ഉറുഗ്വെ-ജപ്പാന്‍ സമനില

Web Desk
Posted on June 22, 2019, 10:02 am

റിയോഡിജനീറോ: കോപ്പ അമേരിക്കയില്‍ ഉറുഗ്വെയെ സമനിലയില്‍ കുരുക്കി ജപ്പാന്‍. ഇരുടീമും രണ്ട് വീതം ഗോളുകള്‍ നേടി. രണ്ടു തവണ ജപ്പാന്‍ ലീഡ് നേടിയെങ്കിലും ഉറുഗ്വെ തിരിച്ചടിക്കുകയായിരുന്നു.
ഗ്രൂപ്പ് സിയിലെ ആവേശകരമായ മല്‍സരത്തില്‍ ജപ്പാനായി കോജി മിയോഷി ഇരട്ട ഗോളുകള്‍ നേടി. ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഉറുഗ്വെ തോല്‍വിയില്‍ നിന്നും രക്ഷപെട്ടത്. എഡിന്‍സന്‍ കവാനി ജപ്പാന്‍ ഡിഫന്ററെ ചവിട്ടിയപ്പോള്‍ ജപ്പാനെതിരെയാണ് പെനാല്‍ട്ടി വിധിച്ചത്.
ഇക്വഡോറിനെ തകര്‍ത്ത ആത്മവിശ്വാസത്തിലെത്തിയ ഉറുഗ്വെ തുടക്കം മുതല്‍ ആക്രമിച്ചെങ്കിലും ജപ്പാന്‍ കൗണ്ടര്‍ അറ്റാക്കുകളിലൂടെ കളി മെനഞ്ഞു. 25ആം മിനുട്ടില്‍ ഉറുഗ്വായെ ഞെട്ടിച്ച് കൊണ്ട് കോജി മിയോഷി ജപ്പാന് ലീഡ് നല്‍കി.
മുപ്പത്തിരണ്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ലൂയിസ് സുവാരസ് സമനില ഗോള്‍ കണ്ടെത്തി. 59ആം മിനുട്ടില്‍ വീണ്ടും മിയോഷി ജപ്പാനെ മുന്നിലെത്തിച്ചെങ്കിലും ജോസ് ഗിമനസിന്റെ ഗോളിലൂടെ ഉറുഗ്വെ മറുപടി നല്‍കുകയായിരുന്നു.
ആദ്യ മല്‍സരത്തില്‍ ചിലിയോട് തകര്‍ന്ന ജപ്പാന് സമനില ആശ്വാസമായി. ഇക്വഡോറുമായാണ് ജപ്പാന്റെ അടുത്ത മല്‍സരം. ഉറുഗ്വെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ 4–0 ന് തകര്‍ത്തിരുന്നു. ഉറുഗ്വെ-ചിലി പോരാട്ടമാണ് ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കുക.