Saturday
16 Feb 2019

സിവില്‍ സര്‍വീസ് ; പുറത്താകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി

By: Web Desk | Monday 11 February 2019 10:27 PM IST

ന്യൂഡല്‍ഹി :  സിവില്‍ സര്‍വീസ് പരീക്ഷയില്‍  ഇന്‍റര്‍വ്യൂ റൗണ്ടില്‍ പുറത്താകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിനും വകുപ്പുകള്‍ക്കും യു.പി.എസ്.സി ചെയര്‍മാന്‍ അരവിന്ദ് സക്‌സേന ഇതു സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒഡീഷയില്‍ സ്റ്റേറ്റ് പി.എസ്.സി ചെയര്‍മാന്മാരുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കമ്മീഷന്‍ ആലോചിക്കുന്നതായി സക്‌സേന അറിയിച്ചു.2018-ലെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് എട്ട് ലക്ഷത്തോളം പേരാണ് അപേക്ഷിച്ചത്. ആകെയുള്ള 780 ഒഴിവുകളിലേക്ക് 10,500 പേരാണ് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയത്.

പതിനൊന്ന് ലക്ഷത്തോളം പേര്‍ അപേക്ഷിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നത് പകുതിയോളം പേരും പിന്നീട് പല ഘട്ടങ്ങളിലായി ഈ എണ്ണം കുറഞ്ഞ് 600 പേരെ മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും സക്‌സേന ചൂണ്ടിക്കാട്ടി. എല്ലാ കടമ്ബകളും മറികടന്ന് അഭിമുഖത്തിനെത്തുന്നവര്‍ രാജ്യത്തെ ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളാണെന്നും, ഇവരെ മറ്റു വകുപ്പുകളിലെ ഒഴിവുകളിലേക്ക് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Related News