതായത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്കുള്ള ആറ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. നാലെണ്ണം ശിവസേന‑എന്‍സിപി-കോണ്‍ഗ്രസ് മഹാസഖ്യം നേടി. ഒരു സീറ്റ് സ്വതന്ത്രനും വിജയിച്ചു. ആര്‍എസ്എസിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂര്‍ ഡിവിഷന് ഗ്രാജ്വേറ്റ്സ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അഭിജിത് ഗോവിന്ദ് റാവു വാഞ്ചാരിയാണ് വിജയിച്ചത്. ഈ മണ്ഡലത്തില്‍ നിന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിയമസഭയിലെത്തിയിരുന്നത്.
നേരത്തെ നാഗ്പൂര്‍ ജില്ലാ പരിഷദ് തെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി കിട്ടിയിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ജന്മസ്ഥലമായ ധാപെവാഡയിലടക്കം അന്ന് ബിജെപിക്ക് അടിപതറി. കഴിഞ്ഞ മൂന്ന് തവണയും ധാപെവാഡയില്‍ നിന്ന് ബിജെപിയാണ് വിജയിച്ചത്. നാഗ്പൂര്‍ ജില്ലാ പരിഷദിലെ 58 സീറ്റില്‍ 31 എണ്ണം നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 14 ഇടത്ത് മാത്രമായിരുന്നു ബിജെപിയുടെ വിജയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.