Web Desk

ന്യൂഡൽഹി‍:

January 22, 2021, 7:58 pm

യുപിഎസ്‌സി പരീക്ഷ; മുഴുവൻ അവസരങ്ങളും പൂർത്തിയാക്കിയവർക്ക് വീണ്ടും അവസരം നൽകാനാകില്ല: കേന്ദ്ര സര്‍ക്കാര്‍

Janayugom Online

കഴിഞ്ഞ വർഷം ഒക്ടോബറോടെ യുപിഎസ്‍സി പരീക്ഷക്കുള്ള മുഴുവൻ അവസരങ്ങളും പൂർത്തിയാക്കിയവർക്ക് വീണ്ടും അവസരം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ. കോവിഡ് പ്രതിസന്ധി കാരണം ഒക്ടോബറിൽ നടന്ന പരീക്ഷ എഴുതാൻ പലർക്കും കഴിഞ്ഞില്ലെന്നും ഇത്തവണത്തോടെ പ്രായപരിധി അവസാനിച്ചവർക്ക് മറ്റൊരു അവസരം കൂടി നൽകണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയതെന്ന് ബാർ ആന്റ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.

മറ്റ് പരീക്ഷകളിൽ നിന്ന് വ്യത്യസ്താമായി സിവിൽ സർവീസ് പരീക്ഷകൾക്ക് പരിമിതമായ അവസരങ്ങൾ മാത്രമാണ് ഓരോ കാൻഡിഡേറ്റിനും ലഭിക്കുക. ജനറൽ വിഭാഗത്തിലുള്ളവർക്ക് ആറ് അവസരങ്ങളും 32 വയസ് വരെ പ്രായപരിധിയുമാണുള്ളത്. മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് 35 വയസിനുള്ളിൽ ഒൻപത് തവണ യുപിഎസ്‍സി പരീക്ഷ എഴുതാം. എസ്‍സി, എസ്‍ടി വിഭാഗക്കാർക്ക് 37 വയസിനുള്ളിൽ എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാനാകും.

ഈ വർഷത്തോടെ പ്രായപരിധി അവസാനിക്കുന്ന നിരവധി പേർക്ക് ഇത്തവണ കോവിഡ് മഹാമാരി മൂലം പരീക്ഷ എഴുതാനായിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇവർ ഈ വർഷം നടക്കാനിരിക്കുന്ന പ്രിലിംസ് പരീക്ഷയിൽ അവസരം ലഭിക്കും എന്ന പ്രതീക്ഷയിൽ തയാറെടുപ്പുകൾ നടത്തുകയാണെന്നും ഹർജിയിൽ പറയുന്നു. നിലവിലെ സാഹചര്യം പരിഗണിച്ച് ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാൻ സെപ്റ്റംബർ 30 ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് പരീക്ഷ എഴുതാനാകാതെപോയ സിവിൽ സർവീസ് അഭിലാഷികൾക്ക് അധിക അവസരം നൽകുന്നത് പരിഗണിക്കുന്നുണ്ടെന്നായിരുന്നു ഈ ഘട്ടത്തിൽ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. അധിക അവസരം വേണമെന്ന അപേക്ഷയിൽ കേന്ദ്രം പ്രതികൂല നിലപാട് സ്വീകരിക്കുന്നില്ലെന്ന് ഡിസംബർ 18 ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ ഒരു തീരുമാനം ഉണ്ടാകാമെന്നും അധിക ശ്രമം അനുവദിക്കുന്നതിന് നിയമങ്ങളിൽ ഭേദഗതി ആവശ്യമാണെന്നുമായിരുന്നു ആ ഘട്ടത്തിൽ മേത്ത പറഞ്ഞത്.

എന്നാൽ മുൻ പ്രസ്താവനയ്ക്ക് വിരുദ്ധമായാണ് സർക്കാരിന്റെ പുതിയ നിലപാട്. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ബി ആർ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരുന്ന തിങ്കളാഴ്ച ഹർജിയിൽ കോടതി വീണ്ടും വാദം കേൾക്കും.

ENGLISH SUMMARY: UPSC exam; Those who have com­plet­ed all the oppor­tu­ni­ties can­not be giv­en anoth­er chance: Cen­tral Government

YOU MAY ALSO LIKE THIS VIDEO