സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:

February 02, 2021, 10:09 pm

യുപിഐ ഡാറ്റ സുരക്ഷ: സുപ്രീം കോടതി കേന്ദ്രത്തോടും വാട്‌സ്ആപ്പിനോടും പ്രതികരണം ആരാഞ്ഞു

*നടപടി ബിനോയ് വിശ്വം സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിൽ
Janayugom Online

യുപിഐ (യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് ) പ്ലാറ്റുഫോമുകളില്‍ ശേഖരിക്കുന്ന ഡാറ്റകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാരിനോടും വാട്‌സ്ആപ്പ് ഇന്ത്യ, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പേ, ആമസോണ്‍ പേ എന്നിവരോടും നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി കമ്പനികളോടും കേന്ദ്ര സര്‍ക്കാരിനോടും വിശദീകരണം തേടിയത്.

യുപിഐ മുഖേന ഓണ്‍ലൈന്‍ പേമെന്റ് കമ്പനികള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ മാതൃസ്ഥാപനത്തിനോ മൂന്നാമതൊരാള്‍ക്കോ കൈമാറുന്നത് തടയണമെന്നും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഇത്തരം നിര്‍ണ്ണായക രേഖകളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജിയില്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ റിസര്‍വ് ബാങ്കിന് പങ്കില്ലെന്നും കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരം കാര്യങ്ങളുടെ നിയന്ത്രണമെന്നും റിസര്‍വ് ബാങ്ക് നേരത്തെ സമര്‍പ്പിച്ച സത്യവാങ്ങ് മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇസ്രായേല്‍ സോഫ്റ്റ്‌വെയറായ പെഗാസസ് ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലും കമ്പ്യൂട്ടറുകളിലും നടത്തിയ രഹസ്യ കടന്നു കയറ്റവും വിവര ശേഖരണവും കോടതിക്കു മുന്നില്‍ പരാമര്‍ശിക്കപ്പെട്ടു. വാട്‌സ്ആപ്പ് മെസഞ്ചര്‍ സൗകര്യത്തില്‍ കടന്നു കയറി വിവരശേഖരണം നടത്തിയ പെഗാസസ് നടപടിയാണ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാല്‍ ഇന്നലെ നടന്ന വാദത്തിനിടെ ഉന്നയിച്ചത്. വാട്‌സ്ആപ്പിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഈ വാദമുഖങ്ങളെ എതിര്‍ത്തു. വാട്‌സ്ആപ്പ് പേക്ക് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസില്‍ ബന്ധപ്പെട്ട കക്ഷികളുടെ നിലപാടറിയിക്കാന്‍ നാലാഴ്ചത്തെ സമയം കോടതി അനുവദിച്ചു. ബന്ധപ്പെട്ട കക്ഷികളുടെ മറുപടി ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കുന്ന തീയതി തീരുമാനിക്കും.

ENGLISH SUMMARY: UPI Data Secu­ri­ty: Supreme Court seeks response from Cen­ter and WhatsApp

YOU MAY ALSO LIKE THIS VIDEO