സ്വന്തം ലേഖിക

കോഴിക്കോട്:

July 28, 2021, 5:43 pm

ഈർക്കിൽ കൊണ്ട് മനോഹര ‘ഉരു’ ഒരുക്കി ഷിജു എല്ലോറ

Janayugom Online

തടി കൊണ്ടുള്ള ഉരു നിർമാണത്തിൽ ലോകപ്രശസ്തമാണ് കോഴിക്കോട്ടെ ബേപ്പൂർ. ഇവിടെ ഈർക്കിൽ കൊണ്ടൊരു ഉരു ഒരുക്കിയിരിക്കുകയാണ് ബേപ്പൂർ സ്വദേശിയായ ഷിജു എല്ലോറ. രൂപഘടനയിൽ ഒറിജിനൽ ഉരുവിനോട് കിട പിടിക്കുന്ന തരത്തിലാണ് പൂർണ്ണമായും ഈർക്കിൽ ഉപയോഗിച്ച് ഉരു നിർമ്മിച്ചിരിക്കുന്നത്. രണ്ടു മാസത്തോളം സമയമെടുത്താണ് നാലര അടി നീളവും രണ്ടര അടി ഉയരവും ഒന്നരയടി വീതിയുമുള്ള കൗതുക നൗക ഒരുക്കിയത്. 55,000 പച്ച ഈർക്കിലുകൾ ഇതിനായി വേണ്ടിവന്നെന്ന് ഷിജു എല്ലോറ പറഞ്ഞു.

ഫെവിക്കോളും ഫെവി ക്വിക്കും ഉപയോഗിച്ചാണ് ഈർക്കിലുകൾ ഒട്ടിച്ചെടുത്തിരിക്കുന്നത്. അറബ് രാജ്യങ്ങളിലേക്ക് ബേപ്പൂരിൽ നിന്ന് നിർമ്മിച്ച് കൊടുക്കാറുള്ള സാംബൂക്ക് ഉരു മാതൃകയിലാണ് ശിൽപ്പം. നാലു നിലകളാണ് ഈർക്കിൽ ഉരുവിനുള്ളത്. അലങ്കാര വിളക്കുകൾ മിഴി തുറക്കുമ്പോൾ ഉരുവിന്റെ രാത്രിക്കാഴ്ച അതിമനോഹരമാണ്.

വർഷങ്ങൾക്കുമുമ്പ് കളിമണ്ണിൽ തുടങ്ങിയ നിർമ്മാണ പരീക്ഷണം ഈർച്ചപ്പൊടിയും തീപ്പെട്ടിക്കൊള്ളിയും കടന്ന് ഈർക്കിളിൽ എത്തിനിൽക്കുകയാണ്.

ഈഫൽ ടവർ, ചരിഞ്ഞ ഗോപുരം, ബുർജ് ഖലീഫ എന്നിവയാണ് ഷിജുവിന്റെ കരവിരുതിൽ ജന്മമെടുത്തത്. തീപ്പെട്ടിക്കൊള്ളികൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചത്. പാഴ് വസ്തുക്കളിൽ നിന്ന് കലാരൂപങ്ങളുണ്ടാക്കുന്നതിലും വിദഗ്ധനാണ് ഷിജു. ടെലി ഫിലിമുകൾക്കും ആൽബങ്ങൾക്കും മേക്കപ്പും നിർവ്വഹിക്കാറുണ്ട്. ഇനി ന്യൂസ് പേപ്പർ കൊണ്ട് അടുത്ത പരീക്ഷണം നോക്കാനുളള ഒരുക്കത്തിലാണ് ഈ മുപ്പത്തഞ്ചുകാരൻ. കോവിഡ് കാലത്താണ് മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ ഷിജുവിന്റെ മനസിൽ ഈർക്കിൾ നൗകയെന്ന ആശയമുണ്ടാവുന്നത്. ബേപ്പൂരിലെ ഉരു നിർമാണ കേന്ദ്രങ്ങളിൽ പോയി കുറച്ചൊക്കെ പഠിച്ചു. ഇതിനിടെ ആരംഭിച്ച ടാറ്റൂ സ്റ്റുഡിയോയിലെ ഇടവേളകളിലായിരുന്നു നൗകയുടെ നിർമാണം. കോവിഡിന്റെ രണ്ടാം തരംഗവും ലോക്ക്ഡൗണും കാരണം നൗക എന്ന സ്വപ്നവും യാഥാർത്ഥ്യമായി. കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ സൃഷ്ടികളെല്ലാം ചേർത്ത് പ്രദർശനം നടത്തിയ ശേഷം വിൽക്കാനാണ് ഷിജുവിന്റെ തീരുമാനം.