ബില്‍ പാസാക്കുന്നതില്‍ ജനങ്ങളെ വെല്ലുവിളിക്കുന്ന തിടുക്കം

Web Desk
Posted on July 26, 2019, 10:39 pm

തെരഞ്ഞെടുക്കപ്പെട്ടെത്തിയ ജനപ്രതിനിധികളുടെ വാ മൂടിക്കെട്ടി സംഘപരിവാര്‍ ഭരണകൂടം തന്നിഷ്ടം നടപ്പാക്കുകയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും. ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ബില്ലുകളെല്ലാം ചര്‍ച്ചകള്‍ക്ക് അവസരം നിഷേധിച്ച് രണ്ടാം മോഡി സര്‍ക്കാര്‍ അതിവേഗം പാസാക്കിക്കൊണ്ടിരിക്കുന്നു. പണത്തിന്റെയും കയ്യൂക്കിന്റെയും പിന്‍ബലത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷനെപ്പോലും വിലയ്‌ക്കെടുത്ത് അധികാരം നിലനിര്‍ത്തിയതിന്റെ അഹങ്കാരമാണ് ബിജെപി ഇങ്ങനെ പുറത്തെടുക്കുന്നത്. ജനാധിപത്യത്തിന്റെ സകല മര്യാദകളും തകര്‍ത്താണ് ജനപ്രതിനിധി സഭകളില്‍ ബിജെപി അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നത്. പ്രതിപക്ഷം ന്യൂനപക്ഷവും അശക്തരുമാണെന്ന അന്ധതയാണിപ്പോള്‍ രാജ്യഭരണത്തിനായി സംഘപരിവാറിനെ നയിക്കുന്നത്.

