വിവിധ വകുപ്പുകളില്‍ സ്വകാര്യ മേഖലയില്‍നിന്ന് ഒമ്പത് പേരെ നിയമിച്ചു

Web Desk
Posted on April 13, 2019, 9:26 pm

ന്യൂഡല്‍ഹി: സ്വകാര്യ മേഖലയില്‍നിന്നുള്ളവരെ ഭരണതലപ്പത്തേയ്ക്ക് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം വിവിധ വകുപ്പുകളില്‍ ഒമ്പത് പേരെ ഉദ്യോഗസ്ഥരായി നിയമിച്ചു. ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെയാണ് യുപിഎസ്‌സി നിയമിച്ചത്. ധനകാര്യം, സാമ്പത്തികം, കൃഷി, സഹകരണകര്‍ഷക ക്ഷേമം, വ്യോമയാനം, വാണിജ്യം, പരിസ്ഥിതി, വനം കാലാവസ്ഥാവ്യതിയാനം, ഊര്‍ജം, ഗതാഗതം തുടങ്ങിയ മേഖലകളിലാണ് നിയമനം.
ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ മേധാവി കക്കോലി ഘോഷ്, കെപിഎംജി മേധാവി ആംബര്‍ ദുബെ, സാര്‍ക്ക് ഡവലപ്‌മെന്റ് ഫണ്ട് ഡയറക്ടര്‍ രാജീവ് സക്‌സേന, പനാമ റിന്യൂവബിള്‍ ഗ്രൂപ്പ് മേധാവി ദിനേഷ് ദയാനന്ദ് ജഗ്ദാലെ, എന്‍എച്ച്പിസി ലിമിറ്റഡ് സീനിയര്‍ മാനേജര്‍ സുജിത് കുമാര്‍ ബാജ്‌പേയി തുടങ്ങിയവര്‍ നിയമിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. രണ്ടു മാസത്തിനുള്ളില്‍ ഇവര്‍ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
നീതി ആയോഗിന്റെ ശുപാര്‍ശ അനുസരിച്ചാണ് സ്വകാര്യമേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥരെ ഭരണതലപ്പത്തേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. മത്സരാധിഷ്ഠിതമായ മേഖലകളില്‍ വിഷയം കൈകാര്യം ചെയ്യാന്‍ ആ മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍ തന്നെ വേണം എന്നായിരുന്നു നീതി ആയോഗ് ശുപാര്‍ശ.
വിവിധ മന്ത്രാലയങ്ങളിലെ ഡയറക്ടര്‍, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് സ്വകാര്യമേഖലയില്‍നിന്ന് 50 വിദഗ്ധരെ നിയമിക്കാനാണ് തീരുമാനിച്ചിരുന്നത്. സാധാരണയായി ഐഎഎസുകാര്‍ കൈകാര്യം ചെയ്തിരുന്ന പദവികളാണിവ. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ കരാറടിസ്ഥാനത്തിലാണ് നിയമനം.
ഏതാനും ചില സുപ്രധാന തസ്തികകളില്‍ നേരത്തെയും ഇത്തരം നിയമനങ്ങള്‍ നടന്നിരുന്നു. ആയുഷ് മന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായി ആയുര്‍വേദ ഫിസിഷ്യന്‍ രാജേഷ് കൊടേച്ച, കേന്ദ്ര ശുദ്ധജലശുചീകരണ മന്ത്രാലയത്തില്‍ സെക്രട്ടറിയായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും പൊതുജനാരോഗ്യരംഗത്തെ വിദഗ്ധനുമായ പരമേശ്വര അയ്യര്‍ എന്നിവരെ നിയമിച്ചിരുന്നു.