യുപിഎസ്‌സി ജിഹാദ് സംപ്രേഷണം; രാജ്യത്തോടുള്ള വഞ്ചന

സ്വന്തം ലേഖകൻ

ന്യൂഡൽഹി

Posted on September 15, 2020, 10:57 pm

സിവിൽ സർവീസിലേക്ക് മുസ്‌ലിങ്ങൾ കൂടുതലായി എത്തുന്നത് യുപിഎസ്‌സി ജിഹാദാണ് എന്നാരോപിക്കുന്ന വാർത്താധിഷ്ഠിത പരിപാടിക്ക് സുപ്രീം കോടതി വിലക്ക്. സംഘ്പരിവാർ അനുകൂല ചാനലായ സുദർശൻ ടിവിയാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പരിപാടിയുടെ ഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ എം ജോസഫ് എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. മുസ്‌ലിം സമുദായത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ടാണ് വിധി.

ഈ പ്രവർത്തനം രാജ്യത്തോടുള്ള വഞ്ചനയാണെന്നും ഇത്തരം കുത്സിതനീക്കങ്ങൾ റേറ്റിങിനു വേണ്ടിയാണെന്നും കോടതി നിരീക്ഷിച്ചു. മുസ്‌ലിം സമുദായത്തിൽപ്പെട്ടവർ സിവിൽ സർവീസിലേക്ക് നുഴഞ്ഞു കയറുന്നുവെന്ന് ഒരു തെളിവുമില്ലാതെ പറയാൻ ആരെയും അനുവദിക്കില്ല. ഇത്തരത്തിൽ അഭിപ്രായപ്പെടാൻ മാധ്യമ പ്രവർത്തകർക്ക് പരമാധികാരം ഇല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. യുപിഎസ്‌സി പോലെയുള്ള സ്ഥാപനത്തിനെതിരെയും ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നു. ഏത് തരത്തിൽ ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുമെന്ന് കോടതി ആരാഞ്ഞു.

ഇലക്ട്രോണിക് മീഡിയ നിയന്ത്രിക്കാനുള്ള ആശയങ്ങൾ കൈവശമുള്ള അഞ്ച് പൗരന്മാരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മാധ്യമ സ്വാതന്ത്ര്യം പരമമല്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടു. മറ്റ് പൗരന്മാർക്ക് ഉള്ള സ്വാതന്ത്ര്യം മാത്രമേ മാധ്യമ പ്രവർത്തകർക്കും ഉള്ളു. ചില ചാനലുകളിലെ ചർച്ചകളിൽ അവതാരകരാണ് കൂടുതൽ സമയവും സംസാരിക്കുന്നത്. ചർച്ചകളിൽ നിഷ്പക്ഷരായ മാധ്യമപ്രവർത്തകരെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. വാർത്താമാധ്യമങ്ങളുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. സർക്കാർ ചില ചാനലുകൾക്ക് പരസ്യം കൂടുതൽ നൽകുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

മാധ്യമസ്വാതന്ത്ര്യം പ്രധാനമാണെന്നും മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിലെ ദുരന്തം ആയിരിക്കുമെന്നുമാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചത്. പല വെബ് പോർട്ടലുകളുടെയും യഥാർത്ഥ ഉടമകൾ ആരാണെന്നുപോലും വ്യക്തമല്ല. ഒരു സമാന്തര മാധ്യമരീതിയാണ് വളരുന്നത്. ഇത്തരം മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഇല്ലെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു.

പരിപാടിയുടെ നാല് എപ്പിസോഡുകൾ ഇതിനോടകം സംപ്രേഷണം ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിന് പുറമെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് കോർപറേഷൻ എന്നിവർക്കും സുപ്രീംകോടതി വിഷയത്തിൽ നോട്ടീസ് അയച്ചിരുന്നു. നേരത്തെ സംപ്രേഷണം തടയണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു. 17 ന് വീണ്ടും കേസ് പരിഗണിക്കും.

 

സ്വതന്ത്ര സമൂഹത്തിൽ അനുവദിക്കാനാകില്ല

ഒരു സമുദായത്തെ മുഴുവൻ ലക്ഷ്യമിടുന്ന കുത്സിതമായ ഇത്തരം നീക്കങ്ങൾ സ്വതന്ത്ര സമൂഹത്തിൽ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. രാജ്യത്ത് നിലനിൽക്കുന്ന സാമുദായിക ഐക്യം തകർക്കുന്നത് ലക്ഷ്യമാക്കുന്ന ഒരു പ്രോഗ്രാമും സംപ്രേഷണം ചെയ്യാൻ പാടില്ല. അതിനുള്ള അവകാശം ആർക്കുമില്ല. പ്രോഗ്രാം കോഡിലെ ആറാമത്തെ ചട്ടം പ്രത്യേക സമുദായത്തെയോ പ്രദേശത്തെയോ ലക്ഷ്യമിടുന്ന അപവാദപ്രചരണം തടയുന്നുവെന്നും കോടതി പറഞ്ഞു.

ENGLISH SUMMARY:UPSC Jihad Broad­cast; Betray­al to coun­try
You may also like this video