ഒന്നാം മോഡി സര്‍ക്കാരിനടക്കം മുന്‍കാലങ്ങളില്‍ രാജ്യത്ത് ജനവിരുദ്ധമായ നയങ്ങളും പരിപാടികളും നടപ്പിലാക്കുന്നതിന് ഇടതുപാര്‍ട്ടികളുടെ പ്രതിരോധം ഒരളവില്‍ തടസമായിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോഡിയും സംഘപരിവാറും അതുകൊണ്ടുതന്നെ ഏറ്റവും ഊന്നല്‍ നല്‍കിയത് ഇടതുപാര്‍ട്ടികളുടെ പ്രാതിനിധ്യം കുറയ്ക്കുക എന്നതിലായിരുന്നു. അധികാരം തിരിച്ചുപിടിക്കാമെന്ന അന്ധമായ അമിതവിശ്വാസത്താല്‍ കോണ്‍ഗ്രസ് രാജ്യത്താകമാനം എടുത്ത രാഷ്ട്രീയ നിലപാട് ഇക്കാര്യത്തില്‍ ആര്‍എസ്എസിനും നരേന്ദ്രമോഡിക്കും തുണയാവുകയും ചെയ്തു. ഭരണമേറ്റ് രണ്ട് മാസം തികയും മുമ്പ് 14 ബില്ലുകളാണ് മോഡി സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. ഇതിന്മേല്‍ ചര്‍ച്ച നടത്താന്‍ അവസരം കൊടുത്തില്ലെന്നുമാത്രമല്ല ഇവയില്‍ ഒന്നുപോലും സെലക്ട് കമ്മിറ്റിക്കുപോലും വിട്ടില്ലെന്നതാണ് അമ്പരിപ്പിക്കുന്നത്.
ബില്ലുകള്‍ പാര്‍ലമെന്ററി കമ്മിറ്റികള്‍ സൂക്ഷ്മപരിശോധന നടത്തുകയും നിയമനിര്‍മ്മാണത്തിന്റെ ഉള്ളടക്കവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ദീര്‍ഘകാല സമ്പ്രദായമാണ് ഇന്ത്യന്‍ പാര്‍ലമെന്റിലേത്. സഭയില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലിന്മേല്‍ അഭിപ്രായം പറയാനും തിരുത്തലുകള്‍ ആവശ്യപ്പെടാനും അംഗങ്ങള്‍ക്കും അവകാശമുണ്ട്. ഇത്തരം നടപടികള്‍ ഇല്ലാതെയാണ് മോഡി സര്‍ക്കാര്‍ ബില്ലുകള്‍ തിടുക്കത്തില്‍ പാസാക്കുന്നത്. മോഡിക്ക് തൊട്ടുമുമ്പ് (2009–14) അധികാരത്തിലിരുന്ന മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പാര്‍ലമെന്റ് കമ്മിറ്റികളുടെ ശരിയായ പരിശോധനയ്ക്ക് ശേഷം 71 ശതമാനം ബില്ലുകളാണ് പാസാക്കിയത്. ഒന്നാം മോഡി സര്‍ക്കാര്‍ വെറും 26 ശതമാനം ബില്ലുകള്‍ മാത്രമാണ് സെലക്ട് കമ്മിറ്റിയുടെയോ സ്റ്റാന്റിങ് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിട്ടത്. അധികാരം നിലനിര്‍ത്താനായതോടെ അത്തരം നടപടികള്‍ പാടെ ഉപേക്ഷിക്കുകയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍.
വിവരാവകാശ നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത് ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ്. ബില്‍ വലിച്ചുകീറി പ്രതിഷേധിക്കാനുള്ള കരുത്ത് നിലവില്‍ രാജ്യസഭയില്‍ പ്രതിപക്ഷത്തിനുണ്ടെന്നതാണ് വസ്തുത. കോണ്‍ഗ്രസ് വരുത്തിവച്ച വിനയാല്‍ രാജ്യസഭയിലും ബിജെപി അംഗബലം വര്‍ധിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്. 99 പേര്‍ മാത്രമാണ് നിലവില്‍ എന്‍ഡിഎയ്ക്ക് രാജ്യസഭയിലുള്ളത്. ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എളുപ്പത്തില്‍ ബില്‍ പാസാക്കിയെടുത്തത് നിസാരമായി കാണാനാവില്ല. കേവല നേട്ടത്തിനായി ബിജെഡിയും വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാന രാഷ്ട്രീയ സമിതിയുമാണ് രാജ്യസഭയില്‍ ബിജെപിക്ക് താങ്ങായിട്ടുള്ളത്. മുഖ്യ വിവരാവകാശ കമ്മിഷണര്‍, കമ്മിഷണര്‍മാര്‍ എന്നിവര്‍ക്ക് ഇതുവരെയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ പദവി എടുത്തു കളയുന്ന ഭേദഗതിയാണ് ബില്ലിലുള്ളത്. ഇത് വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍ കാരണമാകുന്നതാണ്. പുതിയ ഭേദഗതി പ്രകാരം ഇവരുടെ സേവന വേതന വ്യവസ്ഥകളും കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാന്‍ കഴിയും.
ഭേദഗതികള്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഉണ്ടാകുമെന്ന് ആദ്യം പറഞ്ഞ് എംപിമാരെ കബളിപ്പിക്കുകയാണ് വിവരാവകാശ ബില്ലിന്റെ കാര്യത്തില്‍ ഉണ്ടായത്. വോട്ടിനിടുമ്പോള്‍ പുതിയ എംപിമാരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇലക്‌ട്രോണിക് വോട്ടിങ് സംവിധാനം ഉറപ്പായിരുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പുവരെ റെയ്ഡും പരാതികളും ആരോപണങ്ങളുമായി ബിജെപി ആക്രമിച്ചിരുന്ന ടിഡിപി എംപിയാണ് രാജ്യസഭയില്‍ അവരുടെ എംപിമാരുടെ മുഴുവന്‍ വോട്ടും ബില്ലിന് അനുകൂലമാക്കിക്കൊടുത്തത്. പല മുഖ്യമന്ത്രിമാരെയും നരേന്ദ്രമോഡി ഫോണില്‍ വിളിച്ച് അവരുടെ എംപിമാരുടെ വോട്ട് സര്‍ക്കാരിന് അനുകൂലമായി വിനിയോഗിച്ചിരിക്കണമെന്ന് ‘ആവശ്യപ്പെട്ട’തായാണ് വിവരം.
പാര്‍ലമെന്റിലെ സമിതികളെ നോക്കുകുത്തികളാക്കിയും അംഗങ്ങളെ അപഹാസ്യരാക്കിയും ബില്ലുകള്‍ തിടുക്കത്തില്‍ പാസാക്കുന്നതിനെതിരെ രാജ്യസഭയിലെ പതിനേഴോളം രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് കത്ത് കൈമാറിയിരിക്കുകയാണ്. ഇത് കേവലം രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും രാജ്യസഭാ എംപിമാരുടെയും മാത്രം കടമയായി കാണേണ്ട ഒന്നല്ല. ശക്തമായ ജനകീയ പ്രതിരോധമാണ് സംഘപരിവാര്‍ സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യത്ത് ഉയര്‍ന്നുവരേണ്ടത്.