ഇന്ത്യക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ യുഎസിന്‍റെ അനുമതി

Web Desk

സിംഗപ്പൂര്‍

Posted on November 03, 2018, 1:00 pm

ഇറാനെതിരെയുള്ള ഉപരോധം തുടര്‍ന്നാലും ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ അമേരിക്ക അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് തുടര്‍ന്നും ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ അമേരിക്കയുടെ അനുമതി.

അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബര്‍ഗാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാനെതിരെയുള്ള അമേരിക്കയുടെ കടുത്ത ഉപരോധം നിലവില്‍ വരാനിരിക്കെയാണ് ഇന്ത്യക്ക് ആശ്വാസമാകുന്ന നടപടി. തിങ്കളാഴ്ച്ച ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കന്‍ ഉപരോധം വന്നാലും ഇറാനില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തിവെക്കില്ലെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഒപ്പം ഈ മാസം മുതല്‍ കൂടുതല്‍ അളവില്‍ എണ്ണ വേണമെന്ന് ഇന്ത്യന്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ സൗദിയോടും ആവശ്യപ്പെട്ടിരുന്നു.
നവംബര്‍ അഞ്ചു മുതലാണ് ഇറാന് മേലുള്ള അമേരിക്കയുടെ ഉപരോധം നിലവില്‍ വരിക.

ഇതിനിടെ അമേരിക്കന്‍ സര്‍ക്കാരുമായി ഈ വിഷയത്തില്‍ തങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്ന് ഒരു ചൈനീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.