
പാകിസ്ഥാന് യുഎസ് എഎെഎം 120 അഡ്വാൻസ്ഡ് മധ്യദൂര എയർ ടു എയർ മിസൈലുകൾ നല്‍കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. പാകിസ്ഥാനും യുഎസും തമ്മിലുള്ള ധാതു കൈമാറ്റ കരാറിനു ശേഷം അമേരിക്കയുടെ ആയുധ കരാറിൽ എഎെഎം 120 മിസൈലുകൾ വാങ്ങുന്നവരുടെ പട്ടികയിൽ പാകിസ്ഥാനും ഉള്‍പ്പെടുന്നു. കരാറിന്റെ ആകെ മൂല്യം 251 കോടി യുഎസ് ഡോളറാണ്. 2030 മേയ് അവസാനത്തോടെ ഓർഡർ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുകെ, പോളണ്ട്, പാകിസ്ഥാൻ, ജർമ്മനി, ഫിൻലാൻഡ്, ഓസ്‌ട്രേലിയ, റൊമാനിയ, ഖത്തർ, ഒമാൻ, കൊറിയ, ഗ്രീസ്, സ്വിറ്റ്‌സർലാൻഡ്, പോർച്ചുഗൽ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിദേശ സൈനിക ഉപകരണ വില്പനയ്ക്ക് യുഎസ് അംഗീകാരം നല്‍കിയിട്ടുണ്ട്.
പുതിയ മിസൈലുകൾ പാകിസ്ഥാന് എത്ര എണ്ണം ലഭിക്കുമെന്നത് വ്യക്തമായിട്ടില്ല. പാകിസ്ഥാൻ വ്യോമസേനയുടെ എഫ് 16 യുദ്ധവിമാനവുമായി മാത്രമേ മിസൈല്‍ പൊരുത്തപ്പെടുന്നുള്ളൂ. പാകിസ്ഥാൻ ദിനപത്രമായ ദി എക്സ്പ്രസ് ട്രിബ്യൂണിന്റെ റിപ്പോർട്ട് പ്രകാരം, 2019 ഫെബ്രുവരിയിൽ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പറത്തിയ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വെടിവയ്ക്കാൻ ഈ മിസൈൽ ഉപയോഗിച്ചിരുന്നു.
എഎെഎം 120 ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ കോംബാറ്റ് ആയുധങ്ങളിൽ ഒന്നാണ്. റഡാർ ലോക്ക് ഇല്ലാതെ ദീർഘദൂരത്തേക്ക് പ്രയോഗിക്കാന്‍ മിസൈലിന് ശേഷിയുണ്ട്. പാകിസ്ഥാൻ വ്യോമസേനാ മേധാവി സഹീർ അഹമ്മദ് ബാബറിന്റെ ജൂലൈയിലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സന്ദർശനത്തെ തുടർന്നാണ് പുതിയ കരാര്‍.
മേയ് മാസത്തിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള നാല് ദിവസത്തെ സൈനിക സംഘർഷത്തിനുശേഷം യുഎസും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. ഇന്ത്യ‑പാക് വെടിനിർത്തൽ ഏർപ്പെടുത്തിയതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പാകിസ്ഥാൻ പ്രശംസിക്കുകയും സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പേര് നിർദേശിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.