കുടിവെള്ളത്തിൽ അപകടകരമാംവിധം യുറേനിയം: മലിനീകരണമായി കാണിക്കാതെ ഇന്ത്യ

Web Desk
Posted on June 09, 2018, 11:08 am

രാജസ്ഥാൻ : രാജസ്ഥാനിലെ കുടിവെള്ളസ്രോതസ്സുകളിൽ വൻതോതിൽ യുറേനിയം സാന്നിധ്യം. അമേരിക്കയിലെ ഡ്യൂക്ക് സർവ്വകലാശാലയും, കേന്ദ്ര ഭൂഗർഭജല ബോർഡും സംയുക്തമായി നടത്തിയ പഠനങ്ങളിലാണ് രാജസ്ഥാനിലെ നിരവധി പ്രദേശങ്ങളിൽ കുടിവെള്ളത്തിൽ വൻതോതിൽ യുറേനിയം സാനിധ്യം കണ്ടെത്തിയത്.

എന്നാൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് രേഖകൾ പ്രകാരം കുടിവെള്ളത്തിലെ യുറേനിയം സാന്നിധ്യം മലിനീകരണമായി പോലും കണക്കാപ്പെട്ടിട്ടില്ല.

ഭൂഗർഭജലനിരപ്പ് താഴുന്നതും, നൈട്രേറ്റ് മലിനീകരണവും എല്ലാം യുറേനിയത്തിന്റെ തോത് കൂടാനിടയാക്കി.

“രാജസ്ഥാനിലെ മൂന്നിലൊന്നു ശതമാനം കിണറുകളിലും ലോക ആരോഗ്യ സംഘടനയുടെ മാനകങ്ങളെ അപേക്ഷിച്ച് യുറേനിയം അംശം വളരെ കൂടുതലുണ്ട്” ഡ്യൂക്ക് നിക്കോളാസ് സ്‌കൂളിലെ ജിയോകെമിസ്ട്രി വാട്ടർ ക്വാളിറ്റി വിഭാഗം അധ്യാപകൻ അവ്നെർ വെൺഗോഷ് പറഞ്ഞു.

മുൻകാലങ്ങളിലെ ജലപരിശോധനാ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ശുദ്ധജല ശ്രോതസ്സുകളിലെ പാറക്കെട്ടുകൾ പരിശോധിച്ചപ്പോൾ, 26 ഉത്തര പശ്ചിമേന്ത്യൻ നഗരങ്ങളിലും, 9 പൂർവ്വ‑ദക്ഷിണേന്ത്യൻ നഗരങ്ങളിലും ഉയർന്ന തോതിലുള്ള യുറേനിയം മലിനീകരണം സംഭവിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം കുടിവെള്ളത്തിലെ യുറേനിയം സാന്നിധ്യം പ്രതിലിറ്ററിന് മുപ്പത് മൈക്രോണിൽ താഴെ ആയിരിക്കണം എന്നാണ് കണക്ക്. അമേരിക്കൻ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി സ്റ്റാൻഡേർഡ് പ്രകാരവും യുറേനിയം അംശം ഇതേ അളവിൽ മാത്രമേ ഉണ്ടാകാവൂ.