അധ്യാപക തസ്തികകള്‍ അടിയന്തിരമായി നികത്താന്‍ മന്ത്രി കെ ടി ജലീല്‍ നിര്‍ദ്ദേശം നല്‍കി

Web Desk
Posted on January 04, 2019, 4:08 pm

തിരുവനന്തപുരം: സര്‍വകലാശാലകളിലെയും കോളജുകളിലെയും ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകള്‍ അടിയന്തിരമായി നികത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാല പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും അഫിലിയേറ്റഡ് കോളജുകളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ തൊഴിലവസരവും ഉപരിപഠന സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിന് എല്ലാവര്‍ഷവും അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച ഗവേഷണ/അക്കാദമിക സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ‘അക്കാദമിക കാര്‍ണിവല്‍’ സംഘടിപ്പിക്കണം. വിദ്യാര്‍ഥികള്‍ക്കാവശ്യമായ അപേക്ഷ സ്വീകരിക്കല്‍ മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതുവരെയുള്ള എല്ലാ സേവനങ്ങളും ആറുമാസത്തിനുള്ളില്‍ ഓണ്‍ലൈനാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വൈസ് ചാന്‍സലര്‍മാര്‍ എല്ലാമാസവും ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തി ഉന്നതവിദ്യാഭ്യാസ വകുപ്പിന് പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പിഎച്ച് ഡി പ്രബന്ധങ്ങളുടെ പ്രബന്ധങ്ങളുടെ മൂല്യനിര്‍ണയത്തിനായി വിദേശ റഫറിയെ നിയോഗിക്കണം. കോളജുകളില്‍ പ്രവേശനത്തിനായാലും പരീക്ഷാനടത്തിപ്പിനായാലും സര്‍വകലാശാലകള്‍ തന്നെ പുതിയ പ്രോഗ്രാമുകള്‍ തയാറാക്കി നല്‍കണം. സിലബസ് പരിഷ്‌കരണ സമിതികളില്‍ ഏറ്റവും പ്രഗത്ഭ അധ്യാപകരെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്വയംഭരണ കോളേജുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സ്ഥിരം സംവിധാനം നടപ്പാക്കണം. ഇതിനായി ആട്ടോണമി അപ്രൂവര്‍ കമ്മിറ്റി ഈമാസം 16ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കും. സര്‍വകലാശാലകളുടെ നേതൃത്വത്തില്‍ സംസ്ഥാന പുനര്‍നിര്‍മാണത്തിനായി കര്‍മപദ്ധതി തയാറാക്കണമെന്നും അക്കാദമിക മികവിനു ബാഹ്യസ്വാധീനങ്ങള്‍ക്ക് വിധേയമാകാതെ തീരുമാനങ്ങളെടുക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ കഴിവുള്ളവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള, എംജി, കുസാറ്റ്, കാലിക്കറ്റ്, കണ്ണൂര്‍, കെറ്റിയു, മലയാളം, ന്യൂവാന്‍സ്, സംസ്‌കൃതം എന്നീ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് തുടങ്ങിയവര്‍ സംബന്ധിച്ചു.