Sunday
17 Nov 2019

യുപിയില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു

By: Web Desk | Monday 2 September 2019 9:51 AM IST


ലഖ്‌നൗ: യുപിയില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അമേതി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന സംശയത്തില്‍ തൊഴിലാളിയെ ജനക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. പ്രതാപ്ഗഡില്‍ നിന്നുള്ള തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം അസമില്‍ തേയിലത്തോട്ടം തൊഴിലാളികള്‍ ഡോക്ടറെ മര്‍ദ്ദിച്ച് കൊന്ന സംഭവമുണ്ടായിരുന്നു. ഡോ. ദേബന്‍ ദത്ത(73) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോമ്ര മാജി എന്ന തോട്ടം തൊഴിലാളി മരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ദത്തയെ, അദ്ദേഹം ഡ്യൂട്ടിക്കെത്താത്തതാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് മുറിയില്‍ പൂട്ടിയിട്ട ശേഷം തൊഴിലാളികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഡോക്ടറെ രക്ഷിക്കാന്‍ ശ്രമിച്ച എസ്റ്റേറ്റ് തൊഴിലാളി ക്ഷേമ പ്രവര്‍ത്തകന്‍ ജിബന്‍ കുമാരിക്കും ഇതിനിടെ മര്‍ദ്ദനമേറ്റിരുന്നു.

എസ്റ്റേറ്റിലെ വെല്‍ഫെയര്‍ ഓഫീസര്‍ സ്ഥലത്തെത്തി ജീവനക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പൊലീസും സിആര്‍പിഎഫും സ്ഥലത്തെത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്. ശേഷം ഡോക്ടറെ ജോര്‍ഹട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ക്കൊപ്പം പുറത്തുനിന്ന് എത്തിയവരും ഡോക്ടറെ മര്‍ദ്ദിച്ചുവെന്ന് അമാല്‍ഗമേറ്റഡ് പ്ലാന്റേഷന്‍ ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 19 പേരെ പൊലീസ് അറസ്റ്റുചെയ്തു.

Related News