യുഎപിഎ ചുമത്തി വിദ്യാർഥികളെ അറസ്റ്റു ചെയ്ത നടപടി കാട്ടാളത്തരം: പന്ന്യൻ രവീന്ദ്രൻ

Web Desk
Posted on November 04, 2019, 10:14 pm

കോഴിക്കോട്: പൊതുപ്രവർത്തകരായ വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത പൊലീസ് നടപടി കാട്ടാളത്തരമാണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊലീസ് കളിച്ചത് കള്ളക്കളിയാണ്. അത് ന്യായീകരിക്കാനായി കൂടുതൽ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുകയാണ് പൊലീസിപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ പ്രകാരം അറസ്റ്റിലായ വിദ്യാർഥികളുടെ വീടുകളിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ.
മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റിലായ തിരുവണ്ണൂർ പാലാട്ട് നഗർ മണിപ്പൂരി വീട്ടിൽ അലന്‍ ഷുഹൈബ്, പന്തീരാങ്കാവ് മൂർക്കനാട് കോട്ടുമ്മൽ താഹ ഫസൽ എന്നിവരുടെ വീടുകളിലെത്തിയ പന്ന്യൻ രവീന്ദ്രൻ കുടുംബാംഗങ്ങളുമായി സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

മാവോയിസ്റ്റുകളുമായി ചെറുപ്പക്കാർക്ക് യാതൊരു ബന്ധവുമില്ല. രണ്ടുപേരും പൊതുപ്രവർത്തകരും വിദ്യാർഥികളുമാണ്. എന്തിന്റെ പേരിലാണ് യുഎപിഎ ചുമത്തിയത് എന്നറിയില്ല. ആലോചിച്ചുറപ്പിച്ച കാര്യം പൊലീസ് ബോധപൂർവ്വം നടപ്പിലാക്കിയതായാണ് തോന്നിയതെന്നും പന്ന്യൻ പറഞ്ഞു. നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് പുലർച്ചെ നാലിന് അലന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. ചോദിച്ചതെല്ലാം ബന്ധമില്ലാത്ത കാര്യങ്ങളാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. കുറേ ഭാഗം ഒഴിച്ചിട്ട ഒരു പേപ്പറിൽ ഒപ്പിടാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഒഴിച്ചിട്ടത് എന്തിനാണെന്ന് ചോദിച്ചപ്പോൾ അത് നിങ്ങൾ അറിയേണ്ട കാര്യമില്ലെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്.

താഹയുടെ ജ്യേഷ്ഠന്റെ മുമ്പിൽ വച്ചാണ് മുദ്രാവാക്യം വിളിക്കാൻ പറഞ്ഞത്. അത് വീഡിയോയിൽ ചിത്രീകരിച്ച പൊലീസ് തങ്ങൾ ചെയ്ത തെറ്റിനെ ന്യായീകരിക്കാനായി ബോധപൂർവ്വം പുതിയ കഥകൾ ഉണ്ടാക്കുകയാണ്. വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിന് ന്യായീകരണമില്ല. ഇത് ഇടതു മുന്നണിയുടെ നയമല്ല. അദ്ദേഹം വ്യക്തമാക്കി. അലന്റെ പിതാവ് ഷുഹൈബ്, മാതാവ് സബിത, മാതൃസഹോദരിയും നടിയുമായ സജിത മഠത്തിൽ, താഹ ഫസലിന്റെ ജ്യേഷ്ഠൻ, മാതാവ് എന്നിവരോട് പന്ന്യൻ രവീന്ദ്രൻ വിവരങ്ങൾ ചോദിച്ചറിഞ്ഞു. എഐവൈഎഫ് നേതാക്കളായ അഡ്വ. പി ഗവാസ്, അഡ്വ. കെ പി ബിനൂപ്, അഷ്റഫ് കുരുവട്ടൂർ, അനു എൻ എന്നിവരും വീടുകളിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രനും കഴിഞ്ഞ ദിവസം വിദ്യാർഥികളുടെ വീട് സന്ദർശിച്ചിരുന്നു.