24 April 2024, Wednesday

ആഗോള റാങ്കിങ്ങിൽ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഊരാളുങ്കൽ സൊസൈറ്റി ലോകത്ത് രണ്ടാമത്

Janayugom Webdesk
കോഴിക്കോട്
December 2, 2022 9:17 pm

ഊരാളുങ്കൽ സൊസൈറ്റിക്ക് ആഗോളറാങ്കിങ്ങിൽ ഹാട്രിക്. തുടർച്ചയായ മൂന്നാം വർഷവും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎസിസിഎസ്) ലോകത്തു രണ്ടാം സ്ഥാനത്ത്. വ്യവസായ – അവശ്യസേവന മേഖലയിൽ ലോകത്ത് ഏറ്റവും ഉയർന്ന വിറ്റുവരവിനാണ് അംഗീകാരം. ഒന്നാം സ്ഥാനം സ്പെയിനിലെ കോർപ്പറേഷൻ മോൺട്രാഗോൺ എന്ന തൊഴിലാളിസംഘത്തിനാണ്. മൂന്നുമുതൽ ആദ്യ 10 സ്ഥാനങ്ങൾ ഇറ്റലി, ജപ്പാൻ, അമേരിക്ക, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കാണ്. 

ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസും യൂറോപ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കോപ്പറേറ്റീവ്സ് ആൻഡ് സോഷ്യൽ എന്റർപ്രൈസസും ചേർന്നു വർഷംതോറും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടായ വേൾഡ് കോപ്പറേറ്റീവ് മോണിട്ടറാണ് സഹകരണസ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത്. 2020‑ലെ റാങ്കിങ്ങുകളാണ് അവരുടെ കഴിഞ്ഞദിവസം പുറത്തിറക്കിയ 2022‑ലെ റിപ്പോർട്ടിൽ ഉള്ളത്. വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെ 2019‑ൽ ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസ് അംഗത്വം നല്കി ആദരിച്ചിരുന്നു. ആ ആഗോളസമിതിയിൽ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമികസഹകരണംസംഘമാണ് യുഎൽസിസിഎസ്. 

മാതൃകാസഹകരണസംഘമായി പ്രഖ്യാപിച്ച് യുണെസ്കോ യുഎൽസിസിഎസിനെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികൾതന്നെ ഭരണം നടത്തുന്ന സ്ഥാപനം എന്ന സവിശേഷതയുമുണ്ട്. നിർമ്മാണമേഖലയ്ക്കു പുറമെ, ടൂറിസം, നൈപുണ്യവികസനം, വിദ്യാഭ്യാസം, കാർഷിക‑ക്ഷീരോത്പാദനവും സംസ്ക്കരണവും, പാർപ്പിടം തുടങ്ങിയ മേഖലകളിലേക്കും പ്രവര്‍ത്തനം വൈവിദ്ധ്യവത്ക്കരിച്ചിട്ടുണ്ട്. നിർമ്മാണമേഖലയിൽ 13,000 തൊഴിലാളികൾക്കും ആയിരം എൻജിനീയർമാർക്കും ആയിരം സാങ്കേതികവിദഗ്ദ്ധർക്കും ഐറ്റി മേഖലയിൽ 2000 പ്രൊഫഷണലുകൾക്കും കരകൗശലമേഖലയിൽ ആയിരത്തിൽപ്പരം പേർക്കും സ്ഥിരമായി തൊഴിൽ നല്കുന്നു. കേരളീയനവോത്ഥാന നായകരിൽ പ്രമുഖനായ വാഗ്ഭടാനദഗുരുവിന്റെ മുൻകൈയിൽ 1925 ലാണ് സൊസൈറ്റി രൂപീകരിച്ചത്.

Eng­lish Summary:Uralungal Soci­ety is sec­ond in the world for the third con­sec­u­tive year in the glob­al ranking
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.