Web Desk

ലഖ്നൗ

December 22, 2020, 9:35 pm

മിശ്ര വിവാഹത്തിന് സൗകര്യമൊരുക്കിയ അഭിഭാഷകനെ യുപി പൊലീസ് വേട്ടയാടുന്നു

Janayugom Online

ഹിന്ദു-മുസ്‌ലിം വിവാഹത്തിന് സൗകര്യമൊരുക്കിയതിന് യുപി പൊലീസ് അഭിഭാഷകനെ വേട്ടയാടുന്നു. ഇസ്‌ലാം മതം സ്വീകരിക്കാൻ ആഗ്രഹിച്ച യുവതിയെ സഹായിച്ചതിന് യുപി പൊലീസ് തന്നെ ഉപദ്രവിക്കുകയാണെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ മുഹമ്മദ് ഹാഷിം അൻസാരി പറഞ്ഞു.

രണ്ട് ദിവസം മുമ്പ് തന്റെ കുടുബത്തിലെ പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയെന്നും ഹാഷിം പറഞ്ഞു. താൻ യുവതിയെ ഒളിപ്പിക്കുകയാണെന്ന് അവർ കരുതുന്നു. യുവതിയെ അവരുടെ മുമ്പിൽ ഹാജരാക്കണമെന്ന് എന്നോട് പറഞ്ഞുവെന്നും ഹിന്ദു പെൺകുട്ടിയെ പൊലീസിന് കൈമാറിയില്ലെങ്കിൽ കുടുംബാംഗങ്ങളെ ജയിലിലേക്ക് അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതി ജാവേദ് അൻസാരി എന്ന മുസ്‌ലിം യുവാവിന വിവാഹം ചെയ്തുവെന്നും അവർ ഇപ്പോൾ ഉത്തർപ്രദേശിലെ ജലേസറിൽ താമസിക്കുകയാണെന്നും അൻസാരി വ്യക്തമാക്കി. അവർ ഭയപ്പെട്ടിരിക്കുകയാണ്. വെടിവച്ചോ മറ്റേതെങ്കിലും തരത്തിലോ തങ്ങൾ കൊല്ലപ്പെടുമെന്ന് യുവതി തന്നോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം താൻ ദമ്പതികളോട് സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ ദമ്പതികളിലേക്ക് എത്തിച്ചേരാനുള്ള തന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 18 നാണ് ആയുഷി പച്ചൗരി എന്ന ഹിന്ദു യുവതി നിയമപരമായി ഇസ്‌ലാം മതം സ്വീകരിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഹാഷിമിനെ സമീപിച്ചത്. തുടർന്ന് ബജ്രംഗ്ദൾ പ്രവർത്തകർ ജാവേദിന്റെ ബന്ധുക്കളുടെ ജലേസറിലെ കടകൾ അടയ്ക്കാൻ നിർബന്ധിച്ചു. സ്വമേധയാ വിവാഹം കഴിച്ചതാണെന്നും ഭർത്താവിന്റെ കുടുംബാംഗങ്ങളെ ഉപദ്രവിക്കരുതെന്നും പറഞ്ഞുകൊണ്ട് യുവതി ജലേസറിലെ എസ്എസ്‌പി, എസ്എച്ച്ഒ എന്നിവർക്ക് വിശദീകരണം നൽകി. സംരക്ഷണം തേടി ദേശീയ വനിതാ കമ്മിഷനും കത്തെഴുതി.

യുവതിയുടെ പിതാവ് പ്രവീൺ പച്ചൗരി ജാവേദിനെതിരെ ജലേസർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നാണ് പൊലീസിന് ദമ്പതികളെ കണ്ടെത്താൻ സാധിക്കാതായതോടെ അഭിഭാഷകനായ ഹാഷിം അൻസാരിയെ ഉപദ്രവിക്കാൻ തുടങ്ങിയത്.

Eng­lish Sum­ma­ry: UP police hunt down lawyer who facil­i­tat­ed mixed marriage

You may like this video also