യുപിഎസ്‌സി ജിഹാദ്: സുദർശൻ ടിവി പ്രോഗ്രാം ചട്ടം ലംഘിച്ചുവെന്ന് കേന്ദ്രം

Web Desk

ന്യൂഡൽഹി:

Posted on September 23, 2020, 10:33 pm

സിവിൽ സർവീസിൽ ‘മുസ്‌ലിങ്ങളുടെ നുഴഞ്ഞുകയറ്റം’ എന്ന പേരിൽ സുദർശൻ ടിവി സംപ്രേഷണം ചെയ്ത വിവാദ എപ്പിസോഡുകൾ പ്രഥമദൃഷ്ട്യാ പ്രോഗ്രാം കോഡ് ലംഘിച്ചതായി കേന്ദ്രം സുപ്രീം കോടതിയിൽ. വിഷയത്തിൽ വിശദീകരണം നൽകാൻ ചാനലിന് കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.

ഈ മാസം 28ന് മുമ്പായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. മതങ്ങൾ, വിഭാഗങ്ങൾ എന്നിവയെ ആക്ഷേപിക്കുന്നതോ കടന്നാക്രമിക്കുന്നതരത്തിലോ ഉള്ള ദൃശ്യങ്ങളോ വർഗീയ നിലപാടുകളോ പ്രചരിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്നാണ് 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങള്‍ പ്രകാരം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയിട്ടുള്ള മാർഗനിർദ്ദേശം. സുദർശൻ ടിവിയുടെ പരിപാടി പ്രഥമദൃഷ്ട്യാ ഈ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ടുള്ളതാണെന്ന് കണ്ടെത്തിയതായി കേന്ദ്രം പറഞ്ഞു.

അനുവദിച്ച സമയത്തിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ തുടർ നടപടികളിലേക്ക് പോകുമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ചാനൽ വിശദീകരണം നൽകുന്നതുവരെ കേസ് പരിഗണിക്കരുത് എന്നാണ് കേന്ദ്രം കോടതിയിൽ ആവശ്യപ്പെട്ടത്.

കേസ് അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കുമെന്നും പരിപാടിയുടെ സംപ്രേഷണം നിർത്തിക്കൊണ്ടുള്ള ഉത്തരവ് തുടരുമെന്നും കോടതി അറിയിച്ചു. സുദർശൻ ടിവിയുടെ പരിപാടി മുസ്‌ലിം സമുദായത്തെ അവഹേളിക്കുന്നതായി കണ്ടെത്തിയ സുപ്രീം കോടതി ഈ മാസം 15നാണ് പരിപാടി സംപ്രേഷണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയത്. ഉന്നത ഉദ്യോഗസ്ഥ തലങ്ങളിൽ മുസ്‌ലിങ്ങൾ നുഴഞ്ഞു കയറുന്നുവെന്നാണ് പരിപാടിയിൽ പറഞ്ഞിരുന്നത്. യുപിഎസ്‌‌സി ജിഹാദ് എന്ന തലക്കെട്ടോടെയായിരുന്നു സംപ്രേഷണം.

Eng­lish sum­ma­ry; UPSC jihad: Cen­ter alleges vio­la­tion of Sudar­shan TV pro­gram rules

You may also like this video;