ഉപദേശത്തിന്റെ വില

Web Desk
Posted on August 04, 2019, 8:56 am

സന്തോഷ് പ്രിയന്‍

പണ്ട് കണ്ടലീപുരം എന്നൊരു നാട്ടില്‍ വിപ്രന്‍ എന്നു പേരായ ഒരു വസ്ത്രവ്യാപാരി ഉണ്ടായിരുന്നു. നല്ല അധ്വാനശീലനായ അയാള്‍ വ്യാപാരം നടത്തി ധനികനായി. എന്നാല്‍ വിപ്രന്റെ രണ്ട് മക്കള്‍ മടിയന്മാരും അച്ഛന്‍ സമ്പാദിക്കുന്ന പണം ധൂര്‍ത്തടിക്കുന്നവരും ആയിരുന്നു.
വിപ്രന്‍ എത്ര ഉപദേശിച്ചാലും മക്കളായ ധര്‍മനും നീരനും അതൊന്നും കൂട്ടാക്കാറേയില്ല. ഇങ്ങനെ പോയാല്‍ തന്റെ കാലശേഷം അമ്മയില്ലാത്ത ഈ മക്കള്‍ ദരിദ്രരാകുമെന്ന് അയാള്‍ ഭയപ്പെട്ടു. അങ്ങനെ കുറേകാലം കഴിഞ്ഞപ്പോള്‍ വിപ്രന്‍ രോഗശയ്യയിലായി.
വിപ്രന്‍ മക്കളെ രണ്ടുപേരേയും അടുത്തുവിളിച്ചുപറഞ്ഞു.
‘മക്കളേ.….ഇനി ഞാന്‍ അധിക കാലം ഉണ്ടാകില്ലെന്നു തോന്നുന്നു. ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ കഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ ഒരു മാര്‍ഗം പറഞ്ഞുതരാം. ഞാന്‍ മരിച്ചാല്‍ നമ്മുടെ വീടിന്റെ വരാന്തയിലെ ആദ്യത്തെ കല്‍ത്തൂണിനകത്ത് ഒരു പെട്ടി വച്ചിട്ടുണ്ട്. അതിനകത്ത് ഒരു സാധനം കാണാം. അതുപയോഗിച്ച് നിങ്ങള്‍ ജീവിതത്തില്‍ രക്ഷപെടണം.’ അതു പറഞ്ഞ് വിപ്രന്‍ മരിച്ചു.
മക്കള്‍ക്ക് വലിയ സന്തോഷം തോന്നി. ‑ഹായ്, അച്ഛന്‍ നമുക്കുവേണ്ടി പെട്ടിക്കകത്ത് നിധി സൂക്ഷിച്ചിട്ടുണ്ടാകും. നമുക്ക് ജോലി ചെയ്യാതെ അതെടുത്ത് സുഖമായി ജീവിക്കാം.-
അവര്‍ രണ്ടുപേരും അപ്പോള്‍തന്നെ തൂണ് വെട്ടിപ്പൊളിച്ച് പെട്ടി തുറന്നു. അത് കണ്ട് രണ്ടും ഞെട്ടി. അതാ പെട്ടിയ്ക്കകത്ത് കടലാസില്‍ എന്തോ എഴുതിയിരിക്കുന്നു. അവര്‍ സൂക്ഷിച്ചു നോക്കി. ‑അധ്വാനിച്ച് ജീവിക്കുക, കഷ്ടപ്പെടാതെ ജീവിതത്തില്‍ ആര്‍ക്കും ഒന്നും നേടാനാവില്ല. സ്ഥിരോത്സാഹവും കഠിനാധ്വാനവും ഉള്ളവര്‍ക്ക് എപ്പോഴും നന്മയുണ്ടാകും.- ഇത് കണ്ട് മൂത്ത മകന്‍ ധര്‍മന്‍ കടലാസ് ദൂരേക്ക് വലിച്ചെറിഞ്ഞു. രണ്ടുപേര്‍ക്കും ദേഷ്യവും നിരാശയും തോന്നി. ഇളയവന്‍ കടലാസ് എടുത്ത് ഒന്നുകൂടി സൂക്ഷിച്ചു വായിച്ചു.
