Web Desk

November 24, 2020, 4:13 am

ഭക്ഷ്യവസ്തു വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടിവേണം

Janayugom Online

ക്ഷ്യവസ്തുക്കളുടെ കുതിച്ചുയരുന്ന വിലക്കയറ്റം കോവിഡ് മഹാമാരി ദുരിതത്തിലാക്കിയ ജനകോടികളുടെ ജീവിതത്തെ വീര്‍പ്പുമുട്ടിക്കുന്നു. റീട്ടെയില്‍ വിലനിലവാരം ഒക്ടോബറില്‍ കഴിഞ്ഞ ആറര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നതോതില്‍ എത്തിയതായി ഔദ്യോഗിക പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. മൊത്തവില നിലവാരം കഴിഞ്ഞ എട്ടുമാസത്തെ ഏറ്റവും ഉയര്‍ന്നതോതിലായതായും പഠനം പറയുന്നു. ഏറ്റവും സാധാരണ കുടുംബങ്ങള്‍ക്ക് ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കാനാവാത്ത ഉരുളക്കിഴങ്ങ്, പച്ചക്കറി ഇനങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ വില 16 മുതല്‍ 26 ശതമാനം കണ്ട് ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഉരുളക്കിഴങ്ങിന്റെ മാത്രം വിലയില്‍ 107.7 ശതമാനം കണ്ടാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടിക്കും സന്നദ്ധമായിട്ടില്ലെന്നു മാത്രമല്ല, ഉല്പാദനത്തിനോ ഉല്പാദനക്ഷമതയ്ക്കോ ഉപഭോക്താക്കളെയോ കണക്കിലെടുക്കാതെയുള്ള മോഡി സര്‍ക്കാരിന്റെ ഉത്തേജക പാക്കേജുകള്‍ ഫലത്തില്‍ വിലവര്‍ധനവിനു കാരണമായതായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഉത്തേജക പാക്കേജുകള്‍ മഹാഭൂരിപക്ഷം വരുന്ന താഴ്ന്ന വരുമാനക്കാരെയും താഴെത്തട്ടിലുള്ള ഇടത്തരക്കാരെയും അവഗണിക്കുന്നതും ഏതാണ്ട് 25 കോടിയോളം വരുന്ന സമ്പന്ന വിഭാഗങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദവുമാകുന്നതായാണ് കാണാനായത്. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ലഭ്യമായ പണലഭ്യതയും ഉയര്‍ന്ന ക്രയശേഷിയും വിലവര്‍ധനവ് ക്ഷണിച്ചുവരുത്തിയതായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കോവിഡ് മഹാമാരിയും കേന്ദ്ര സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളും മൂലം തൊഴിലും വരുമാനവും ചുരുങ്ങുകയും ഇല്ലാതാകുകയും ചെയ്ത 80 കോടിയില്‍പ്പരം ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ ദുര്‍വഹമാക്കി മാറ്റിയിരിക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കൊപ്പം ദീര്‍ഘവീക്ഷണം കൂടാതെ റിസര്‍വ് ബാങ്ക് നടപ്പാക്കിവരുന്ന ധനനയങ്ങളും നാണ്യപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്. കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ റേറ്റില്‍ തുടര്‍ച്ചയായി വരുത്തിയ കുറവ് ജനസംഖ്യയില്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ കൈകളില്‍ ധനലഭ്യത എളുപ്പമാക്കി. റിപ്പോ നിരക്ക് നിയന്ത്രിക്കുകവഴി നാണ്യപ്പെരുപ്പം തടയാന്‍ ചുമതലപ്പെട്ട റിസര്‍വ് ബാങ്ക് അതില്‍ പരാജയപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും ശക്തമായി. ഇവയെല്ലാം നാണ്യപ്പെരുപ്പത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിച്ച ഘടകങ്ങളാണ്. അതിന്റെ കടുത്ത ആഘാതം താങ്ങേണ്ടിവരുന്നത് മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരും താഴ്‌ന്ന വരുമാനക്കാരുമാണ്.

മോഡിസര്‍ക്കാര്‍ ജനാധിപത്യ മര്യാദകളെല്ലാം കാറ്റില്‍ പറത്തി പാസാക്കിയെടുത്ത അവശ്യവസ്തു ഭേദഗതി നിയമം അടക്കമുള്ള കര്‍ഷക വിരുദ്ധ നിയമങ്ങളും വരും ദിവസങ്ങളില്‍ വിലക്കയറ്റം അനിയന്ത്രിതമാക്കും. 1955 ലെ അവശ്യവസ്തു നിയമം പല കാര്‍ഷിക ഉല്പന്നങ്ങളുടെയും ഉല്പാദനം, സംഭരണം, വിതരണം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ ഭേദഗതിയോടെ ആ നിയന്ത്രണങ്ങള്‍ ഇല്ലാതെയായി. എന്ത് ഉല്പാദിപ്പിക്കണമെന്നും എങ്ങനെ സംഭരിക്കണമെന്നും എന്തുവിലയ്ക്ക് വിറ്റഴിക്കണമെന്നും ഇനിമേല്‍ തീരുമാനിക്കുക കൃഷിയെയും വിപണിയെയും നിയന്ത്രിക്കുന്ന കുത്തക കോര്‍പ്പറേറ്റുകളായിരിക്കും. അത് ഉല്പന്നങ്ങളുടെ വിലയില്‍ പ്രതിഫലിക്കുക സ്വാഭാവികമാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി ഉല്പാദന പ്രക്രിയയും ഏറെ തടസങ്ങളെയും പ്രതിസന്ധികളെയുമാണ് നേരിടുന്നത്. അകാലത്തിലുള്ള മഴയും വരള്‍ച്ചയുമെല്ലാം ഉല്പാദനത്തെ തടസപ്പെടുത്തുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാനും അവയുടെ ലഭ്യത ഉറപ്പുവരുത്താനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടല്‍ കൂടിയേ തീരൂ.

കോവിഡ് മഹാമാരിയുടെ ദിനങ്ങളില്‍ പിടിച്ചുനില്ക്കാന്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ നല്കിപോന്നിരുന്ന സൗജന്യ റേഷന്‍, അവ എത്രതന്നെ പരിമിതമാണെങ്കിലും, വലിയൊരളവ് സഹായകമായിരുന്നു. വിപണിയില്‍ വിലനിയന്ത്രിക്കുന്നതിലും അത് ഗണ്യമായ പങ്ക് വഹിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ ഈ മാസത്തോടെ അവസാനിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ സൗജന്യ റേഷന്‍ പൊടുന്നനെ നിര്‍ത്തുന്നത് വില വീണ്ടും ഉയരാന്‍ കാരണമാകും. അതുകൊണ്ടുതന്നെ മഹാമാരി നിയന്ത്രണവിധേയവും സമ്പദ്ഘടന സാധാരണനില കൈവരിക്കും വരെ സൗജന്യ റേഷന്‍ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാവണം. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ പ്രവണത കണക്കിലെടുത്ത് വില നിയന്ത്രിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ക്ക് സംസ്ഥാന സര്‍ക്കാരും സന്നദ്ധമാവണം.