യുപിയിൽ വിശന്നുപോയ വിദ്യാർഥി ഭക്ഷണത്തിന് നൽകേണ്ടിവന്നത് 20, 000 രൂപ, സ്റ്റാംമ്പ് പേപ്പറിൽ വിശദീകരണവും

Web Desk
Posted on October 18, 2019, 9:57 pm

ലഖ്നൗ: സർവകലാശാല കാന്റീനിൽനിന്ന് അനധികൃതമായി ഭക്ഷണം കഴിച്ചുപോയെന്ന കാരണത്താൽ വിദ്യാർഥിക്ക് 20, 000 രൂപ പിഴ ചുമത്തി ലഖ്നൗ സർവകലാശാല. രണ്ടാം വർഷ ബി.എ വിദ്യാർഥി ആയുഷ് സിങ്ങിനെതിരെയാണ് കേട്ടുകേൾവിയില്ലാത്ത നടപടി.
ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് സെൻട്രൽ കാന്റീനിൽനിന്ന് ഭക്ഷണം കഴിക്കാൻ അനുമതി. എന്നാൽ വീട്ടിൽനിന്നും ദിവസവും വന്നുപോകുന്ന ആയുഷ് സിങ് സെപ്റ്റംബർ മൂന്നിന് അവിടെനിന്ന് ഭക്ഷണം കഴിച്ചതാണ് പ്രശ്നമായത്.

ആരോ വിവരം അറിയിച്ചതിനെത്തുടർന്ന് കാന്റീന്റെ ചുമതലയുള്ള പ്രൊഫ. വിനോദ് കുമാർ സിങ് സ്ഥലത്തെത്തി ബിരുദ വിദ്യാർഥിയെ പിടികൂടി. ആയുഷ് സിങ് അധ്യാപകനോട് മാപ്പു പറയുകയും വിശപ്പ് മൂലമാണ് ഭക്ഷണം കഴിച്ചതെന്ന് അറിയിക്കുകയും ചെയ്തു.
ഇനി നിയമം ലംഘിക്കില്ലെന്നും വിദ്യാർഥി പറഞ്ഞുവെങ്കിലും അധ്യാപകൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒരാഴ്ചയ്ക്കകം 20, 000 രൂപ പിഴ അടയ്ക്കാത്തപക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നൂറ് രൂപയുടെ സ്റ്റാംപ് പേപ്പറിൽ വിശദീകരണം നൽകണമെന്നും വിദ്യാർഥിയോട് ആവശ്യപ്പെട്ടു. ആയുഷ് സിങ് കാന്റീനിൽ പതിവായി അനധികൃതമായെത്തി ഭക്ഷണം കഴിക്കാറുണ്ടെന്നാണ് അധ്യാപകൻ പറയുന്നത്. എന്നാൽ സംഭവം വിദ്യാർഥികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.