Sunday
21 Jul 2019

ഉറുമ്പുകള്‍ എലിയും

By: Web Desk | Sunday 28 April 2019 6:37 AM IST


കിനാവ്

എന്റെ ശര്‍ക്കരകള്‍
ആദ്യം കണ്ടെത്തിയത്
എലിയായിരുന്നു,
പിന്നാലെ ഉറുമ്പുകളും.

ഞാനെത്തുംമുന്നേ
എല്ലാമവര്‍ പങ്കിട്ടെടുത്തിരുന്നു.

മധുരമില്ലാത്ത കാപ്പികുടിച്ചപ്പോഴാണു
ഞാന്‍ പ്രതികാരം ചെയ്യാന്‍
തുനിഞ്ഞത.്
കെണിയൊരുക്കുമ്പോഴും
ഉറങ്ങാന്‍ കിടന്നപ്പോഴും
പക്ഷേ ഞാനേകനായിരുന്നു.

പിറ്റേന്നു
ചത്തുമലച്ച എലിയെ
ആദ്യംകണ്ടത് ഉറുമ്പുകള്‍തന്നെയായിരുന്നു
ഞാനെഴുന്നേല്‍ക്കുമ്പോഴേക്കും
അവര്‍ വട്ടംകൂടിനിന്നു
കൊലപാതകത്തെക്കുറിച്ച്
ആവലാതിപ്പെടുകയും
ഇരയുടെ ദുഃഖത്തില്‍ പങ്കാളികളാകുകയും
ചെയ്തിരുന്നു.

കുടുംബക്കാര്‍ തിരിഞ്ഞുനോക്കാത്തതിനാല്‍
ഇരുചെവിയറിയുംമുന്നെ ഞാന്‍
ശവസംസ്‌കാരംനടത്തി.
അപ്പോള്‍
ഉറുമ്പുകള്‍ എലിയുടെ നല്ലമനസ്സിനെ
പുകഴ്ത്തുകയായിരുന്നു
അവന്‍ നല്‍കിയ
ശര്‍ക്കരയെക്കുറിച്ചു
വാതോരാതെ മൊഴിയുകയായിരുന്നു.

ഉറുമ്പൊരു സമൂഹജീവിയായതിനാല്‍
പിരിഞ്ഞുപോകാന്‍ മടിച്ച്
അവിടവിടെ വട്ടം കൂടിയിരിപ്പുണ്ടായിരുന്നു,
ആ പുലര്‍കാലത്തും.