അച്ഛന്‍ എഴുതിവച്ച ഈ വാക്കുകളില്‍ എന്തെങ്കിലും പൊരുള്‍ ഇല്ലാതിരിക്കില്ല.
അവന്‍ അച്ഛന്റെ വാക്കുകള്‍ പാലിക്കാന്‍ തന്നെ തീരുമാനിച്ചു. പണമില്ലാതെ വിഷമിച്ച അവന്‍ അന്നുതന്നെ ജോലി അന്വേഷിച്ചിറങ്ങി. താമസിയാതെ അയല്‍നാട്ടിലെ ഒരു ധനികന്റെ ഫാക്ടറിയില്‍ കണക്കെഴുത്തുകാരനായി ജോലി കിട്ടി. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ നീരന്‍ നല്ല അധ്വാനിയും പണക്കാരനുമായി. അതറിഞ്ഞ് തെരുവില്‍ അലഞ്ഞുനടന്ന മൂത്തമകന്‍ ധര്‍മന്‍ അനുജനെത്തേടിയെത്തി. അവന്റെ ഉയര്‍ച്ച കണ്ട് ധര്‍മന്‍ അത്ഭുതപ്പെട്ടു. തനിക്കും ഇവിടെ ജോലി തരപ്പെടുത്തിതരണമെന്ന് ധര്‍മന്‍ അനുജനോട് പറഞ്ഞു. അങ്ങനെ ധര്‍മനും ജോലി ശരിയായി. രണ്ടുപേരും അധികം താമസിയാതെ വലിയ പണക്കാരായി തീര്‍ന്നു.
സ്വന്തമായി വീട് വയ്ക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ രണ്ടുപേരും പഴയ വീട്ടിലെത്തി. അച്ഛന്‍ പെട്ടിയില്‍ എഴുതി സൂക്ഷിച്ചിരുന്ന വാക്കുകളുടെ പൊരുള്‍ ഗുണം ചെയ്തതില്‍ രണ്ടാളും സന്തോഷിച്ചു.
പുതിയ വീട് വയ്ക്കാന്‍ അവര്‍ പഴയവീട് പൊളിയ്ക്കാന്‍ തുടങ്ങി. അപ്പോഴതാ വരാന്തയിലെ രണ്ടാമത്തെ തൂണിനകത്ത് ഒരു പെട്ടി. ആ വലിയ പെട്ടി അവര്‍ തുറന്നു നോക്കി. അപ്പോള്‍ രണ്ടിന്റേയും കണ്ണ് മഞ്ഞളിച്ചുപോയി. അതു നിറയെ രത്‌നങ്ങള്‍. ഒപ്പം മറ്റൊരു കടലാസ് കഷ്ണവും. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ‑മക്കളേ നിങ്ങള്‍ ഇപ്പോള്‍ നല്ല അധ്വാനശീലരായി മാറിയില്ലേ.….ഇനി നിങ്ങള്‍ എന്റെ സമ്പാദ്യമായ ഈ രത്‌നങ്ങള്‍ എടുത്ത് വ്യാപാരം നടത്തി ജീവിക്കുക.- എന്ന് അച്ഛന്‍ വിപ്രന്‍. അച്ഛനെ ഓര്‍ത്ത് അവര്‍ ആദ്യമായി കരഞ്ഞു. പിന്നീട് ധര്‍മനും നീരനും പേരുകേട്ട രത്‌നവ്യാപാരികളായി മാറി. ‑എത്ര നല്ല ഉപദേശമായാലും സാഹചര്യങ്ങള്‍ക്കനുസരിച്ചേ അവ ഉപയോഗപ്പെടുകയുള്ളു.